തിരുവനന്തപുരം : യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിന് മുന്‍കൂര്‍ ജാമ്യം. കര്‍ശ്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതി പരാതി നല്‍കിയതിന് പിന്നാലെ എല്‍ദോസ് ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വന്നശേഷം നടപടി കടുപ്പിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യാപേക്ഷയ്‌ക്കെതിരെ വധശ്രമം ഉള്‍പ്പടെ പുതിയതായി ചുമത്തിയ വകുപ്പുകളുടെ വിശദ വിവരം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചെങ്കിലും കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
സംസ്ഥാനം വിടരുത്, ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം. ഈ മാസം 22നും അടുത്ത മാസം 1നും ഉള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം, സമൂഹ മാധ്യമങ്ങളിലുടെ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകള്‍ പങ്കുവെയ്ക്കരുത്. അഞ്ച് ലക്ഷം രൂപ, അല്ലെങ്കില്‍ തതുല്യമായ രണ്ട് പേരുടെ ആള്‍ജാമ്യം എന്നിവ ഹാജരാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു എംഎല്‍എയുടെ നിലപാട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ യുവതിക്കെതിരെ നിരവധി ആരോപണങ്ങളാണ് എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. യുവതി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പിആര്‍ ഏജന്റ് എന്ന നിലയിലാണ് യുവതിയുമായി താന്‍ പരിചയപ്പെട്ടതെന്നുമാണ് എല്‍ദോസ് കോടതിയില്‍ അറിയിച്ചത്. അതേസമയം എംഎല്‍എയ്‌ക്ക് ജാമ്യം ലഭിച്ചതില്‍ സങ്കടമുണ്ട്. താന്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി പ്രതികരിച്ചു. പെരുമ്പാവൂരില്‍ കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: