കൊല്ലം ജില്ലയില്‍ കൊട്ടിയം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തഴുത്തലയില്‍ അമ്മയേയും കൊച്ചുമകനേയും വീട്ടില്‍ നിന്നും പുറത്താക്കി. മണിക്കൂറുകളോളം റോഡിലും ഒടുവില്‍ വീടിന്റെ സിറ്റൗട്ടിലുമായി കഴിച്ചുകൂട്ടി. സ്ത്രീധനം കുറഞ്ഞുപോയി എന്നതിന്റെ പേരിലുള്ള പീഡനത്തിന്റെ തുടര്‍ച്ച. പോലീസിനെ അറിയിച്ചെങ്കിലും ‘തങ്ങള്‍ മാവിലായിക്കാ’രാണെന്ന ഭാവത്തിലായിരുന്നു അവര്‍. ഭര്‍ത്താവ് സ്ഥലത്തില്ല. അമ്മായിയമ്മക്കാണത്രെ കലിപ്പ്. കാറുവേണം. തന്ന തുക പോര എന്ന വാശിയിലാണിവര്‍. മൂത്ത മരുമകള്‍ക്കും ഇതേ അനുഭവമാണ്. അവരിപ്പോള്‍ സ്വന്തം വീട്ടിലാണ് താമസം. പോലീസ് കമ്മീഷണറേയും വനിതാ സെല്ലിലേക്കും ചില്‍ഡ്രന്‍സ് സെല്ലിലേക്കും വിളിച്ചു. ഫലം നാസ്തിയെന്നുമനുഭവം.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചിലപ്പോള്‍ പ്രതികളില്‍ മാറ്റം മറിച്ചലുകള്‍ കണ്ടേക്കാം. ചേര്‍ത്തലയില്‍ ഹെനയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് അപ്പുക്കുട്ടനാണ്. തല ഭിത്തിയില്‍ ഇടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഹെനയെ കുളിമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുളിമുറിയില്‍ കുഴഞ്ഞുവീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ മുറിവുകള്‍ കണ്ട് ഡോക്ടര്‍മാര്‍ സംശയങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴക്കിന് ശേഷം വീട്ടില്‍പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. 2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്തുലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിന് തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ മര്‍ദ്ദിച്ചതെന്നാണ് വിസ്മയയുടെ കുടുംബം ആരോപിക്കുന്നത്.
യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായത് ചടയമംഗലത്താണ്. ചടയമംഗലം അക്കോണം സ്വദേശി ഹരി എസ്. കൃഷ്ണനാണ് (കിഷോര്‍) അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ചടയമംഗലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂര്‍ പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള (24) യാണ് സെപ്തംബര്‍ 20ന് ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. അതില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായുണ്ട്. വീട്ടുകാരോട് പല തവണ കൂടുതല്‍ പണം ചോദിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി നിരന്തരം ഫോണില്‍ കൂടി വഴക്കുണ്ടായി. രണ്ടുദിവസത്തിനുമുന്നേ ഭര്‍ത്താവ് തന്റെ ഫോണ്‍ ബ്ലോക്ക് ചെയ്തതായും ഭര്‍ത്താവ് വരുന്ന ദിവസം കാട്ടിത്തരാമെന്ന് ഭീഷണിപ്പെടുത്തിയതായും ലക്ഷ്മിപിള്ളയുടെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
മകളുടെ ഒമ്പത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പണയം വെച്ചതായും കൂടുതല്‍ പണം ആവശ്യപ്പെട്ട് മകളെ പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സ്ത്രീപീഡനങ്ങളും സ്ത്രീധനപീഡനങ്ങളും കേരളത്തില്‍ സുലഭമാണ്. ഈ ആഗസ്ത് വരെ മാത്രം കേരളത്തില്‍ 12373 അക്രമങ്ങളുണ്ടായി. ഭര്‍തൃവീട്ടുകാരുടെ അക്രമങ്ങളും അതിക്രമങ്ങളും 3436 ആണെങ്കില്‍ സ്ത്രീധന മരണം പത്ത് കടന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ഉപദ്രവം 3443. ബലാല്‍സംഗമാകട്ടെ 1623 ആയി. കഴിഞ്ഞവര്‍ഷം ഇത് 2339 ആയിരുന്നു. ഇതൊക്കെയാണെങ്കിലും പ്രധാനവിഷയം മറ്റൊന്നാണ്. നാട്ടില്‍ പെണ്ണിനു വേണ്ടിയുള്ള അന്വേഷണമാണ്. പെണ്ണുണ്ടോ കെട്ടാനെന്നതാണ് പ്രശ്‌നം.
ഗ്രാമങ്ങളിലും നഗരങ്ങളിലും കടുത്ത പ്രതിസന്ധിയാണ്. കെട്ടാനിറങ്ങിയാല്‍ പെണ്ണുകിട്ടാനില്ല. ജനസംഖ്യാനുപാതം നോക്കിയാല്‍ പുരുഷനെക്കാള്‍ കൂടുതലുണ്ട് സ്ത്രീകള്‍. എന്നിട്ടും വധുവിന്റെ ക്ഷാമം വലുതാണ്. അടുത്തിടെ എന്റെ ഒരു സുഹൃത്ത് ചോദിച്ച ചോദ്യമാണിത്. ‘പെണ്ണുണ്ടോ കെട്ടാനാണേ’എന്ന്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് പാര്‍ട്ടി ഗ്രാമമാണ്. അവിടെ ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 50 ചെറുപ്പക്കാരെങ്കിലും പെണ്ണുകിട്ടാതെ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്നു. സ്ത്രീധനം വേണ്ട. മറ്റ് ഏടാകൂടങ്ങളൊന്നും വേണ്ട. എന്നിട്ടും പെണ്ണിനെ തേടി അലയുകയാണ്. അയല്‍നാടുകളില്‍, ജില്ലകളില്‍, സംസ്ഥാനം വിട്ടും അന്വേഷണം. പെണ്ണുണ്ടോ കെട്ടാന്‍. കളിയല്ല കല്യാണം എന്നു ബോധ്യപ്പെടുത്തുകയാണ് ഈ അന്വേഷണം. വിവാഹം സ്വര്‍ഗത്തിലാണെന്നും ഇന്നാര്‍ക്ക് ഇന്നാരെന്ന് എഴുതിവച്ചല്ലോ ദൈവം എന്നൊക്കെ പറയുന്നത് വെറുതെ എന്ന തോന്നലാണുളവാക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളിലെ പതിവ് ഇവിടെ പറ്റില്ലല്ലൊ. ഇഷ്ടമുള്ള പങ്കാളിയോടൊപ്പം ഇഷ്ടമുള്ള കാലത്തോളം ഒരുമിച്ച് താമസം. മതി എന്നു തോന്നുമ്പോള്‍ വേര്‍പിരിയല്‍. വിവാഹം നിയമപരമായ ഒരു ബന്ധമാണ്. ഇത് പങ്കാളിയുടേയും കുട്ടികളുടെയും സ്വകാര്യസ്വത്തിനും അവകാശങ്ങള്‍ക്കും നിയമം അനുശാസിക്കുന്ന രീതിയില്‍ സംരക്ഷണം നല്‍കുന്നു. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും മതത്തിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും കുട്ടികള്‍ക്ക് ജന്മം കൊടുക്കാനും അനുവാദം കൊടുക്കുന്ന ഒരു പരമ്പരാഗത ചടങ്ങ്. ഇന്ത്യയില്‍ വിവിധ മതക്കാര്‍ക്ക് വ്യത്യസ്ത ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ജാതി, മതം, സാമ്പത്തികം, തൊഴില്‍, നിറം എന്നിവ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും ഒരു പ്രധാന ഘടകം ആകാറുണ്ട്. ജാതിമത ആചാരങ്ങള്‍ ഒന്നുമില്ലാതെ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇന്ത്യയില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം ചെയ്യാവുന്നതാണ്.
കല്യാണത്തിന് തടസ്സം നില്‍ക്കുന്ന ഘടകങ്ങള്‍ പലതാണ്. സര്‍ക്കാര്‍ ജോലിക്കാര്‍ തന്നെ വേണമെന്ന നിബന്ധന. വരന്റെ അപ്പന്റെ, അപ്പൂപ്പന്റെ സ്റ്റാറ്റസ്, പത്തില്‍ പത്ത് പൊരുത്തം എന്നിവയൊക്കെ പതിവ് തടസ്സങ്ങളാണ്. ഇതൊന്നും കാര്യമാക്കാതെ കല്യാണം നടത്താന്‍ പുരുഷന്‍ തയ്യാറായാലും സ്ത്രീകളുടെ സമ്മതം പ്രധാനമാണല്ലോ. ജ്യോത്സ്യന്മാരെ കുറ്റപ്പെടുത്താനും വക കണ്ടെത്തുന്നു. നാട്ടിലെ വിവാഹം മുടക്കികളാണിവരെന്ന ഫ്‌ളക്‌സ് വരുന്നത് അതുകൊണ്ടാണല്ലോ. എന്നാലും ഉയരുന്ന ചോദ്യമിതാണ്, പെണ്ണുണ്ടോ കെട്ടാനാണെന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: