ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ ടൂറിസം സാധ്യകള്‍ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന പടിയൂര്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവ്യത്തി ഉദ്ഘാടനം ഒക്ടോബര്‍ രണ്ടാംവാരം നടക്കും. പടിയൂര്‍, കുയിലൂര്‍, നിടിയോടി, പൂവ്വം മേഖല ഉള്‍പ്പെടുന്ന പദ്ധതിപ്രദേശങ്ങളെ കൂട്ടിയിണക്കിയാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന 5.50 കോടിയുടെ പ്രവ്യത്തി ടെണ്ടര്‍ ചെയ്തു. ജലസേചന വകുപ്പിന്റെ അധീതയിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് പ്രവ്യത്തി ടെണ്ടര്‍ ചെയ്തത്. ഇരു വകുപ്പുകളും തമ്മിലുള്ള ധാരണാപത്രവും ഉടന്‍ ഒപ്പുവെക്കും.
ആദ്യഘട്ട പ്രവ്യത്തി ഒന്നരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയ കെ.കെ. ശൈലജ എംഎല്‍എ പറഞ്ഞു. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടം, പാര്‍ക്കുകള്‍, പദ്ധതി പ്രദേശത്തെ തുരുത്തുകള്‍ ബന്ധിപ്പിച്ചുള്ള പാലങ്ങള്‍, ബോട്ട് സര്‍വ്വീസ്, എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്. പടിയൂര്‍ ടൗണില്‍ നിന്നും പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ആദ്യ ഘട്ടത്തില്‍ നവീകരിക്കും. ഒന്നാംഘട്ട പ്രവ്യത്തി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് രണ്ടാം ഘട്ട പ്രവ്യത്തിക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറും.
രണ്ട് വര്‍ഷത്തെ പഠനത്തിനും വിദഗ്ധ അഭിപ്രായത്തിനും ശേഷം സി. രമേശന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് പദ്ധതി വിശദമായി പരിശോധിച്ചതിനുശേഷമാണ് അനുകൂലമായ നടപടിയുണ്ടായിരിക്കുന്നത്. പഴശ്ശി പദ്ധതിപ്രദേശത്തെ പാര്‍ക്ക് അകംതുരുത്ത് ദ്വീപ്, പെരുവം പറമ്പ് ഇക്കോ പാര്‍ക്ക്, വള്ള്യാട് സഞ്ജീവിനി ഇക്കോ പാര്‍ക്ക് എന്നിവയേയും കൂട്ടിയിണക്കിയുള്ള പദ്ധതികളും ഇതോടൊപ്പം പൂര്‍ത്തിയാക്കും.
എംഎല്‍എയ്‌ക്ക് പുറമെ ടൂറിസം ഡയരക്ടര്‍ ഷൈന്‍, പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ഡി സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍, ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. സിയാദ്, ആര്‍ക്കിടെക്ച്ചര്‍ സി. രമേശന്‍, പി. ഷിനോജ്, ജംഷീര്‍ എന്നിവരും പദ്ധതിപ്രദേശത്ത് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: