തുമ്പി തുമ്പപ്പൂക്കളോട്
തുളുമ്പുന്ന ആദിമഭാഷയില്,
കത്തിയാളുന്ന കരളിന്നറകളില്
കനിവുകള്‍
തണുത്തുറഞ്ഞു കവന കൗതുകം തേടുകയാണ്.
ജലനൂല്‍ തരംഗങ്ങളായ് ആകാശവും കടലും വിലാപങ്ങളുടെ
താഴ്വാരങ്ങളില് കൈമാറിടുന്നു അഴലിന്നീരടികള്.
ഭ്രമണപഥങ്ങളില്‍ തെന്നിമാറി ഏകാന്തതയുടെ മരത്തോലണിഞ്ഞു
അതിപുരാതന ശിലകളില്‍ കൊത്തിയ സൗന്ദര്യ
തന്ത്രങ്ങളൊക്കെയും ആത്മാവിലാവഹിക്കുന്ന നക്ഷത്ര കണ്ണുകള്‍.
മൂന്നാം മിഴിയില്‍ ബഹുമുഖതയുടെ കനലാട്ടങ്ങള്‍.
സുകൃത സഞ്ചയങ്ങള് മുത്തമിട്ട വലംകയ്യിലമര്ന്ന അഗ്നി രേഖകളില്‍
രൗദ്ര താളം.
ജ്ഞാന ശംഖൊലിയെ പ്രണയിക്കുന്നു
ഉന്മാദ വികാരങ്ങളുടെ ഇലത്താളങ്ങള്‍.
രജത്വങ്ങളുടെ പ്രചണ്ഡ ഘോഷങ്ങള്‍ക്ക് മീതെയായ്, മൗനത്തില്‍
നിന്നുയര്‍ന്ന അമൃതാക്ഷരികള്, ആനന്ദനടനത്തിനായി ചിലങ്കകളണിഞ്ഞു.
ആമ്പല്‍ വിരലുകള്‍ തൊട്ടുണര്‍ത്തിയ സൂര്യന് ഓരോ പുണരലിലും നിറയ്ക്കുന്നു ഞരമ്പുകളില്‍ പച്ച.
നിഗൂഢ കാമനകളുടെ വന്യസ്ഥലികളെ താണ്ടി പരിപൂര്‍ണതയുടെ
ഉച്ചകോടിയിലേക്ക് വിചാരങ്ങള്‍ മിനുക്കി പറന്നുയരുന്നു നിശ്വാസങ്ങള്‍.
ഞാനെന്ന സത്യം തേടുന്നു എന്നിലുണര്‍ന്ന നിന്നെ യുഗ യുഗാന്തരങ്ങളായ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: