Categories: Kerala

അജ്ഞാത വസ്തു വിഴുങ്ങി ഒരു വയസ്സുകാരന്‍ മരിച്ച നിലയില്‍; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

സ്‌കാനിങ്ങിന് വിധേയയാക്കിയപ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന്‍ ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

Published by

ഓച്ചിറ : ഒരുവയസ്സുകാരന്‍ അജ്ഞാത വസ്തു വിഴുങ്ങി മരിച്ച നിലയില്‍. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകന്‍ സരോവറാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് കുട്ടി അസ്വസ്ഥത കാണിച്ചത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

സ്‌കാനിങ്ങിന് വിധേയയാക്കിയപ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന്‍ ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിസര്‍ജ്യത്തിലൂടെ പോകുമെന്ന ഉപദേശം ലഭിച്ചതോടെ കുട്ടിയെ പ്രാഥമിക ചികിത്സയ്‌ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ വ്യാഴാഴ്ച രാവിലെ കുട്ടി കൂടുതല്‍ അസ്വസ്ഥത കാണിച്ചതോടെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

അതേസമയം കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് വിലയിരുത്തല്‍. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷിന്റോ കണ്ണൂര്‍ എഴിമല നാവിക അക്കാദമിയിലെ ജീവനക്കാരനാണ്. കായംകുളം കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയാണ് ലക്ഷ്മി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by