അയോധ്യാ പര്യവേഷണ സമയത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബി.ബി.ലാല്‍ നേതൃത്വം നല്കിയ സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമായിട്ടാണ് കരുതുന്നത്. രാമായണവുമായി ബന്ധപ്പെട്ട അയോദ്ധ്യ, ഭരദ്വാജ ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ ഉദ്ഖനനം നടത്തുന്ന ”ആര്‍ക്കിയോളജി ഓഫ് രാമായണ സൈറ്റ്സ്” എന്ന പേരിലുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അത്. ഉദ്ഖനനം എന്താണ് എങ്ങനെയാണ് എങ്ങനെ വേണം എന്നൊക്കെ വ്യക്തമായ രൂപരേഖയും മാര്‍ഗ്ഗദര്‍ശനവും അദ്ദേഹം നല്‍കുമായിരുന്നു. പര്യവേഷണത്തിനു മുന്‍പ് നടത്തേണ്ട പഠനങ്ങളെക്കുറിച്ചും വ്യക്തമായി വിശദീകരിച്ചു തരുമായിരുന്നു. ഓരോരോ സൈറ്റിലും നേരിട്ടെത്തി പരിശോധന നടത്തും. അദ്ദേഹം പറഞ്ഞ പലകാര്യങ്ങളും എനിക്ക് ഭാവിയിലേക്കുള്ള വഴിവിളക്കുകളായിരുന്നു. ഒപ്പം നിന്ന് പറഞ്ഞുതരുന്ന പാഠങ്ങളായിരുന്നു അവ.
ഒരിക്കല്‍ ഒരു സൈറ്റില്‍ എത്തി അദ്ദേഹം പറഞ്ഞു, നിങ്ങള്‍ കാണുന്ന കല്ലും മണ്ണും വെറും കല്ലും മണ്ണുമല്ല; അത് ഒരു സമുദായത്തിന്റെ, ഒരു സമൂഹത്തിന്റെ, ഒരു സംസ്ക്കാരത്തിന്റെ ചരിത്രമാണ്. കല്ലിന്റെ രൂപത്തിലും ഭാവത്തിലും നമ്മള് സമുദായത്തേയും സമൂഹത്തേയും സംസ്ക്കാരത്തേയും പഠിക്കണം. മനുഷ്യന്റെ ചോരയും നീരും ഉറങ്ങിക്കിടക്കുന്ന മണ്ണാണിത് എന്നത് മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടത്.
പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടറെപോലെയായിരിക്കണം പുരാവസ്തു ഗവേഷകന് എന്നും അദ്ദേഹം പറയുമായിരുന്നു. ഹൃദസ്തംഭനം മൂലമാണോ ആക്രമിക്കപ്പെട്ടാണോ വെടിയേറ്റാണോ മരിച്ചത് എന്നത് നിര്‍ണ്ണയിക്കുക മാത്രമാണ് ഡോക്ടര്‍ ചെയ്യുന്നത്. അത് സത്യസന്ധമായി ചെയ്യണം. പുരാവസ്തു ഗവേഷകനും വികാരങ്ങളും വിചാരങ്ങളും ഒക്കെയുണ്ടാകും. മതത്തിന്റെയും രാജ്യത്തിന്റെയും ഭാഗമായതിനാല്‍ അതിനനുസരിച്ച വികാരങ്ങളും വിചാരങ്ങളും എല്ലാവര്ക്കും ഉണ്ടാകും. എന്നാല്‍ പുരാവസ്തു ഗവേഷകന് അതില്‍നിന്നു മാറിനില്‍ക്കണം. മുന്നില്‍ തെളിവായി കിട്ടിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സത്യം സത്യമായി പറയണം എന്നതായിരുന്നു നിലപാട്.
ഉപദേശിക്കുക മാത്രമല്ല അതു പാലിക്കുകയയും ചെയ്തതിനാല്‍ ചിലര്‍ക്ക് അദ്ദേഹത്തോട് ഇഷ്ടക്കേടു തോന്നിയിട്ടുണ്ട്. ഇടതുപക്ഷ ചരിത്രകാരന്മാര് മാത്രമല്ല ചില തീവ്ര ഹിന്ദു വാദികള്‍ക്കും ലാലിന്റെ നിലപാടുകള്‍ അസ്വീകാര്യമായിട്ടുണ്ട്. എങ്കിലും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. 1976ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചതും അന്നത്തെ വകുപ്പുമന്ത്രിയോടുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്.
അയോധ്യയുടെ കാര്യത്തിലും ബി.ബി.ലാലിന്റെ നേതൃത്വത്തിലുളള കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായിരുന്നു. കെട്ടിടത്തിനേക്കാള്‍ വലിയ ഒരു കെട്ടിടത്തിന്റെ ഭാഗമായിരുന്നു എന്നു കരുതാവുന്ന തൂണുകളുടെ അസ്ഥിവാരങ്ങളുടെ നിരകള്‍ അയോദ്ധ്യയില്‍ കണ്ടെത്തി. പള്ളിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ പുരാവസ്തു ഗവേഷണത്തിലൂടെ കണ്ടെത്തിയ ഇഷ്ടികത്തൂണുകളുടെ കരിഞ്ഞ അടിത്തറകള്‍ 11-ാം നൂറ്റാണ്ടു മുതല്‍ ഒരു വലിയ ക്ഷേത്രം നിലനിന്നതായി സൂചിപ്പിക്കുന്നുവെന്ന് പ്രൊഫ. ലാല്‍ രേഖപ്പെടുത്തി. പള്ളിയുടെ തെക്ക് ഭാഗത്ത് 4 മീറ്റര്‍ ദൂരെയുള്ള ഒരു കിടങ്ങില്‍ ഇഷ്ടികയുടെയും കല്ലിന്റെയും തൂണുകളുടെ അടിത്തറകളുടെ സമാന്തര നിരകള്‍ കാണപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ”ബാബറികെട്ടിടത്തിന്റെ സ്തംഭങ്ങളോടു ചേര്‍ന്ന്, ഹിന്ദു ശൈലിയിലുള്ള കൊത്തുപണികളും ശില്പവേലകളും മാത്രമല്ല ഹിന്ദു ദേവതകളുടെ ചിത്രങ്ങളും ഉള്ള പന്ത്രണ്ട് കല്‍ത്തൂണുകളുണ്ട്. ഈ തൂണുകള്‍ പള്ളിയുടെ അവിഭാജ്യ ഭാഗമല്ലെന്ന കാര്യം ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.” എന്ന് ‘രാമ: ഹിസ് ഹിസ്റ്റോറിസിറ്റി മന്ദിര്‍ ആന്റ് സേതു’ എന്ന ഗ്രന്ഥത്തില്‍ ബി.ബി.ലാല്‍ വ്യക്തമാക്കുകയും ചെയ്തു.
എനിക്ക് എല്ലാ അര്‍ത്ഥത്തിലും വഴികാട്ടിയായ മഹാഗുരുവാണ് അദ്ദേഹം. ചമ്പല്‍കാടുകളില്‍ പര്യവേഷണം നടത്തി അവിടുത്തെ 80 ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് പ്രോഫ ലാലിനു നല്കിയപ്പോള് അഭിനന്ദിക്കുക മാത്രമല്ല, എന്റേത് മഹത്തായ പ്രവര്‍ത്തിയാണെന്നും അതിനുസരിച്ച അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ വകുപ്പ് മന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
കേരളത്തേയും മലയാളികളേയും ഇഷ്ടപ്പെട്ട പ്രോഫ. ലാലിന് ചെറിയൊരു കേരള ബന്ധം കൂടിയുണ്ട്. ചെറുമകള്‍ അഞ്ജലിയുടെ ഭര്‍ത്താവ് ശിവശേഖരന്‍ നായര്‍ കൊച്ചി സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: