ഓണം കേരളീയരുടെ ദേശീയോത്സവമാണ്. അത് കേരളീയതയ്‌ക്കൊപ്പം ദേശീയതയെക്കൂടെ അടയാളപ്പെടുത്തുന്നു. സമൃദ്ധിയുടെ ആഘോഷമാണ് ഓണം. കാര്‍ഷിക കാലഘട്ടത്തില്‍ അത് കാര്‍ഷിക സമൃദ്ധിയുടെ ആഘോഷമായിരുന്നുവെങ്കില്‍ ആ സംസ്‌കൃതി അന്യംനിന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റുപല സമൃദ്ധികളുടെയും ആഘോഷമാണ്. കാലവും കാഴ്ചപ്പാടുകളും മാറുമ്പോഴും പുതിയ മാറ്റങ്ങളെ പഴയ മിത്തുകളുമായി സംയോജിപ്പിച്ച് അവതരിപ്പിക്കാനും ഓണക്കാഴ്ചയൊരുക്കാനും സാധിക്കുന്നുവെന്നതാണ് നമ്മുടെ ഓണസമൃദ്ധിയുടെ നട്ടെല്ല്. മാവേലി നാടെന്ന ഒരുമയുടെ സങ്കല്പവും കള്ളവും ചതിയുമില്ലാത്ത സത്യസന്ധതയുടെ കാലവും നല്ലവനായൊരു ചക്രവര്‍ത്തിയുടെ പാതാളപ്രവേശത്തിന്റെ ത്യാഗസ്മരണയുമൊക്കെ നമ്മള്‍ പുതിയ കാലത്തെ മാറ്റങ്ങളുമായി ചേര്‍ത്തുനിര്‍ത്തുകയാണ്. നന്മ മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഓണത്തില്‍ നിന്നും സമൃദ്ധി മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഓണത്തിലേക്ക് സങ്കല്പം മാറുമ്പോള്‍ മൂല്യങ്ങളില്‍ ച്യുതിയുണ്ടായിട്ടുണ്ടോയെന്ന് സ്വാഭാവികമായും സംശയം തോന്നാമെങ്കിലും പുതിയകാലഘട്ടത്തിന്റെ ശരിയുമായി ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അതില്‍ എള്ളോളം പതിരില്ലെന്ന് പറയാം.
കേരളം ലോകത്തിന് മുഴുവന്‍ പ്രിയങ്കരമായിരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിളഞ്ഞിരുന്ന നാടായിരുന്നു ഒരുകാലത്ത്. കച്ചവടക്കാലമെന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന മധ്യകാലഘട്ടത്തിലും ആധുനികതയുടെ തുടക്കത്തിലും അറബികള്‍ക്കും യൂറോപ്യന്‍മാര്‍ക്കും കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ പ്രിയതരമായിരുന്നതുകൊണ്ടാണ് ഏഴ് ഭൂഖണ്ഡങ്ങളില്‍ വെച്ച് ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങള്‍ വിളയുന്നത് ഇവിടെയാണെന്ന് മാര്‍ക്കോ പോളോയെ പോലെയുള്ള സഞ്ചാരികള്‍ രേഖപ്പെടുത്തിയത്. അത്തരം ലിഖിതങ്ങള്‍ മാലോകരെ മുഴുവന്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുകയും അത് പിന്നീടുവന്ന കൊളോണിയല്‍ കാലഘട്ടത്തില്‍ അധിനിവേശത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് വഴിതെളിച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷെ സമ്പദ്‌സമൃദ്ധിയുള്ളിടത്തേ എന്ത് ത്യാഗവും സഹിച്ച് സാഹസികയാത്രനടത്തി ലോകരെത്തിച്ചേരുകയുള്ളൂവെന്നതും യാഥാര്‍ത്ഥ്യമാണല്ലോ. ആയൊരു സമ്പദ് സമൃദ്ധിയുടെ ഓര്‍മ്മകൂടിയാണ് നമുക്ക് ഓണം.
ഓണത്തിന്റെ മിത്തായി നമ്മുടെയെല്ലാമുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാബലി സങ്കല്പത്തിന് അവകാശികള്‍ നമ്മള്‍ മാത്രമല്ലെന്ന് ഭാരതത്തിന്റെ മറ്റുപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന മഹാബലി സങ്കല്‍പ്പങ്ങള്‍ സാക്ഷ്യമാണല്ലോ. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രനഗരമാണല്ലോ മഹാബലിപുരം. പഴയ പല്ലവരാജാക്കന്മാരുടെ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ക്ഷേത്രനഗരമായിരുന്നു അത്. പല്ലവരാജാവായിരുന്ന മാമല്ലനെയായിരുന്നു മഹാബലിയെന്ന് വിളിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. മൂന്ന് ലോകങ്ങളിലും ബൗദ്ധിക വിപ്ലവം നടത്തിയിരുന്ന ത്രിവിക്രമനെന്നൊരു ബ്രാഹ്മണ പണ്ഡിതനെ വാമനമൂര്‍ത്തിയായും അവിടെ സങ്കല്പിച്ചിരിക്കുന്നു. മധുര കേന്ദ്രമാക്കിക്കൊണ്ട് പാണ്ഡ്യരാജാക്കന്മാരുടെ കാലഘട്ടത്തില്‍ ഓണമാഘോഷിച്ചിരുന്നതിനും ചരിത്രസാക്ഷ്യമുണ്ട്. കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമായായിരുന്നു മധുരയിലെ ഓണം. ഉത്സവത്തില്‍ പങ്കുചേരുന്ന ജനങ്ങള്‍ക്ക് ഓണപ്പുടവ നല്‍കുന്ന സമ്പ്രദായവും പാണ്ഡ്യരാജാക്കന്മാര്‍ക്കുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും അസമിലും മേഘാലയയിലുമെല്ലാം മഹാബലി സങ്കല്പവും അതിനോടനുബന്ധിച്ച ആഘോഷങ്ങളുമുണ്ടെന്നതും ഇന്ന് സര്‍വസമ്മതമായൊരു യാഥാര്‍ത്ഥ്യമാണ്. ഓണം നമ്മുടെ കേരളീയരുടെതു മാത്രമല്ലെന്നതിന് ഈ കാര്യങ്ങള്‍ തെളിവാണെങ്കിലും മലയാളിയുടെ ഒരുമയുടെയും സത്യസന്ധതയുടെയും ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും മിത്തുകള്‍ ചേര്‍ന്നുള്ളൊരു ആഘോഷം ഇതേപേരില്‍ മറ്റെവിടെയുമിന്ന് ആഘോഷിക്കപ്പെടുന്നില്ലെന്നതുകൊണ്ട് നമുക്ക് നിസ്സംശയം പറയാം ഓണം നമ്മുടേതുതന്നെ.
ഓണത്തിന്റെ സമൃദ്ധിയുടെ സങ്കല്പം കാലത്തിനൊത്ത് മാറിവരുന്നുണ്ടെന്ന് പറഞ്ഞുവല്ലോ. കാര്‍ഷിക സംസ്‌കൃതിയില്‍ നിന്നും ഉപഭോഗ സംസ്‌കൃതിയിലേക്ക് മാറിക്കഴിഞ്ഞ കേരളീയ സമൂഹത്തില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ മാറിക്കഴിഞ്ഞു. സേവനദാതാക്കളായി ലോകമെങ്ങും നിറഞ്ഞുനില്‍ക്കുകയാണ് മലയാളി സമൂഹം. സേവനമേഖലയില്‍ നിന്നാണ് മറ്റേതുമേഖലയെക്കാളും മലയാളിയുടെ വരുമാനവും. ടൂറിസവും ആരോഗ്യരംഗവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും അവയില്‍ പ്രധാനമാണ്. ടൂറിസത്തിന്റെ ഭാഗമായി നടക്കുന്ന ഓണാഘോഷങ്ങളില്‍ സ്വാഭാവികമായും സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ആഘോഷ സ്വഭാവങ്ങള്‍ കടന്നുവരാം. വിപണനത്തിന്റെ വിവിധങ്ങളായ മുഖങ്ങളില്‍ ഓണത്തെ സമര്‍ഥമായി നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഓണസന്ദേശങ്ങളും ആഘോഷദൃശ്യങ്ങളും അതിന് തെളിവാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നവര്‍ എന്ന ലേബലില്‍ നിന്നും ലോകരെല്ലാരും തൊഴിലും വിഭവങ്ങളുമന്വേഷിച്ച് നമ്മെത്തേടിവരുന്ന ഒരു മാവേലിക്കാലത്തേക്ക് വൈകാതെ തിരിച്ചു പോകുമെന്ന് ഉറച്ചു വിശ്വസിക്കാം. പോയ്‌പ്പോയ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മയില്‍ അഭിരമിക്കുന്നതോടൊപ്പം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഒട്ടും നിരാശയിലാണ്ടുപോകാതെ മാറിയ കാലഘട്ടത്തിനനുസരിച്ചുള്ള സാമ്പത്തിക സാമൂഹിക സാംസ്‌കാരിക സമൃദ്ധിയും അതിനനുസരിച്ചുള്ള ഭേദഭാവങ്ങള്‍ക്കതീതമായ മാനസികമായ ദേശീയ ഐക്യവുമാകട്ടെ ഒരു ദേശീയാഘോഷം എന്ന നിലയില്‍ ഓണം എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: