സാങ്കേതിക വിദ്യയുടെ മേന്മ പറയുമ്പോള്‍ നമ്മുടെ എഴുത്തു ജീവികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. കുതിരക്ക് ജീനി കെട്ടിയ മട്ടില്‍ നേരെ ഒരു പോക്കാണ്. ഇരുവശത്തുമുള്ള ആവേശക്കാഴ്ചകളൊന്നും അവരുടെ കണ്ണില്‍പ്പെടില്ല. വാനംമുട്ടെ കുതിക്കുന്ന റോക്കറ്റുകളും ആവനാഴിയില്‍നിന്ന് അഗ്നിചിതറുന്ന മിസൈലുകളും കടലിലെ കോട്ടപോലെ ശൗര്യത്തോടെ കുതിക്കുന്ന വിമാനവാഹിനികളും ഒക്കെയാണ് അവര്‍ക്ക് സാങ്കേതിക പുരോഗതി കാര്‍ഷികരംഗത്തെ കുതിപ്പുകളോ നിര്‍മാണ രംഗത്തെ നേട്ടങ്ങളോ അവര്‍ കാണില്ല. അതുകൊണ്ടാവണം ആസാദിയുടെ അമൃത ഉത്സവവേളയില്‍ നാം കൈവരിച്ച ഒരു വലിയ എഞ്ചിനീയറിങ് നേട്ടം നമ്മുടെ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയാവാതെ പോയത്.
പറഞ്ഞുവരുന്നത് ജമ്മുകശ്മീരിലെ ചെനാബ് റെയില്‍ പാലത്തിന്റെ കാര്യമാണ്. ചെനാബ് നദിയില്‍ നിന്ന് 359മീറ്റര്‍ ഉയര്ന്നുനില്ക്കുന്ന ഈ ആകാശപ്പാലം ആഗസ്റ്റ് 13 നാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള കമാന റെയില്പാലമെന്നതാണ് ഇതിന്റെ ഖ്യാതി. ചരിത്രപ്രസിദ്ധമായ ഇഫല്‍ ഗോപുരത്തെക്കാളും 35 മീറ്റര്‍ ഉയരക്കൂടുതല്‍. ചൈനയിലെ ഗെയ്ഷു പ്രവിശ്യയിലുള്ള ബിപാന്‍ ജിയാങ് റെയില്‍പാലത്തിന്റെ 275 മീറ്റര്‍ എന്ന ഉയര റിക്കാര്‍ഡാണ് ചെനാബ് പാലം തകര്‍ത്തത്.
ഉദ്ധംപൂര്‍ വഴി ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിക്കുന്ന ഈ പാലത്തിന്റെ ചെലവ് 1486 കോടി രൂപയാണ്. 28660 ടണ്‍ ഉരുക്ക്. പണിക്ക് ആവശ്യമായി വന്നത് 66000 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ്. പാലത്തിന്റെ നീളം 1315 മീറ്റര്‍. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ എന്നും പറയാം. ഖത്ര-ബനിഹല്‍ റെയില്‍ സെക്ടറില്‍ 111 കിലോമീറ്റര്‍ ദൂരത്തിലുള്ള പാളത്തിലാണ് ഈ ആകാശപ്പാലത്തിന്റെ നിര്‍മിതി. ഉദ്ധംപൂര്‍-ബാരമുള്ള ഈ പാതയില്‍ ഏതാണ്ട് 119 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 38 തുരങ്കങ്ങളും പണിതീര്ന്നുവരുന്നുണ്ട്. അതിലൊന്ന് രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍ തുരങ്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റ്റി-49. അതിന്റെ ദൈര്‍ഘ്യം 12.75 കിലോമീറ്റര്‍.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത്, 2004 ല്‍ ആണ് ഇത്തരമൊരു പാലം പണി തുടങ്ങിയത്. ഇത്തരം പാലങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പാലം രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നതായിരുന്നു ആദ്യ വെല്ലുവിളി. ചെനാബ് മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിച്ചേക്കാവുന്ന കൊടുങ്കാറ്റായിരുന്നു മറ്റൊരു വെല്ലുവിളി. കൊടുംതണുപ്പ് മറ്റൊരു പ്രശ്നം. പണി ഏറെ നാള് മുടങ്ങി. പക്ഷേ മോദി സര്‍ക്കാരിന്റെ താല്‍പ്പര്യത്തില്‍ 2017 ല്‍ ആരംഭിച്ച മഹായത്നം 2022 ആഗസ്ത് 13 ന് വിജയകരമായി പൂര്‍ത്തീകരിച്ചു. ആര്‍ച്ചിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കുന്ന ആ നിമിഷത്തെ ‘ഗോള്‍ഡന്‍ ജോയിന്റ്’ എന്ന പേര് വിളിച്ചാണ് സാങ്കേതിക വിദഗ്ദ്ധരും തൊഴിലാളികളും ആഘോഷിച്ചത്. 467 മീറ്റര്‍ നീളമുള്ള ഈ റെയില്‍ കമാനത്തിന് തന്നെ 16000 ടണ്‍ ഭാരം വരും.
പ്രതിരോധവകുപ്പിന്റെ ഡി.ആര്.ഡി.ഓ. റൂര്‍ക്കി ഐഐടി, ദല്‍ഹി ഐഐടി, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിങ്ങനെ അനവധി ഏജന്‍സികളുടെ സഹകരണമാണ് ഈ എഞ്ചിനീയറിങ് അത്ഭുതം സാധ്യമാക്കിത്തീര്ത്ത്. അഫ്കോണ്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 300 എഞ്ചിനീയര്‍മാരും 1300 തൊഴിലാളികളും അതിനായി അവിരാമം പണിയെടുത്തു.
ഭൂകമ്പമാപിനി (റിച്ചര്‍ സ്കെയില്‍)യില്‍ എട്ട് വരെ തീവ്രത കാണിക്കുന്ന ഭൂകമ്പങ്ങളെ പ്രതിരോധിക്കാനുള്ള കഴിവാണ് ഈ പാലത്തിന്റെ എടുത്തുപറയേയണ്ട ഒരു പ്രത്യേകത. തീവ്രസ്ഫോടനങ്ങളെപ്പോലും അതിജീവിക്കാനും ചെനാബ് പാലത്തിന് കരുത്തുണ്ട്. മൈനസ് 40 ഡിഗ്രിവരെയുള്ള അതിശൈത്യത്തിനും ഈ പാലത്തെ കുഴപ്പത്തിലാക്കാനാവില്ല. നൂറ് കിലോമീറ്റര്‍വരെ വേഗത്തില്‍ ഇതിലൂടെ തീവണ്ടികള്‍ക്ക് ഓടാനാവും. 2024 അവസാനത്തിലാവും വണ്ടികള്‍ ഓടിത്തുടങ്ങുക.
ഏത് കാലാവസ്ഥയെയും സഹിക്കാന്‍ കഴിയുന്ന രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനായി പാലത്തിന്റെ ഇരുപുറത്തും അത്യാധുനിക ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചെനാബ് കാറ്റിന്റെ വേഗത 90 കിലോമീറ്ററെത്തിയാല്‍ അവ തീവണ്ടിയെ പാലത്തില്‍ കയറുന്നതില്‍ നിന്ന് തടയും. അപകടം ഒഴിവാക്കും.
ആസാദിയുടെ അമൃതവര്‍ഷത്തിന്റെ ഈ അഭിമാനത്തിളക്കത്തിന് നമ്മുടെ പൗരന്മാര് വലിയ അംഗീകാരമാണ് നല്‍കിയത്. ‘ഗോള്‍ഡന്‍ ജോയിന്റ്’ മുഹൂര്‍ത്തം ഉള്‍ച്ചേര്‍ത്ത് റെയില്‍വേ നല്കിയ ‘ട്വീറ്റ്’ മണിക്കൂറുകള്‍ക്കകം കണ്ട് ‘ലൈക്ക്’ ചെയ്തത് ലക്ഷങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലിയില്‍ ഭാരതാംബയ്ക്ക് മഹത്തായ ‘കാഴ്ച’ സമര്‍പ്പിച്ച എഞ്ചിനീയറിങ് വിദഗ്ദ്ധര്‍ക്ക് നമോവാകം അര്‍പ്പിക്കുക.
ബാബാ വിജയനാഥിന്റെ ത്യാഗം
പ്രകൃതിയെ ദൈവതുല്യം ആരാധിക്കുന്നതാണ് നമ്മുടെ സംന്യാസി പാരമ്പര്യം. പ്രകൃതിയുടെ വിശുദ്ധി സംരക്ഷിക്കുന്നതിനായി ആത്മത്യാഗത്തിനു പോലും തയ്യാറായിരുന്നു ആ പാരമ്പര്യം. അത്തരമൊരു സംഭവം 2022 ജൂലൈ 20 ന് രാജസ്ഥാനിലെ ഭരത്പൂരില്‍ നടന്നു. പതിവിന്‍പടി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിനുനേരെ കണ്ണടയ്ക്കുകയും ചെയ്തു.
ഭരത്പൂരിലെ പസോപ ഗ്രാമത്തിലായിരുന്നു ആ സംഭവം. കനകാഞ്ചല്-ആദി ബദരി കുന്നുകളിലെ ഖനനത്തിനെതിരെ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തിന്റെ 551-ാം ദിവസം സംന്യാസി ശ്രേഷ്ഠനായ ബാബാ വിജയ്നാഥ് തീകൊളുത്തി ആത്മത്യാഗം ചെയ്തു. 2009 ല്‍ ഭരത്പൂരിലെ ചില തഹസീലുകള്‍ സംരക്ഷിതവനമായി പ്രഖ്യാപിക്കുകയും അവിടെ ഖനനം നിരോധിക്കുകയും ചെയ്തതാണ്. എന്നാല്‍ കനകാഞ്ചല്-ആദി ബദരി മലനിരകള്‍ വിജ്ഞാപനത്തിനു പുറത്തായി. അതോടെ അധികൃതവും അനധികൃതവുമായ ഖനനം നടന്ന വ്രജ് കോശപരിക്രമയുടെ ഭാഗം കൂടിയായ ഈ വനസ്ഥലി വൈഷ്ണവര്‍ക്ക് ഏറെ പ്രധാനപ്പെട്ട സ്ഥലം കൂടിയാണ്. ബാബാ വിജയ്നാഥിന്റെ ആത്മത്യാഗത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പ്രകൃതി സംരക്ഷണത്തിനായി പോരാടാനുറച്ച് മുന്നോട്ടുപോവുകയാണ് സന്യാസി സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: