തിരുവനന്തപുരം: തന്റെ ഇതുവരെയുള്ള പുണ്യങ്ങള്‍ക്ക് പിന്നില്‍ മായിയമ്മ എന്ന സന്യാസിവര്യയെപ്പോലെ ജീവിച്ചിരുന്ന സ്ത്രീയുടെ അനുഗ്രഹമെന്ന് ഗായിക ചിത്ര. ഈയിടെ ഒരു മാസികയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രയുടെ ഈ വെളിപ്പെടുത്തല്‍.
“കന്യാകുമാരിയിലായിരുന്നു മായിയമ്മ എന്ന സ്ത്രീ ജീവിച്ചുപോന്നിരുന്നത്. എന്റെ അച്ഛന്റെ അമ്മ മായിയമ്മയുടെ ഒരു വലിയ ഭക്തയായിരുന്നു. ഞാന്‍ ചിത്തിര നക്ഷത്രവും അമ്മൂമ്മ ചോതിയും. ഇത് തലേന്നും പിറ്റേദിവസവും ആയിട്ട് വരുന്നത് കൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു ദിവസം അമ്മൂമ്മ മുണ്ടും ബ്ലൗസിന് തുണിയും രണ്ടാം മുണ്ടും ഭക്ഷണവുമൊക്കയായി മായിയമ്മയെ കാണാനായി പോകും. അപ്പോള്‍ എന്നെയും കൂടെ കൊണ്ടുപോകും.”- ചിത്ര പറയുന്നു.
കന്യാകുമാരി അമ്പലത്തില്‍പോയിട്ട് ഈ മായിയമ്മയെ അന്വേഷിച്ച് നടക്കണം. മായിയമ്മ ഏതെങ്കിലും ഒരു പാറപ്പുറത്ത് കുറെ പട്ടികളുമായി കാണും. കണ്ടുപിടിച്ചുകഴിയുമ്പോള്‍ അമ്മൂമ്മ ഈ മുണ്ടൊക്കെ മായിയമ്മയ്‌ക്ക് കൊടുക്കും. എന്നെ കൂടെയിരുത്തി പാടിപ്പിക്കും. മലയാളം ആയിരിക്കും നമ്മള്‍ മിക്കവാറും പാടുക. അങ്ങിനെ ഒരിയ്‌ക്കല്‍ എന്റെ തലയില്‍ കൈവെച്ചിട്ട് മായിയമ്മ ‘ഗീത് കി റാണി’ എന്ന് വിളിച്ച് അനുഗ്രഹം തന്നു.”- ചിത്ര പറയുന്നു. ഈ അനുഗ്രഹമാണ് പിന്നെ തന്റെ ജീവിതവഴികളില്‍ പുണ്യമായെത്തിയതെല്ലാമെന്നും ചിത്ര വിശ്വസിക്കുന്നു. പിന്നീട് അമ്മ മായിയമ്മയെക്കുറിച്ച് ഒരു പാട്ടെഴുതിയെന്നും സന്ധ്യയ്‌ക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ പാട്ട് സ്ഥിരമായി പാടിയിരുന്നെന്നും അനന്തകോടി പുണ്യം ചെയ്തു എന്നു തുടങ്ങുന്ന പാട്ടാണിതെന്നും ചിത്ര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: