ന്യൂദല്‍ഹി: നിയമ പരിഷ്ക്കാരങ്ങളുമായും നിയമ വ്യാഖ്യാനങ്ങളുമായും നിയമ നിര്‍വ്വചനങ്ങളുമായും ബന്ധപ്പെട്ട സുപ്രധാന ഘടകമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ചേരാനോ കേസുകള്‍ പരിഗണിക്കാനോ തയ്യാറാവാത്തത് ഏറെ നിരാശ സമ്മാനിച്ചിരുന്നു. പ്രത്യേകിച്ചും കൊവിഡ് കാലത്ത് മറ്റു നിയമ നടപടികള്‍ മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചുകള്‍ ചേരുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു താനും. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇക്കാര്യത്തില്‍ തികഞ്ഞ ഉദാസീനതയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്രയും രഞ്ജന്‍ ഗഗോയിയും നിരവധി കേസുകളാണ് ഭരണഘടനാ ബെഞ്ചുകളിലേക്ക് വിട്ടത്. ഇവയൊന്നും സമയാസമയം പരിഗണിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍ തയ്യാറായതുമില്ല. ഇതോടെ സുപ്രീംകോടതിയില്‍ കുമിഞ്ഞുകൂടിയ ഭരണഘടനാ ബെഞ്ചിന് വിട്ട കേസുകളുടെ എണ്ണം 53 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഭരണഘടനാ പ്രഭാഷണങ്ങള്‍ എടുത്തതിലൂടെ ശ്രദ്ധേയനായ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഒരൊറ്റ ഭരണഘടനാ ബെഞ്ചു പോലും വിളിച്ചുചേര്‍ത്ത് കേസുകള്‍ പരിഗണിച്ചില്ലെന്നതും വിചിത്രമാണ്.
ഈ സാഹചര്യത്തിനൊരു അന്ത്യം കുറിക്കാനാണ് പുതിയ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ലക്ഷ്യമിടുന്നതെന്നാണ് ആദ്യനടപടികള്‍ നല്കുന്ന സൂചന. തുടര്‍ച്ചയായി 25 ഭരണഘടനാ ബെഞ്ച് കേസുകളാണ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലും ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലും ഒരോ അഞ്ചംഗ ബെഞ്ചുകളാണ് രൂപീകരിച്ചിരിക്കുന്നത്. ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് രവീന്ദ്ര ഭട്ട്,ജസ്റ്റീസ് വെല്ലാ ത്രിവേദി, ജസ്റ്റീസ് ജെ ബി പര്‍ദ്ദിവാല എന്നിവരാണ് ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബഞ്ചില്‍ ജസ്റ്റീസ് ഹേമന്ദ്് ഗുപ്ത, ജസ്റ്റീസ് സൂര്യ കാന്ത്, ജസ്റ്റീസ് എം എം സുന്ദരേഷ്, ജസ്റ്റീസ് സുധാന്‍ഷു ദുലിയ എന്നിവരാണ് അംഗങ്ങള്‍
വാട്ട്സാപ്പ് സ്വകാര്യതാനയം സംബന്ധിച്ച കേസും സാമ്പത്തിക സംവരണം സംബന്ധിച്ച കേസും കേരളഹൈക്കോടതിയുടെ ജില്ലാജഡ്ജി നിയമനം കേസും ജല്ലിക്കെട്ടു കേസുകളും ഈയാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ശബരിമല കേസ് അടക്കം വരും ദിവസങ്ങളില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യും. രണ്ടര മാസം മാത്രമാണ് യു.യു.ലളിത് ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടാവുക. ഭരണഘടനാ വിഷയങ്ങളിലെ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പുകള്‍ അതിനകം നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: