Categories: Article

ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം 112-ാം വയസിലേക്ക്

സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും ഒന്നരപ്പതിറ്റാണ്ടുകാലം ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന സമുദായ ആചാര്യന്‍ മഹാത്മാ കാവാരികുളം കണ്ടന്‍ കുമാരന്‍ സ്ഥാപിച്ച ബ്രഹ്മ പ്രത്യക്ഷ സാധുജനപരിപാലനസംഘം 112 വയസ്സിലേക്ക് എത്തുകയാണ്. ജന്മി-നാടുവാഴിത്ത ദുഷ്പ്രഭുത്വത്തിന്റെയും സവര്‍ണ്ണാധിപത്യശാസനകളുടെയും ദുരാചാരങ്ങളുടെയും ഇരകളാക്കപ്പെട്ട്, ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി, മൂകരും നിസ്വരുമായി, മണ്ണധികാരവും മനുഷ്യാവകാശവും നഷ്ടപ്പെട്ട്, അടിമ നുകത്തിന്‍ കീഴില്‍ മൃഗസമാന ജീവികളാക്കപ്പെട്ട ആയിരത്താണ്ടുകളില്‍ നിന്നുള്ള വിമോചനമായിരുന്നു സംഘം ലക്ഷ്യമിട്ടത്.

ബ്രഹ്മം എന്ന പദത്തിന് വിപുലമായ അര്‍ത്ഥമുണ്ട്. സകലതിനും കാരണമായത്, മോക്ഷം, സത്യം, അറിവ്, ആഹാരം, ധനം എന്നിങ്ങനെ നീണ്ടുപോകുന്നു അവ. ബ്രഹ്മത്തില്‍ നിന്ന് അറിവിന്റെയും മോക്ഷത്തിന്റെയും ആശയ സത്തയെ ആവാഹിച്ചെടുത്ത് ദാര്‍ശനികവും സൈദ്ധാന്തികവും പ്രായോഗികപരവുമായ അടിത്തറ ഒരുക്കിയെടുത്ത് സാധുജന സംരക്ഷണത്തിനായി തുടക്കമിട്ടതാണ് ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം. കൊല്ലവര്‍ഷം 1087 ചിങ്ങം 13 (1911ആഗസ്റ്റ് 29)ന് ചങ്ങനാശ്ശേരിയിലെ മണലോടി എന്ന പറയ ഗൃഹത്തില്‍ തിരിതെളിയിച്ച ആ പ്രസ്ഥാനം നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിട്ട് വ്യത്യസ്ത പേരുകള്‍ സ്വീകരിച്ച് ഇന്ന് സാംബവമഹാസഭ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും ഒന്നരപ്പതിറ്റാണ്ടുകാലം ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന സമുദായ ആചാര്യന്‍ മഹാത്മാ കാവാരികുളം കണ്ടന്‍ കുമാരന്‍ സ്ഥാപിച്ച ബ്രഹ്മ പ്രത്യക്ഷ സാധുജനപരിപാലനസംഘം 112 വയസ്സിലേക്ക് എത്തുകയാണ്. ജന്മി-നാടുവാഴിത്ത ദുഷ്പ്രഭുത്വത്തിന്റെയും സവര്‍ണ്ണാധിപത്യശാസനകളുടെയും ദുരാചാരങ്ങളുടെയും ഇരകളാക്കപ്പെട്ട്, ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി, മൂകരും നിസ്വരുമായി, മണ്ണധികാരവും മനുഷ്യാവകാശവും നഷ്ടപ്പെട്ട്, അടിമ നുകത്തിന്‍ കീഴില്‍ മൃഗസമാന ജീവികളാക്കപ്പെട്ട ആയിരത്താണ്ടുകളില്‍ നിന്നുള്ള വിമോചനമായിരുന്നു സംഘം ലക്ഷ്യമിട്ടത്.

കാല്‍ച്ചങ്ങലകളില്‍ ബന്ധിപ്പിച്ചു അടിമച്ചന്തയിലെത്തിച്ച് വിറ്റ് വില വാങ്ങി അപ്പനെ കിഴക്കോട്ടും അമ്മയെ പടിഞ്ഞാറോട്ടും മകനെ തെക്കോട്ടും മകളെ വടക്കോട്ടും തല്ലിയടിച്ച് നടത്തിയും വലിച്ചിഴച്ചും കൂട്ടം ശിഥിലീകരിച്ച അഭിശപ്തമായ സാമൂഹിക വ്യവസ്ഥിതിയാല്‍ തകര്‍ന്നടിഞ്ഞിടത്തു നിന്ന് ജനതയെ പുതുക്കിപ്പണിയുകയും അവരില്‍ അറിവും ആത്മാഭിമാനവും അവകാശ ബോധവും സന്നിവേശിപ്പിക്കുകയുമായിരുന്നു സംഘം നിര്‍വ്വഹിച്ചത്.  

വൃത്തിയും വെടിപ്പും ശുദ്ധിയും ഭക്തിയും പ്രാര്‍ത്ഥനയും തുടങ്ങിയ പരിഷ്‌കൃത ജീവിത ശൈലി സ്വീകരിക്കുന്നതിനൊപ്പം നിഷേധിക്കപ്പെട്ട അക്ഷരജ്ഞാനം കൈവരുത്താനും മണ്ണിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പൊരുതാനും സംഘം നിശ്ചയം ചെയ്തു. സംസ്ഥാനത്തുടനീളം 52 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും അവിടങ്ങളില്‍ വിവിധ ജാതി മത വിഭാഗങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തുകൊണ്ടു പ്രോജ്ജ്വലമായ പടയോട്ടമാണ് നടത്തിയത്. തന്റെ സമുദായം നടത്തിവരുന്ന സ്‌ക്കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് 1917 ഫെബ്രുവരി 21ന് കണ്ടന്‍ കുമാരന്‍ പ്രജാസഭയില്‍ നടത്തിയ പ്രസംഗം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 1931ല്‍ നടന്ന ജാതി സെന്‍സസ് പ്രകാരം ഈഴവ സമുദായത്തിന്റെ 21.9 ശതമാനത്തിനും മുകളില്‍ 23 ശതമാനം സാക്ഷരത കൈവരിക്കുവാന്‍ സാംബവര്‍ക്കു കഴിഞ്ഞു.  

യഥാര്‍ത്ഥ സാമൂഹിക പരിഷ്‌ക്കരണം എന്നത് ചരിത്രപരമായ കാരണങ്ങളാല്‍ അടിത്തട്ടില്‍ തളയ്‌ക്കപ്പെട്ടവരെ ഉണര്‍ത്തി ഉയര്‍ത്തി എല്ലാ അര്‍ത്ഥത്തിലും മുഖ്യധാരയില്‍ എത്തിക്കുകയാണ്. ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലനസംഘം നടത്തിയ പരിശ്രമങ്ങളും അതിനായി യുള്ളതായിരുന്നു. കായികമായ ബലാബലത്തിനോ രക്തച്ചൊരിച്ചിലിലോ മുതിരാതെ ദീര്‍ഘവീക്ഷണത്തോടെയും അവധാനതയോടെയും ബൗദ്ധിക തലത്തില്‍ നിന്നുകൊണ്ട് നവോത്ഥാന കേരളത്തിനായി സ്വസമൂഹത്തെ പാകപ്പെടുത്തിയെടുത്ത മഹാത്മാ കാവാരികുളം കണ്ടന്‍ കുമാരനെയും ബ്രഹ്മ പ്രത്യക്ഷസാധുജന പരിപാലന സംഘത്തെയും ചരിത്രം തമസ്‌ക്കരിച്ചു. കീഴാള ജനതയുടെ മുന്നേറ്റ ചരിത്രങ്ങളെ തമസ്‌ക്കരിക്കുന്ന കേരള ചരിത്ര നിര്‍മ്മിതികള്‍ ഉടച്ചുവാര്‍ത്ത് നവോത്ഥാന കേരളത്തിന്റെ സത്യസന്ധമായ ചരിത്രം സൃഷ്ടിക്കണം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് നാടിന്റെ അനിവാര്യമായ കടമയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക