സുപ്രീംകോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ അനുഗ്രഹം ചൊരിഞ്ഞു തൊട്ടടുത്തു തന്നെ അദ്ദേഹത്തിന്റെ പിതാവും മുന്‍ ജസ്റ്റിസുമായ തൊണ്ണൂറുകാരനായ യു.ആര് ലളിത് ഇരിക്കുന്ന കാഴ്ച ദൃശ്യമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ഇന്ദിരാഗാന്ധിയുടെ കോപത്തിന് പാത്രമായി ന്യായാധിപസ്ഥാനം നഷ്ടമായ അതേ യു.ആര് ലളിത്. പിന്നീട് സുപ്രീംകോടതിയില്‍ മികച്ച അഭിഭാഷകനായി തിളങ്ങിയ യു.ആര് ലളിത് നിരവധി സുപ്രധാന കേസുകളില്‍ വിജയം കൈവരിച്ച് മുന്നേറി. യു.ആര്. ലളിതിന്റെ പാത പിന്തുടര്ന്ന് അഭിഭാഷക വൃത്തിയില്‍ എത്തുകയും സുപ്രീംകോടതി അഭിഭാഷകനില്‍ നിന്ന് ജസ്റ്റിസായി ഉയര്‍ത്തപ്പെടുകയും ചെയ്തയാളാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത്. സുപ്രീംകോടതി അഭിഭാഷക സ്ഥാനത്തുനിന്ന് ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ ന്യായാധിപനെന്ന സ്ഥാനവും യു.യു.ലളിതിന് സ്വന്തം. 2014ല്‍ ജസ്റ്റിസ് ആര്.എം. ലോധ എന്ന സുപ്രീംകോടതിയിലെ എക്കാലത്തെയും മികച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷകനായ യു.യു. ലളിതിനെ നേരിട്ട് ജഡ്ജായി നിയമിച്ചുകൊണ്ട് തീരുമാനമെടുക്കുന്നത്.
തലമുറകളായി അഭിഭാഷക വൃത്തിയില്‍ പ്രശസ്തരാണ് ലളിത് കുടുംബം. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ മുത്തച്ഛന് രംഗനാഥ് ലളിത് പ്രശസ്തനായ അഭിഭാഷകനായിരുന്നു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ മഹാത്മാഗാന്ധിയും ജവഹര്ലാല്നെഹ്രുവും സന്ദര്‍ശിച്ച വേളകളിലെല്ലാം അദ്ദേഹമായിരുന്നു അതിന് വേണ്ട നേതൃത്വം നല്‍കിയത്. സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗമായ നിയമവിദഗ്ധരുടെ കുടുംബം സ്വാതന്ത്ര്യ നിഷേധത്തിന്റെ അടിയന്തരാവസ്ഥക്കാലം ചോദ്യം ചെയ്തത് സ്വാഭാവികമാണല്ലോ. മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജായിരുന്നു അക്കാലത്ത് യു.ആര് ലളിത്. അടിയന്തരാവസ്ഥയെ ചോദ്യം ചെയ്തവരെ വിവിധ കേസുകളില്‍ കുടുക്കി ജയിലിലടച്ചതിനെതിരായ ഹര്‍ജികളില്‍ യു.ആര് ലളിതിന്റെ തീരുമാനങ്ങള്‍ തടവുകാരുടെ ജയില്‍മോചനത്തിന് വഴിവെച്ചു. ജാമ്യം നല്‍കിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഏകാധിപതിയായ ഇന്ദിരാഗാന്ധിയെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാവണം. എഡിഎം ജബല്‍പൂര്‍ കേസിലെ ജസ്റ്റിസ് എച്ച്.ആര്. ഖന്നയുടെ വിധി അദ്ദേഹത്തിന്റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനം തട്ടിത്തെറിപ്പിച്ചപ്പോള്‍ സമാന അവസ്ഥ തന്നെ ജസ്റ്റിസ് യു.ആര്.ലളിതിനും നേരിടേണ്ടി വന്നു. അഡീഷണല്‍ ജഡ്ജ് സ്ഥാനത്തുനിന്നും സ്ഥിരം ജഡ്ജ് ആക്കാതെ അദ്ദേഹത്തെയും ഇന്ദിരാഗാന്ധിയും ഭക്തജനസംഘവും പുറത്താക്കി. സുപ്രീംകോടതി വരെ നീളേണ്ടിയിരുന്ന ന്യായാധിപ ജീവിതം അങ്ങനെ അവിടെ അവസാനിച്ചെങ്കിലും രാജ്യത്തിന് മികച്ച അഭിഭാഷകനെയാണ് അതുവഴി ലഭിച്ചതെന്നതും ചരിത്രം. പൗരാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് അടിയന്തരാവസ്ഥ നടപ്പാക്കിയതിനെതിരെ ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് നഷ്ടങ്ങള്‍ നേരിട്ടവരായിരുന്നു ജസ്റ്റിസ് ഖന്നയും ജസ്റ്റിസ് യു.ആര്. ലളിതും. ഇരുവരുടേയും അടുത്ത തലമുറകള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി ലഭിക്കുന്നു എന്നത് ചരിത്രത്തിന്റെ കാവ്യനീതിയും. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് പുറമേ ജസ്റ്റിസ് ഖന്നയുടെ അനന്തരവന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തും.
നിയമ പരിഷ്ക്കാരങ്ങളുമായും നിയമ വ്യാഖ്യാനങ്ങളുമായും നിയമ നിര്‍വ്വചനങ്ങളുമായും ബന്ധപ്പെട്ട സുപ്രധാന ഘടകമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ചേരാനോ കേസുകള്‍ പരിഗണിക്കാനോ തയ്യാറാവാത്തത് ഏറെ നിരാശ സമ്മാനിച്ചിരുന്നു. പ്രത്യേകിച്ചും കൊവിഡ് കാലത്ത് മറ്റു നിയമ നടപടികള്‍ മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചുകള്‍ ചേരുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു താനും. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇക്കാര്യത്തില്‍ തികഞ്ഞ ഉദാസീനതയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്രയും രഞ്ജന്‍ ഗഗോയിയും നിരവധി കേസുകളാണ് ഭരണഘടനാ ബെഞ്ചുകളിലേക്ക് വിട്ടത്. ഇവയൊന്നും സമയാസമയം പരിഗണിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍ തയ്യാറായതുമില്ല. ഇതോടെ സുപ്രീംകോടതിയില്‍ കുമിഞ്ഞുകൂടിയ ഭരണഘടനാ ബെഞ്ചിന് വിട്ട കേസുകളുടെ എണ്ണം 53 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഭരണഘടനാ പ്രഭാഷണങ്ങള്‍ എടുത്തതിലൂടെ ശ്രദ്ധേയനായ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഒരൊറ്റ ഭരണഘടനാ ബെഞ്ചു പോലും വിളിച്ചുചേര്‍ത്ത് കേസുകള്‍ പരിഗണിച്ചില്ലെന്നതും വിചിത്രമാണ്.
ഈ സാഹചര്യത്തിനൊരു അന്ത്യം കുറിക്കാനാണ് പുതിയ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ലക്ഷ്യമിടുന്നതെന്നാണ് ആദ്യനടപടികള്‍ നല്കുന്ന സൂചന. തുടര്‍ച്ചയായി 25 ഭരണഘടനാ ബെഞ്ച് കേസുകളാണ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലും ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലും ഒരോ അഞ്ചംഗ ബെഞ്ചുകളാണ് രൂപീകരിച്ചിരിക്കുന്നത്
വാട്ട്സാപ്പ് സ്വകാര്യതാനയം സംബന്ധിച്ച കേസും സാമ്പത്തിക സംവരണം സംബന്ധിച്ച കേസും കേരളഹൈക്കോടതിയുടെ ജില്ലാജഡ്ജി നിയമനം കേസും ജല്ലിക്കെട്ടു കേസുകളും ഈയാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നു. ശബരിമല കേസ് അടക്കം വരും ദിവസങ്ങളില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തേക്കാം. രണ്ടര മാസം മാത്രമാണ് യു.യു.ലളിത് ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടാവുക. ഭരണഘടനാ വിഷയങ്ങളിലെ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പുകള്‍ അതിനകം നമുക്ക് പ്രതീക്ഷിക്കാം.
സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിന്റെ കാലാവധി ഉയര്‍ത്തുകയെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയം തന്നെയാണ്. നൂറു ദിവസത്തില്‍ താഴെ മാത്രമാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിതിന് ലഭിക്കുക. കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ചീഫ് ജസ്റ്റിസ് പദവിയില്‍ ഒരാള്‍ക്ക് നിയമനം നല്‍കണമെന്നത് കേന്ദ്ര ലോ കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത് നമുക്ക് കുറഞ്ഞത് മൂന്നുവര്‍ഷത്തേക്കെങ്കിലും സ്ഥിരമായ ചീഫ് ജസ്റ്റിസ് ആവശ്യമാണെന്നാണ്. ജസ്റ്റിസ് കെ. എന്‍ സിങിന് ചീഫ് ജസ്റ്റിസ് പദവിയില്‍ ലഭിച്ചത് കേവലം 17 ദിവസങ്ങള്‍ മാത്രമാണെന്നോര്‍ക്കണം. 72 വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് 49 ചീഫ് ജസ്റ്റിസുമാര്‍ ഉണ്ടായി എന്നതു നല്ല കാര്യമല്ല. രാജ്യത്തെ നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്ക് നിശ്ചിത കാലാവധിയില്‍ ചീഫ് ജസ്റ്റിസ് ഉണ്ടാവുക എന്നതു തന്നെയാണ് പ്രയോജനകരം. കേന്ദ്രസര്‍ക്കാര്‍ ഈ ദിശയിലുള്ള തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: