വിചാരകേന്ദ്രം ഉപാധ്യക്ഷന്‍ ബി.എസ്.ഹരിശങ്കറിന്റെ ചരമവാര്‍ത്ത സഹപ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ചരിത്ര ഗവേഷകനും ആര്‍ക്കിയോളജിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന ഹരിശങ്കര്‍, വിചാരകേന്ദ്രം തിരുവനന്തപുരത്ത് ഇന്നലെ സംഘടിപ്പിച്ച ദേശീയ ശാസ്ത്രസെമിനാറിന്റെ മുഖ്യസംഘാടക സ്ഥാനത്തുനിന്ന് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. സെമിനാര്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹരിശങ്കറിന്റെ ആകസ്മിക മരണവാര്‍ത്ത എത്തുന്നത്. ഹൃദയാഘാതത്താലുള്ള അദ്ദേഹത്തിന്റെ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിജ്ഞാന കുതുകികള്‍ക്കും വലിയൊരാഘാതമായി.
കുടുംബപമായിത്ത ന്നെ അദ്ദേഹം വിചാര കേന്ദ്രത്തിന്റെ അംഗമായിരുന്നു. കേരള സര്‍വകലാശാല ഡെപ്യൂട്ടി റജിസ്ട്രാറായിരുന്ന അദ്ദേഹത്തിന്റെ അമ്മ ശ്യാമളാദേവിയുമായി കുഞ്ഞുനാള് മുതല്‍ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന വ്യക്തിയാണ് ഹരിശങ്കര്‍. ചെറുപ്പത്തിലേ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ അദ്ദേഹം ആകൃഷ്ടനായി. തികച്ചും അന്തര്‍മുഖനായിരുന്ന അദ്ദേഹത്തിലെ വിജ്ഞാനപടുവിനെ പി.പരമേശ്വരന് എന്ന അതുല്യസംഘാടകന്‍ തിരിച്ചിഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ഏല്‍പ്പിച്ചുതുടങ്ങി.
അദ്ദേഹവമായി പി.പരമേശ്വരന് പുരാവസ്തുസംബന്ധമായി കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്തു. പുരാവസ്തു ശാസ്ത്രത്തിലെ ഹരിശങ്കറിന്റെ അഗാധപാണ്ഡിത്യം പുസ്തകരൂപത്തിലാക്കുന്നതിന് പി.പരമേശ്വരന് നിരന്തരം അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായാണ് പത്തോളം ഗവേഷണ ഗ്രന്ഥങ്ങള്‍ നമുക്ക് ലഭിച്ചത്.
ചരിത്രവും പുരാവസ്തുശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായി. പൂന സര്‍വകലാശാലയില്‍ നിന്നു ഗവേഷണ ബിരുദം നേടിയ ഹരിശങ്കര്‍ നിരവധി റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് അര്‍ഹനായി. ഇത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമായിരുന്നു. രണ്ടു മൂന്ന് വര്‍ഷം ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ മ്യൂസിയം ഓഫ് ആര്‍ട്ട് ആന്റ് ആര്‍ക്കിയോളജിയുടെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഇറ്റലിയിലെ വെനീഷ്യന്‍ അക്കാദമി ഓഫ് ഇന്ത്യന്‍ സ്റ്റഡീസിലെ റിസര്‍ച്ച് അസോസിയേറ്റ് ആയുള്ള പ്രവര്‍ത്തനവും അക്കാദമികമായി മികവ് തെളിയിക്കാനുള്ള അവസരമാക്കി. ഇത്തരമൊരു വലിയ പ്രതിഭയുടെ അവിചാരിത അന്ത്യം വേഗത്തില്‍ സംഭവിച്ചത് ഏറെ സങ്കടകരവും വിജ്ഞാനലോകത്തിന് വലിയ നഷ്ടവുമാണ് നിസംശയം പറയാം.
സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന്റെ തുടക്കത്തിലാണ് ഈ ദുഃഖ വാര്‍ത്ത വിചാരകേന്ദ്രത്തിലെത്തുന്നത്. തൊട്ടുമുന്നിലത്തെ രാത്രിയിലും പരിപാടികളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് പ്രവര്‍ത്തകരുമായി സംസാരിച്ചുറപ്പുവരുത്തിയ ഹരിശങ്കറിന് അനുശോചനമറിയിച്ചുകൊണ്ടാണ് പരിപാടി തുടങ്ങാനായത്. ഏതുതിരക്കുകള്‍ക്കിടയിലും വിചാരകേന്ദ്രം പ്രവര്‍ത്തനത്തിന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് പട്ടം ശാഖയിലൂടെയാണ് അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നത്.
മാപ്പിള ലഹളയുടെ ചരിത്രപരവും ആര്‍ക്കിയോളജി പരവുമായ അറിവിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതും വിദഗ്ധരുടെ അവലോകനങ്ങള്‍ക്ക് വിഷയമായവയുമായിരുന്നു. ഗഹനമായ ചിന്തകളുടെയും ഗവേഷണ പഠനങ്ങളുടെയും ഉടമയായ പ്രതിഭയില്‍ നിന്നും വിജ്ഞാനമേഖലയ്ക്ക് ഇനിയുമേറെ ലഭിക്കേണ്ടതായിരുന്നു.
ഞാന്‍ കേരള സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ഹരിശങ്കറിന്റെ അമ്മ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഒരര്‍ത്ഥത്തില്‍ അമ്മയും മകനും എന്റെ സഹപ്രവര്ത്തകരായിമാറി. ദൈവഹിതം മാറ്റാന്‍ നാം മനുഷ്യര്‍ക്ക് കഴിവില്ലല്ലോ. കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: