കഴിഞ്ഞദിവസം തൊടുപുഴയിലെ ലോഡ്ജില്‍നിന്ന് എംഡിഎംഎയുമായി പിടിയിലായ പെണ്‍കുട്ടിയുടെ അലറിക്കരച്ചില്‍ കേരളത്തിന് ചില ദുരന്ത സൂചനകള്‍ നല്‍കുന്നുണ്ട്. പഠനകാലത്ത് നിരവധി സമ്മാനങ്ങള്‍ നേടുകയും മികച്ചവിജയം കൈവരിക്കുകയും ചെയ്ത പെണ്‍കുട്ടി പിന്നീട് പ്രണയം വഴി ലഹരിയുടെ കെണിയില്‍ പെടുകയായിരുന്നു. ലഹരി ഉപയോഗത്തിലേക്കും പിന്നീട് ലഹരി വില്പനയിലേക്കും നീങ്ങുന്ന യുവതീ യുവാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് കേരളത്തിലുണ്ടാകുന്നത്. യുവതലമുറ പാഴ്ജന്മങ്ങളായി മാറുകയാണ്. നരകത്തിലേക്കാണ് ലഹരിവാതില്‍ തുറക്കുന്നതെന്ന് അറിയുമ്പോഴേക്കും ഏറെ വൈകിപ്പോകുകയാണ്. ഇരുള്‍ലോകത്തില്‍നിന്ന് പിന്നീട് പലരും തിരിച്ചുവരുന്നുമില്ല.
സംസ്ഥാനത്ത് ലഹരിക്ക് അടിമകളായ 70 ശതമാനം പേരും 10-15 വയസ്സില്‍ ഉപയോഗം തുടങ്ങിയതാണെന്നാണ് എക്സൈസ് റിപ്പോര്‍ട്ട്. ഒരാളും ലഹരിപദാര്‍ത്ഥത്തിന് കീഴടങ്ങുമെന്ന് കരുതിയല്ല, അതുപയോഗിച്ചു തുടങ്ങുന്നത്. ആരുമത് ആശിക്കുന്നുമില്ല. മറിച്ച് എനിക്ക് എപ്പോഴും നിയന്ത്രണവിധേയമാക്കാനാവും എന്ന വിശ്വാസത്തോടെയും തീരുമാനത്തോടെയും തന്നെയാണ് ഒരാള്‍ ലഹരിപദാര്‍ത്ഥം ഉപയോഗിച്ചുതുടങ്ങുന്നത്. ഉപയോഗിക്കുന്നവരില്‍ 40 ശതമാനം പേര് തീര്‍ച്ചയായും ലഹരിക്ക് അടിമകളാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒറ്റത്തവണ ഉപയോഗത്തില്‍തന്നെ അടിമപ്പെടാന്‍ സാധ്യതയുള്ളവയാണ് സിന്തറ്റിക് ലഹരികള്‍. ഒരു പരീക്ഷണത്തിനോ കൗതുകത്തിനോപോലും അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മാനസികരോഗവിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെ ഉല്ലാസമരുന്നുകള്‍ എന്ന രീതിയില്‍ യുവതലമുറ ഈ ചതിക്കുഴിയില്‍ അകപ്പെടുകയാണ്. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി 5 വര്‍ഷം വരേയെ പിടിച്ചുനില്‍ക്കാനാവൂ. പിന്നെ മരണത്തിലേക്കുള്ള യാത്രയാണ്. സ്വന്തം ജീവനും ജീവിതവും നശിപ്പിച്ചുള്ള പാഴ്ജന്മയാത്ര.
പഞ്ചാബില്‍ സംഭവിച്ച ലഹരിയുടെ ദുരന്തയാത്ര കേരളത്തിലിന്ന് അരങ്ങേറ്റം നടത്തുകയാണ്. കുഞ്ഞു കുട്ടികള്‍വരെ ലഹരിമരുന്നിന് അടിമകളായി ചികിത്സതേടുന്ന ദുരവസ്ഥയിലാണിപ്പോള്‍ ദൈവത്തിന്റെ സ്വന്തംനാട്. പഞ്ചാബില്‍ മയക്കുമരുന്നിന് അടിമകളായ നിരവധി ചെറുപ്പക്കാര്‍ പഠനത്തിലും സ്പോര്‍ട്സിലുമെല്ലാം പരാജയപ്പെട്ട് ജോലിയൊന്നുമില്ലാതെ വീടുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. ഗുരുതരമായ സാമൂഹ്യ പ്രശ്നമായും വളരുന്ന കച്ചവടമായി ലഹരി മാറി. കേരളത്തിലും തനിയാര്‍വത്തനം നടക്കുകയാണ്. കഞ്ചാവ്, കൊക്കെയ്ന്‍, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, എംഎഡിഎംഎ, ഏറ്റവുമൊടുവില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും മെഥാക്വിനോള്‍ വരെ പിടികൂടിയിരിക്കുകയാണ്. 36 കോടി രൂപ വിലവരുന്ന 18 കിലോ മെഥാക്വിനോള്‍ ആണ് പിടികൂടിയത്. സിംബാബ്വേയില്‍നിന്ന് ദോഹവഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന് നായരില്‍നിന്നാണ് ഈ മയക്കുമരുന്ന് പിടികൂടിയത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ മയക്കുമരുന്ന് മാഫിയ പ്രധാനകണ്ണിയായ നൈജീരിയന്‍ പൗരന് ഒക്കാഫോര്‍ എസേ ഇമ്മാനുവേലിനെ (36) കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ എറണാകുളം ഭാഗത്തേക്ക് മാത്രം 4.5 കിലോ എംഡിഎംഎ. ഇയാള്‍ നേതൃത്വം നല്കുന്ന സംഘം എത്തിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഒരു ഗ്രാം എംഡിഎംഎക്ക് 5000 മുതല്‍ 7000 വരെയാണ് വില. ലഹരിയുടെ കടത്തും ഉപയോഗവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. 2016ല്‍ 6000 കേസുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെ 16,000 കേസുകളായി. ഇത് പിടിക്കപ്പെടുന്ന കണക്ക് മാത്രമാണെന്നോര്‍ക്കുക.
ഓണക്കാലത്തെ വ്യാജമദ്യവും ലഹരിയും തടയാന്‍ ലക്ഷ്യമിട്ട് എക്സൈ് വകുപ്പ് ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തത് 5036 കേസുകളാണ്. അറസ്റ്റിലായത് 1300 പേരും. ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും കൈമാറ്റം ചെയ്യുന്നതിനിടയില്‍ കഴിഞ്ഞദിവസം പിടിയിലായത് ഇടുക്കി എആര്‍ക്യാമ്പിലെ ഒരു സിവില്‍ പോലീസ് ഓഫീസര്‍ തന്നെയാണെന്നത് ലഹരി വ്യാപനത്തിന്റെ ഭീക്ഷണസ്വഭാവം കൂടുതല്‍ വ്യക്തമാകുന്നു. സംസ്ഥാനത്തുനിന്ന് 2018-20 കാലയളവില്‍ പിടിച്ചെടുത്ത ലഹരിമരുന്നിന്റെ തോതില്‍ 122 ശതമാനം വര്‍ദ്ധനയുണ്ടായതാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നായി 6.130 ഗ്രാം എംഡിഎംഎയും 16,062 ഗ്രാം ഹാഷിഷ് ഓയിലും 5,632 കിലോഗ്രാം കഞ്ചാവും എക്സൈസ്വകുപ്പ് പിടികൂടിയിട്ടുണ്ട്. ഇതിന്റെ എത്രയോ മടങ്ങ് ലഹരിവസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ വിനിമയം ചെയ്യപ്പെടുന്നുണ്ടാകാം.
ലഹരി സംഘങ്ങളുടെ തായ്വേര് അറുത്ത് കേരളത്തെ ലഹരിയില്‍ നിന്ന് മോചിപ്പിച്ചേ തീരു. അതിനായി ഏകോപിത മുന്നേറ്റം ആവശ്യമാണ്. കുടുംബവും അധ്യാപകരും സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സംരക്ഷണമതില്‍ കെട്ടിനു മാത്രമേ കുട്ടികളെ ലഹരിവലയത്തില്‍നിന്ന് രക്ഷിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളൂ. ലഹരിവേട്ടകള്‍ സര്‍വസജ്ജമായി തുടര്‍ന്നുകൊണ്ടേയിരിക്കണം. വിവിധവകുപ്പുകളുടെ ഏകോപിത മുന്നേറ്റത്തിലൂടേയേ ലഹരിമാഫയയെ അമര്‍ച്ചചെയ്യാനാവൂ. ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ ഒരുമിച്ച് ഒരേദിശയില്‍ മുന്നോട്ട് നീങ്ങണം. ലഹരിവ്യാപനത്തിന് പിന്നിലെ അദൃശ്യശക്തികളെ പുറത്തുകൊണ്ടുവരണം. നിയമങ്ങള്‍ കര്‍ശനമാക്കണം. ലഹരിക്ക് അടിപ്പെട്ടവരെ ചികിത്സിക്കാനും പുന:രധിവസിപ്പിക്കാനും കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ ആവശ്യമാണ്. അവ ആരംഭിക്കണം. യുവാക്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ പുതിയമേഖലകള്‍ കണ്ടെത്തി ലഹരിഉപയോഗത്തില്‍ നിന്ന് അവരെ തടയണം. മയക്കുമരുന്നിന്റെ വ്യാപനത്തെ ചെറുക്കാന്‍ ”ബ്രേക്ക് ദ ചെയിന്‍” പോലുള്ള കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: