ആര്‍. പ്രസന്നകുമാര്‍
വീരപഴശ്ശിതന്‍ ചോരച്ചുവപ്പിത്
ധീരം കുറുക്കിയൊരുപ്പിന്‍ വെളുപ്പിത്
തൂക്കുമരത്തില്‍ തളിര്‍ത്ത താരുണ്യങ്ങള്‍
നീട്ടിവിടര്‍ത്തുമിലപ്പച്ചയാണിത്
പാരതന്ത്ര്യത്തെ മരണമായ്‌ക്കണ്ടെന്റെ
പൂര്‍വികരഗ്‌നിയായാളിയതീനിറം
പാരിന്റെ ശാന്തിയ്‌ക്കഹിംസതന്‍ വള്ളിമേല്‍
പൂവിട്ടിരുളു വെളുപ്പിച്ചതീ നിറം
മണ്ണും മനുഷ്യനും തമ്മില്‍ പുണരുന്ന
പുണ്യം മുളച്ചു വിളയിച്ചതീനിറം
സൂര്യനുദിച്ചുവരുന്നതു പോലിതാ
നേരിന്‍ നിലാവു പരന്നതു പോലിതാ
ഞാറു നിരന്നു നിവര്‍ന്നതു പോലിതാ
ചാരുപതാക പറന്നു കളിപ്പിതാ
എന്റെ നാടിന്റെ തപസ്സിന്റെ വര്‍ണ്ണമേ
എന്റെയാത്മാവിന്‍ വിശുദ്ധിതന്‍ വര്‍ണ്ണമേ
എന്റെ ജീവന്റെ തുടിപ്പിന്റെ വര്‍ണ്ണമേ
എന്റെ മുറ്റത്തുമുദിക്ക ത്രിവര്‍ണ്ണമേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: