സീതാന്വേഷണത്തിനു പോയ ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ എത്തിയ ശേഷം ‘കനിവിനൊടു കണ്ടേനഹം ദേവിയെ…’ എന്നു പോയ കാര്യഫലം ഹ്രസ്വമായി അറിയിക്കുന്നു. പിന്നീടാണ് അത് വിസ്തരിച്ചു പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്.
സീതാദേവീദര്‍ശനം കിട്ടിയ ഹനുമാന്റെ ചാരിതാര്‍ത്ഥ്യം ‘ഭാഗ്യമാഹന്ത! ഭാഗ്യം! കൃതാരത്ഥോസ്മ്യഹം’ എന്ന വരികളില്‍ പ്രകടമാക്കുന്നു.
ദേവന്മാര്‍ക്കു പോലും ദുഷ്‌ക്കരമായ കാര്യമാണ് നീ ചെയ്തത് എന്നു പറഞ്ഞുകൊണ്ട് ശ്രീരാമദേവന്‍ ഇപ്രകാരമരുളി:
‘സദയമുപകാരമിച്ചെയ്തതിന്നാദരാല്‍
സര്‍വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍’
നീ കാരുണ്യപൂര്‍വം ചെയ്ത ഈ ഉപകാരത്തിന് എന്റെ സര്‍വസ്വവും ഞാന്‍ നിനക്കു തന്നിരിക്കുന്നു. സ്‌നേഹപൂര്‍വം നീ ചെയ്തുതന്ന ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാന്‍ ലോകത്തില്‍ ഒന്നുമില്ല എന്നരുളിക്കൊണ്ട് ശ്രീരാമന്‍ പൂര്‍ണമോദത്തോടെ ഹനുമാനെ ആലിംഗനം ചെയ്തു.
‘ഉരസിമുഹുരപി മുഹുരണച്ചു പുല്‍കീടിനാന്‍
ഓര്‍ക്കെടോ! മാരുതപുത്ര ഭാഗ്യോദയം!
ഭുവതലമതിലൊരുവനിങ്ങനെയില്ലഹോ!
പൂര്‍ണപുണ്യൗഘസൗഭാഗ്യമുണ്ടായെടോ!’
ഹനുമാന്റെ ഭാഗ്യം നോക്കൂ. ഈവിധം പൂര്‍ണമായ പുണ്യവും സൗഭാഗ്യവും ലഭിച്ച മറ്റൊരാള്‍ ലോകത്തെങ്ങുമില്ല. യുദ്ധം തുടങ്ങുന്നതിനുമുമ്പ് ശരണം തേടിയെത്തിയ വിഭീഷണനെ സുഗ്രീവന്‍ സംശയിക്കുന്നു. ആശ്രയമപേക്ഷിച്ചുവരുന്നവനെ രക്ഷിക്കുന്നതാണ് രാജധര്‍മ്മം എന്നും വിഭീഷണന്‍ ഉത്തമനാണെന്നുമുള്ള തന്റെ അഭിപ്രായം ഈ അവസരത്തില്‍ ഹനുമാന്‍ വിവേക പൂര്‍വം വ്യക്തമാക്കുന്നു.
ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രസഞ്ചയത്തില്‍ എല്ലാവരും നിലംപതിച്ചപ്പോള്‍ മാറിനിന്നിരുന്ന വിഭീഷണന്‍ പ്രാണന്‍ ആര്‍ക്കുണ്ടെന്നു നോക്കിനടന്ന വേളയില്‍ ഹനുമാനെ കണ്ടെത്തി. കണ്ണുമിഴിക്കാനാവാതെ കിടന്ന ജാംബവാന്‍ ഹനുമാനെയാണന്വേഷിച്ചത്. ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മറ്റാര്‍ക്കും ദുഃഖമുണ്ടാകില്ല; ഹനുമാന്‍ മരിച്ചാല്‍ മറ്റുള്ളവരെയൊന്നും രക്ഷിക്കാന്‍ കഴിയില്ല എന്ന ജാംബവാന്റെ വാക്യം കേട്ട് ഉന്മേഷത്തോടെ തന്റെ സാന്നിദ്ധ്യം ഹനുമാന്‍ ഉണര്‍ത്തിച്ചു. ജാംബവാന്റെ നിര്‍ദ്ദേശമനിസരിച്ച് കൈലാസത്തിലുള്ള ഋഷഭദ്രാദ്രിയിലെ ദിവ്യൗഷധങ്ങള്‍ പര്‍വതത്തോടെ കൊണ്ടുവന്ന് എല്ലാവരേയും മോഹാലസ്യത്തില്‍നിന്നു രക്ഷിച്ചു. ഉടനെ തിരിച്ചുകൊണ്ടുവയ്‌ക്കാനുള്ള രാമാജ്ഞയും ശിരസ്സാ വഹിച്ചു. രാവണന്റെ വേല്‍ തറച്ചു മോഹാലസ്യപ്പെട്ട ലക്ഷ്മണകുമാരനുവേണ്ടി വീണ്ടും പോയി വിശല്യകരണി എന്ന ഔഷധവുമായി വന്നു. യുദ്ധവിജയം സീതയെ അറിയിക്കാനായി ശ്രീരാമന്‍ ഹനുമാനെയാണയയ്‌ക്കുന്നത്. അയോദ്ധ്യയിലേക്കുള്ള മടക്കയാത്രയില്‍ ഭരതനെ വിവരങ്ങളറിയിക്കാനും ഹനുമാനെയാണു നിയോഗിക്കുന്നത്. ഇടയില്‍ ഗുഹനെക്കണ്ടു വിവരം പറയാനുമേല്പിച്ചു.
ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമചന്ദ്രന്‍ ഓരോരുത്തര്‍ക്കായി പാരിതോഷികങ്ങള്‍ നല്കി. അതുല്യമായ ഒരു സ്വര്‍ണഹാരം ശ്രീരാമന്‍ സീതാദേവിക്കു നല്‍കിയപ്പോള്‍ ദേവി അത് സന്തോഷത്തോടെ ഹനുമാനു കൊടുത്തു. ആനന്ദഭരിതനായി നിന്ന ഹനുമാനോടു ശ്രീരാമചന്ദ്രന്‍ വേണ്ട വരങ്ങളെല്ലാം മടികൂടാതെ ചോദിച്ചുകൊള്ളാന്‍ പറഞ്ഞു. ശ്രീരാമചരിത്രം നിലനില്ക്കുന്നിടത്തോളം കാലം രാമനാമം കേട്ടുകൊണ്ട് എക്കാലവും ശ്രീരാമഭക്തിയോടെ ജീവിക്കാന്‍ അനുഗ്രഹിക്കണമെന്ന ഒറ്റ വരമേ ഹനുമാനാവശ്യപ്പെട്ടുള്ളൂ. രാമനാമജപം, രാമനാമസ്മരണ, രാമനാമശ്രവണം ഇവയില്‍ ഹനുമാന് ഒരിക്കലും തൃപ്തിവരില്ല. രാമനാമം പറയുന്നിടത്തൊക്കെ ഹനുമാന്റെ സാന്നിദ്ധ്യമുണ്ട്. സീതാരാമന്മാരുടെ അനുഗ്രഹത്തോടെ ശ്രീരാമപാദങ്ങള്‍ ധ്യാനിച്ചുകൊണ്ട് ഹനുമാന്‍ ഹിമാലയത്തിലേക്കു തപസ്സിനായി പോയി എന്ന് കവി രേഖപ്പെടുത്തുതുവരെയാണ് അദ്ധ്യാത്മരാമായണത്തിലെ ഹനുമദ്‌യാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: