കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യപ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം കഠിന തടവ്. മറ്റൊരു പ്രതിയായ താജുദ്ദീന് ആറു വര്‍ഷം കഠിന തടവും ശിക്ഷ ലഭിച്ചു. ഇതു കൂടാതെ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും വിവിധ വകുപ്പുകളിലായി 39 1/2 വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കണം. താജുദ്ദീന് വിവിധ വകുപ്പുകളിലായി 35 വര്‍ഷം തടവ് അനുഭവിക്കണം. കൊച്ചി എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഠിന തടവ് കൂടാതെ മൂന്നു പ്രതികള്‍ക്കും പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട 1,75000 രൂപയും സാബിര്‍ 1,75000 രൂപയും താജുദ്ദീന്‍ 1,10000 രൂപയും പിഴയായി ഒടുക്കണം. തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കേസിലെ കുറ്റക്കാര്‍. പ്രതികള്‍ കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാതെയാണ് എന്‍ഐഎ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. റിമാന്‍ഡ് കാലാവധി ശിക്ഷാകാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്.
പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: