നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ നിരത്തുകള്‍ നായ്ക്കള്‍ കയ്യടക്കിയിരിക്കുന്നു. ഇന്ന് പൊതുജനാരോഗ്യപ്രശ്നങ്ങളുടെ പട്ടികയില്‍ എടുത്തുപറയേണ്ട’വെല്ലുവിളികളില്‍ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിത പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ആശങ്കയുയര്‍ത്തുന്ന സാഹചര്യമാണ് കേരളം നേരിടുന്നത്. തെരുവില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഭക്ഷിച്ച് പെറ്റു പെരുകി നാള്‍ക്കുനാള്‍ നായ്ക്കളുടെ എണ്ണം കൂടി വരുന്നു. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കള്‍ വിഹരിക്കുന്നു. പല തെരുവുകളും രാത്രി പൂര്‍ണമായും നായ്ക്കള്‍ കീഴടക്കുന്നു. കാല്‍നടയാത്രക്കാരെ കടിച്ചു പരിക്കേല്‍പ്പിക്കുക മാത്രമല്ല, വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവുനായ്ക്കള്‍ അപകടമുണ്ടാക്കുകയും ചെയ്യുന്നു.
നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ വാര്‍ത്തകള്‍ ഓരോദിവസവും ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും നിറയുമ്പോഴും നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ യാതൊരു പദ്ധതിയുമില്ല. അടുത്തിടെയാണ് പേവിഷബാധയുള്ള നായയുടെ കടിയേറ്റ് ഒരുവിദ്യാര്‍ത്ഥിനി ദാരുണമായി കൊല്ലപ്പെട്ടത്. വിഷബാധയേല്‍ക്കാതിരിക്കാനുള്ള വാക്സിന് സ്വീകരിച്ചശേഷവും മരണം സംഭവിച്ചു എന്നതാണ് കൂടുതല്‍ ഭീതിപ്പെടുത്തുന്നത്. ആക്രമണത്തിന് നിരവധി കുട്ടികളും ഇരയാകുന്നു. സ്കൂളില്‍ പോയ കൊച്ചുകുട്ടിയെ തെരുവ്നായ കടിച്ചുകീറിയ സംഭവവും ഉണ്ടായി.
തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുമ്പോള്‍ പേരിനെന്തെങ്കിലും ചെയ്യുമെന്നല്ലാതെ ശാശ്വതപരിഹാരം ഉണ്ടാകുന്നില്ല. തെരുവ് നായ വന്ധ്യംകരണം ശരിയായി നടപ്പിലാക്കാത്തതാണ് നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. നിരവധി പദ്ധതികളാവിഷ്കരിച്ചെങ്കിലും നായ്ക്കള്‍ ദിനംപ്രതി പെരുകുന്നതല്ലാതെ ഒന്നും ഫലവത്താകുന്നില്ല.
താളംതെറ്റിയ എബിസി പദ്ധതി
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാ (എബിസി) മിന് വന്‍തോതില്‍ പണം ചെലവഴിക്കുന്നെങ്കിലും പ്രയോജനമുണ്ടാകുന്നില്ല. നടപ്പാക്കുന്നതിലെ ആസൂത്രണ പിഴവ് മൂലം സംസ്ഥാനത്ത് എബിസി പദ്ധതി താളംതെറ്റി. തദ്ദേശ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കേണ്ടത്. മുന്‍കൈ എടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിമുഖതയാണ് പ്രധാന വെല്ലുവിളി.
തെരുവുനായ്ക്കളെ പിടികൂടി വെറ്ററിനറി ആശുപത്രികളില്‍ എത്തിച്ച് വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം നായ്ക്കളെ വന്ധ്യംകരണ ശസ്ത്രീയക്ക് വിധേയമാക്കും. 3-5 ദിവസത്തെ ചികിത്സയ്ക്കു ശേഷം തിരിച്ചുവിടുന്നതാണ് പദ്ധതി. എബിസി നടപ്പാക്കുന്ന സമയത്ത് പലയിടത്തും ജനങ്ങളുടെ സഹകരണമില്ലായ്മ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഒരു പ്രദേശത്തുനിന്ന് പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരിച്ച ശേഷം അതേ സ്ഥലത്തു തന്നെ തുറന്നു വിടുന്നതാണ് ജനങ്ങളുടെ എതിര്‍പ്പിന് പ്രധാന കാരണം.
എബിസി പദ്ധതിക്കുവേണ്ടി കേന്ദ്രങ്ങള്‍ ആരംഭിക്കുമ്പോഴും പരിസരവാസികള്‍ എതിര്‍പ്പുമായെത്തും. നായ്ക്കളെ കൊന്നൊടുക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ നിലവിലെ നിയമപ്രകാരം അത് ശിക്ഷാര്‍ഹമാണ്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സംഘടനകള്‍ക്ക് നായ്ക്കളുടെ വന്ധ്യംകരണം ചെയ്യാനാകും. എന്നാല്‍ അത്തരം സംഘടനകള്‍ കേരളത്തിലില്ല. അതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളെ മാത്രമാണ് വന്ധ്യംകരണത്തിന് ആശ്രയിക്കാന്‍ കഴിയുക. നായ്ക്കളെ പിടിക്കാന്‍ ആളെ കിട്ടാത്തതും വെല്ലുവിളി നേരിടുന്നു.
നായ്ക്കളെ പിടികൂടുന്നതും ശസ്ത്രക്രിയാനന്തരമുള്ള പരിചരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പരിശീലനമില്ലാത്തവരെ ഏല്‍പ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും ഹൈക്കോടതിയുടെ ഇടപെടലിനും കാരണമായിരുന്നു. എബിസി പദ്ധതി കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്ക്കരണം നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ നിസ്സഹകരണം
തദ്ദേശ സ്ഥാപനങ്ങളാണ് ഭൗതിക സാഹചര്യം ഒരുക്കേണ്ടത്. ഓപ്പറേഷന് തീയറ്റര്‍, കൂട്, 3-5ദിവസം വരെയുള്ള ഭക്ഷണം, കൊണ്ടുവരാനും, തിരികെ കൊണ്ടുവിടാനുമുള്ള ചെലവ്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നായ്ക്കളെ പിടിക്കുന്നവരുടെയും ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും.
പ്രാദേശികമായ എതിര്‍പ്പുകള്‍ കാരണം ഭൗതിക സാഹചര്യം ഒരുക്കാന്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും വിമുഖത കാട്ടുന്നു. ശസ്ത്രക്രീയക്കു കൊണ്ടുവരുന്ന നായ്ക്കള്‍ പിന്നീട് പ്രദേശത്തു തന്നെ തമ്പടിക്കുന്നതാണ് എതിര്‍പ്പിനു കാരണം.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി നടപ്പാക്കണം
മിനിമം അഞ്ചുവര്‍ഷമെങ്കിലും എബിസി പദ്ധതി തുടര്‍ച്ചയായി നടപ്പാക്കിയെങ്കില്‍ മാത്രമെ ഒരു പ്രദേശത്ത് പദ്ധതി വിജയിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. വന്ധ്യംകരണം അടിയന്തരപരിഹാരമല്ല; എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫലമുറപ്പ്.
60-80 ശതമാനം നായകളെ വന്ധ്യംകരിച്ചാല്‍ രണ്ടു വര്‍ഷം കൊണ്ട് നായകളുടെ ജനനനിരക്ക് കുറയ്ക്കുവാന്‍ സാധിക്കും എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 95ശതമാനം നായ്ക്കളെയും വന്ധ്യംകരിച്ചെന്ന് ഉറപ്പാക്കും വരെ തുടര്‍ച്ചയായി പദ്ധതി നടപ്പാക്കണം. വന്ധ്യം കരണം നടപ്പാക്കുന്നതിനൊപ്പം പേവിഷബാധ പ്രതിരോധ വാക്സിനേഷന് എല്ലാ നായ്ക്കള്‍ക്കു നല്‍കുന്നതിനും നടപടിയുണ്ടാകണം.
വന്ധ്യംകരണത്തിന്റെ പേരിലും തട്ടിപ്പ്
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ എണ്ണം പെരുപ്പിച്ച് കാട്ടി തട്ടിപ്പു നടക്കുന്നതായും ആക്ഷേപമുണ്ട്. വന്ധ്യംകരണം നടത്തിയിട്ടുള്ള നായ്ക്കള്‍ പിന്നീട് പ്രസവിച്ച സംഭവങ്ങളുണ്ട്. വന്ധ്യംകരണം നടത്തുന്ന നായ്ക്കളുടെ ചെവി ഇംഗ്ലീഷ് അക്ഷരമാലയുടെ വി ആകൃതിയില്‍ മുറിക്കാറുണ്ട്. ഒരു നായയുടെ വന്ധ്യംകരണത്തിന് 1200രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. നായ്ക്കളെ പിടിച്ചു കൊണ്ടുപോയി ശസ്ത്രക്രീയ നടത്താതെ ചെറി മുറിച്ച് അടയാളമുണ്ടാക്കി എണ്ണം കാണിച്ച് തട്ടിപ്പു നടത്തുന്നതായാണ് പരാതി.
ശാസ്ത്രീയമായ മാലിന്യ സംസ്കരണം
എബിസി നടപ്പാക്കുന്നതിനൊപ്പം അറവുമാലിന്യങ്ങളുടെയും കോഴിവേസ്റ്റുകളുടെയും ശാസ്ത്രീയമായ സംസ്കരണവും നടപ്പാക്കണം. തെരുവുകളില്‍ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടങ്ങളാണ് തെരുവുനായ്ക്കളുടെ പ്രധാന ഭക്ഷണം.
കൊവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഉയരുന്ന മാലിന്യക്കൂമ്പാരം തെരുവ്നായ്ക്കളുടെ എണ്ണം കൂടാനിടയാക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് വ്യാപകമായി ശുചീകരണ പ്രവര്‍ത്തനം നടന്നിരുന്നതിനാലും ആള്‍ക്കൂട്ടം കുറഞ്ഞിതിനാലും മാലിന്യം കുറവായിരുന്നു. മാലിന്യം നിറഞ്ഞതോടെ ഭക്ഷണം തേടിയെടുത്തുന്ന നായ്ക്കളുടെ എണ്ണം കൂടിയതായി മൃഗഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ലൈസന്‍സ് നിര്‍ബന്ധം
ലൈസന്‍സിനുള്ള അപേക്ഷാഫോറം നഗരസഭ/പഞ്ചായത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളില്‍ ലഭിക്കും. ഉടമസ്ഥന്റെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, നായയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. നായ്ക്കളില്‍ മൈക്രോ ചിപ്പും ഘടിപ്പിക്കും. ഒന്നില്‍ കൂടുതല്‍ മൃഗങ്ങളെ വളര്‍ത്തുകയാണെങ്കില്‍ ഓരോ മൃഗത്തിനും പ്രത്യേകം ലൈസന്‍സ് എടുക്കണം. വളര്‍ത്തു മൃഗം പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് നാലുമാസത്തിനകം ലൈസന്‍സ് എടുക്കണം. ഒരു വര്‍ഷമാണ് ഓരോ ലൈസന്‍സിന്റെയും കാലാവധി.
(നാളെ: മൂന്നുവര്‍ഷം കടിയേറ്റത് അഞ്ചുലക്ഷത്തിലധികം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: