വിനാശകാരികളായ ഗ്രീന്‍ഹൗസ് മലിനവാതകങ്ങളെ ഉല്സര്ജിക്കുന്നവയാണ് ഫോസില്‍ ഇന്ധനങ്ങള്‍. അതായത് പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയവ. അവയെ ഒഴിവാക്കി നന്മയുടെ ഊര്‍ജം പ്രചരിപ്പിക്കാനാണ് ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ വായു, സൂര്യന്, ജലം എന്നിവയില്‍നിന്നുള്ള ഊര്‍ജം. കാറ്റാടികള്‍ കെട്ടി ഉയര്‍ത്തിയും സൂര്യപ്രകാശത്തെ വരുതിയിലാക്കിയും വെള്ളത്തെ തടുത്തുനിറുത്തിയും നാം നന്മനിറഞ്ഞ ഊര്‍ജത്തിന് ജന്മം കൊടുക്കുന്നു. ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന രാജ്യമാണ് നോര്‍വെ. അവര്‍ ലോകത്തെ ഏറ്റവും വലിയ കാറ്റാടിപ്പാടം നിര്‍മിക്കുന്ന തിരക്കിലാണ്.
പുറംകടലിലാണ് ഈ കാറ്റാടിപ്പാടം. പക്ഷേ ഇവ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കരയില്‍ എങ്ങനെ കൊണ്ടുവരുമെന്ന് ഓര്‍ത്ത് ആരും തലപുകയ്ക്കേണ്ട. കരയില്‍നിന്ന് കാതങ്ങള്‍ അകലെ പുറംകടലില്‍ പ്രവര്‍ത്തിക്കുന്ന പെട്രോളിയം എണ്ണപ്പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഈ വൈദ്യുതി. കാര്‍ബണ്‍ ചുരത്തുന്ന ഫോസില്‍ ഇന്ധനമായ പെട്രോളിയം കുഴിച്ചെടുക്കുന്നതിനുള്ള ഊര്‍ജം കാറ്റാടികളില്‍നിന്ന് ലഭ്യമാക്കുന്നു. വല്ലാത്ത ഒരു വിരോധാഭാസം തന്നെ…
പക്ഷേ പരിഭവിച്ചിട്ടു കാര്യമില്ല. പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന നോര്‍വെ എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും കേമന്മാര് തന്നെയാണ്. ഈ കൊച്ചു രാജ്യത്തിന്റെ കയറ്റുമതിയുടെ 60 ശതമാനവും എണ്ണ തന്നെ. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 14 ശതമാനവും ഉണ്ടാക്കുന്നത് കാര്‍ബണ്‍ അധിഷ്ഠിത ഫോസില്‍ ഇന്ധനങ്ങളാണ്. അതിനാല്‍ അവയെ വിട്ടുള്ള കളിക്ക് നോര്‍വെ ഒരിക്കലും ഒരുക്കമല്ല.
പക്ഷേ ദോഷം പറയരുത്. രാജ്യത്തിനുള്ളില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു രാജ്യം. വൈദ്യുത വാഹനങ്ങളിലേക്ക് രാജ്യത്തെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമം അതിന്റെ ഭാഗമാണ്. അതിനൊക്കെ വേണ്ട പണം അവര്‍ ഓയില്‍ വിറ്റ് ഉണ്ടാക്കിയെടുക്കുമെന്നു മാത്രം. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ വ്യവസായ ഭീമനായ ഇക്വിനോറിന്റെതാണ് പുറംകടലിലെ പടുകൂറ്റന്‍ കാറ്റാടിപ്പാടങ്ങള്‍. പ്രൊജക്ടിന്റെ പേര് ‘ഹൈവിന്ഡ് താംപെന്.’ ഇക്വിനോറിന്റെ സ്റ്റോര്‍, ഗള്ഫാക്സ് തുടങ്ങിയ ഓയില്‍ പാടങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും ഈ കാറ്റാടി കറന്റ് നല്‍കുമെന്നാണ് പറയുന്നത്.
കടലിലെ ഓയില്‍ ഖനനത്തിനുവേണ്ട വൈദ്യുതി സാധാരണയായി ഉണ്ടാക്കിയെടുക്കുന്നത് ഡീസല്‍ യന്ത്രങ്ങളും ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാണ്. അവയുടെ പ്രവര്‍ത്തനം കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെയും മറ്റ് അനുബന്ധ മലിനവാതകങ്ങളുടെയും ഉല്‍സര്‍ജനത്തിന് വഴിതെളിക്കും. തങ്ങള്‍ കാറ്റാടി വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ വന്‍തോതില്‍ ഗ്രീന്‍ഹൗസ് മലിനവാതകങ്ങളുടെ ഉല്‍സര്‍ജനം തടയുന്നു എന്നാണ് നോര്‍വെ പറയുന്നത്. പ്രതിവര്‍ഷം 2,20000 ടണ്‍ സള്‍ഫര്‍ ഡൈ ഓക്സൈഡും 1,10000 ടണ്‍ നൈട്രജന്‍ ഓക്സൈഡും ഉല്സര്ജിക്കുന്നതിനെ തടയാനും കാറ്റാടി വൈദ്യുതികൊണ്ട് കഴിയുന്നുവെന്നാണ് നോര്‍വെ പറയുന്നത്.
ലോകമെങ്ങും ഫോസില്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ക്ക് മൂക്കുകയര്‍ ഇടാനുള്ള ശ്രമത്തില്‍ വ്യാപൃതരാണ്. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന റോക്കറ്റുകളില്‍ പോലും അവയെ ഒഴിവാക്കാനാണ് ഗവേഷകരുടെ ശ്രമം. അതിന്റെ ഭാഗമായി അതീവ ശക്തിയുള്ള ഒരുതരം ബാക്ടീരിയകളുടെ സഹായത്തോടെ പോളി സൈക്ലോ പ്രൊപ്പനേറ്റഡ് മിശ്രിത ഇന്ധനം ഉണ്ടാക്കിയെടുക്കാന്‍ നോര്‍വെയുടെ അയല്‍ രാജ്യമായ ഡെന്മാര്ക്കിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. അത് ബഹിരാകാശ റോക്കറ്റുകള്‍ക്ക് നന്നായിണങ്ങുമെന്ന് സര്‍വകലാശാലയിലെ ഗവേഷകന് ‘ജോ സാമിസിന്’ എന്ന് വിളിപ്പേരുള്ള ഒരു ജൈവ തന്മാത്രയെയാണതിനുപയോഗിക്കുകയെന്ന് ‘ജൂള്‍’ മാസിക പറയുന്നു.
കൊതുകിന്റെ പ്രേമം
ഡെങ്കിയും സികയുമൊക്കെ ഉണ്ടാകുന്നത് വെറസ്സിന്റെ കളിയാട്ടം കൊണ്ടാണെന്ന് അറിയാത്തവരുണ്ടാവില്ല. അവയെ ചുമന്ന് മനുഷ്യനിലെത്തിച്ച് രോഗം പരത്തുന്ന ജോലി കൊതുകകള്ക്കാണെന്നും നമുക്കറിയാം. പ്രത്യേകിച്ചും ഈഡിസ് ഈജിപ്റ്റി കൊതുകകള്‍ക്ക്. എന്നാല്‍ ഇത് കൊതുക് സ്വയം ചെയ്യുന്നതല്ലത്രെ. രോഗിയുടെ ശരീരം കണ്ടെത്തി ചോര കുടിച്ച് വൈറസ്സിനെ സ്വീകരിച്ച് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കൊതുകുകള്‍ക്ക് പ്രചോദനം നല്കുന്ന ഒരു രാസവസ്തുവുണ്ടെന്ന് സിന്‍ഹുവാ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്കൂള്‍ ഗവേഷകന് ഡോ. ഗോങ്ങ് ചെങ്ങും സംഘവും പറയുന്നു.
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൊതുകുകള്‍ പരത്തുന്ന രോഗങ്ങളായ സിക, ഡെങ്കി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി തുടങ്ങിയവയുടെ കാര്യത്തില്‍ തങ്ങളുടെ നിരീക്ഷണം കിറുകൃത്യമാണെന്ന് ‘സെല്‍’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ ഊന്നിപറയുന്നു. രോഗിയുടെ രക്തത്തില്‍ ജീവിക്കുന്ന വൈറസ്സുകള്‍ ഒരുതരം രാസസംയുക്തത്തെ ഉല്‍പ്പാദിപ്പിക്കുന്നു. അതിന്റെ ഗന്ധമാണത്രേ രക്തം കുടിക്കാനായി കൊതുകുകളെ ആകര്‍ഷിക്കുന്നത് ‘അസറ്റോ ഫിനോണ്‍’ എന്ന രാസ സംയുക്തമാണ് വൈറസ്സുകള്‍ പടച്ചുവിട്ടതെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.
എലികളില്‍ ഇക്കാര്യം നൂറുശതമാനവും ശരിയാണെന്ന് ഗവേഷകര്‍ വിലയിരുത്തി. സസ്യങ്ങളെ ബാധിക്കുന്ന ചില വൈറസുകളും ഇതുപോലെ കൊതുകുകളെ ആകര്‍ഷിച്ചുവരുത്തി രോഗം പരത്താറുണ്ടത്രേ. വില്ലന്മാരായ ഈ വൈറസുകളെ നിലയ്ക്കുനിര്‍ത്താന്‍ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ അന്തരീക്ഷത്തിലേക്ക് തുറന്നുവിട്ടാല്‍ മതിയെന്നും ഗവേഷകര്‍ പറയുന്നു. വൈറസ്സുകള്‍ സൃഷ്ടിക്കുന്ന ഈ ഉന്മാദഗന്ധം മനസ്സിലാക്കാന്‍ കഴിവില്ലാത്ത കൊതുകുകളുടെ തലമുറയെ ഉണ്ടാക്കിയെടുത്താല്‍ രോഗപകര്‍ച്ച നിയന്ത്രിക്കാമെന്ന് സാരം. അങ്ങനെ രോഗം പടരുന്നത് തടയാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. വിറ്റാമിന്‍-എയുടെ ഉപയോഗംകൊണ്ടും അസറ്റോഫിനോണ്‍ ചക്രം തകരാറിലാക്കാന്‍ കഴിയുമത്രേ.
അണ്ണാറക്കണ്ണനും തന്നാലായത്
ഭൂമണ്ഡലത്തെ ആഗോളതാപനത്തില്‍ നിന്നും രക്ഷിക്കാനായി ഓരോരുത്തരും കഴിയുംവിധം പ്രവര്‍ത്തിക്കുന്നു. അതിനുദാഹരണമാണ് ഐസ് ലാന്റില്‍ തുടക്കംകുറിച്ച ‘ഓര്‍ക.’ അന്തരീക്ഷത്തിലെ ഗ്രീന്‍ഹൗസ് മലിനവാതകമായ കാര്‍ബണ്‍ഡൈ ഓക്സൈഡ് നേരിട്ട് വലിച്ചെടുത്ത് അന്തരീക്ഷ ശുചീകരണം നടത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റാണിത്. ‘ഓര്‍ക’ പ്ലാന്റ് പ്രതിവര്‍ഷം അന്തരീക്ഷത്തില്‍നിന്ന് 4000 ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് വലിച്ചെടുക്കും. പ്ലാന്റിലെ കെമിക്കല്‍ ഫില്‍ട്ടറുകളാണ് ഈ ജോലി ചെയ്യുക. ‘ക്ലൈം വര്‍ക്സ്’ എന്ന കമ്പനി പിടിച്ചെടുക്കുന്ന ഈ കാര്‍ബണ്‍ഡൈ ഓക്സൈഡ് ‘കാര്‍ബണ്‍ ഫിക്സ്’ എന്ന കമ്പനിക്ക് കൈമാറും. അവര്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വെള്ളത്തില്‍ കലര്‍ത്തി (കാര്‍ബണേറ്റഡ് വാട്ടര്‍) 1000 മീറ്റര്‍ ആഴത്തിലുള്ള ബസാള്‍ട്ട് ശിലകളിലേക്ക് കുത്തിക്കയറ്റും. ബസാള്ട്ടിലെ മിനറലുകള്‍ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി പ്രതിപ്രവര്‍ത്തിച്ച് മലിന വാതകത്തെ കാല്‍സ്യം കാര്‍ബണേറ്റ് പരലുകളാക്കി മാറ്റും. സംഗതി ശുഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: