Categories: Samskriti

തിരുനെല്ലിയിലെ പിതൃപുണ്യ സുകൃതം

Published by

സി. എ. സജീവന്‍  

കര്‍ക്കടകവാവ്; പിതൃക്കളുടെ മോക്ഷത്തിന് പ്രിയപ്പെട്ടവര്‍ തീര്‍ത്ഥ ഘട്ടങ്ങളിലും മഹാക്ഷേത്രങ്ങളിലും ബലിയര്‍പ്പിക്കുന്ന പുണ്യദിനം. കേരളത്തിലെ വടക്കും തെക്കുമുള്ള രണ്ട് ക്ഷേത്രങ്ങളില്‍ ഈ ദിനത്തിലെത്തുന്നത് ആയിരങ്ങളാണ്. തിരുവനന്തപുരത്തെ തിരുവല്ലം ക്ഷേത്രത്തിലും, വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലും. വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി . വയനാടിന്റെ വശ്യസൗന്ദര്യത്തിന് പൊന്‍പൊട്ടാവുന്ന ക്ഷേത്രം. മാനന്തവാടിയില്‍ നിന്ന് കാട്ടികുളത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് പതിനെട്ട് കിലോമീറ്റര്‍ വനമേഖലയിലൂടെ സഞ്ചരിച്ച് വേണം പാപനാശിനി  പുഴയുടെ തീരത്തുള്ള, പുരാണ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെത്താന്‍.  

കര്‍ക്കടകവാവിന് അതിരാവിലെ ഇവിടെ ബലി കര്‍മ്മങ്ങള്‍ തുടങ്ങും. കര്‍മ്മങ്ങള്‍ ചെയ്യാന്‍ എത്തുന്നവരെ കാത്ത് തലേ ദിവസം രാത്രി തന്നെ  പൂജാരിമാര്‍ തയ്യാറെടുപ്പുകളോടെ കാത്തിരിക്കുന്നുണ്ടാവും.  

പാപനാശിനിയില്‍ കുളിച്ച്  പൂജാരിയുടെ മുന്നിലിരുന്ന്  പിതൃക്കളെ ധ്യാനിച്ച്  വാഴയിലയില്‍, നനച്ച അരിയും, എള്ളും, ദര്‍ഭയും അര്‍പ്പിച്ച്  പൂജിക്കുകയാണ് ബലിയുടെ ആദ്യകര്‍മ്മം. പിന്നെ ഇലയിലെ അരിയും മറ്റും തലയിലേറ്റി തീര്‍ത്ഥത്തിലേക്കിറങ്ങി പിന്നിലേക്കിടുന്നു. വാവു ദിവസം ഉച്ചയ്‌ക്ക് സദ്യയോടെയാണ് ഭക്ഷണം. രാത്രിയില്‍ പിതൃക്കള്‍ക്ക് പ്രത്യേക സദ്യയൊരുക്കുന്ന  പതിവുമുണ്ട്. പിതൃക്കള്‍ ഈ സദ്യയുണ്ണാന്‍ എത്തുമെന്നാണ് വിശ്വാസം. പിന്മുറക്കാര്‍ ഇപ്പോഴും സുഭിക്ഷമായാണോ ജീവിക്കുന്നത് എന്നറിയാനാണത്രെ പിതൃക്കള്‍ രാത്രിയില്‍ എത്തുന്നത്.

ബ്രഹ്മദേവനാണ് തിരുനെല്ലി ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. കുടക് മലകളോട് ചേര്‍ന്ന് കിടക്കുന്ന ബ്രഹമഗിരിയിലെത്തിയ ബ്രഹ്മദേവന്‍ അവിടുത്തെ സമ്മോഹന പ്രകൃതിയില്‍ വിഷ്ണു സാന്നിധ്യം തിരിച്ചറിഞ്ഞു. മലയില്‍ കണ്ടെത്തിയ വിഷ്ണുശില ബ്രഹ്മഗിരിയുടെ താഴ്‌വാരമായ തിരുനെല്ലിയില്‍ പ്രതിഷ്ഠിച്ചു.  

ബലി സങ്കല്‍പം, ഉണ്ണിയച്ചി ചരിതം എന്നീ ഗ്രന്ഥങ്ങളിലെല്ലാം തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആമലക(നെല്ലിക്ക) ക്ഷേത്രമെന്നും തിരുനെല്ലി ക്ഷേത്രം അറിയപ്പെടുന്നു. ഇവിടെ നെല്ലിക്ക വീണ് കല്ലായ തീര്‍ത്ഥ സ്ഥലത്ത് ഗുണ്ടിക ഗുഹയെന്നൊരു ഭാഗവുമുണ്ട്. പഴയകാലത്ത് കുടകന്‍മാരായ ഭക്തര്‍ ഇവിടെ വന്ന് ഗുണ്ടിക ദര്‍ശന പൂജകള്‍ നടത്തിയിരുന്നു. കുടകിലെ തലക്കാവേരിയിലും തിരുനെല്ലിയിലെ ഗുണ്ടികാ സ്ഥാനത്തിന് സമാനമായ ഒരു തീര്‍ത്ഥ സ്ഥാനമുണ്ട്.  

ഗുണ്ടികാ ദര്‍ശനം, ക്ഷേത്രത്തിനു താഴെയുള്ള ദൈവത്താര്‍ മണ്ഡപ ദര്‍ശനം എന്നീ ചടങ്ങുകള്‍ക്ക് ശേഷമേ പണ്ട് മഹാവിഷ്ണു ക്ഷേത്രദര്‍ശനം നടത്തിയിരുന്നുള്ളു. തിരുനെല്ലിയുടെ ശിരസാണ് തൃശിലേരി എന്നാണ് ജ്ഞാനികളുടെ മതം. ശൈവ-വൈഷ്ണവ സംഘര്‍ഷ കാലത്ത് തിരുനെല്ലിയില്‍ നിന്ന് മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ശിവ ചൈതന്യമാണ് തൃശിലേരി ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്.    

പാപനാശിനി പുഴയുടെ ഉത്ഭവം ബ്രഹ്മഗിരിയുടെ നിഗൂഢത സങ്കേതങ്ങളില്‍ എവിടെയോ ആണ്. ഔഷധ ഗുണ പ്രധാനങ്ങളായ അപൂര്‍വ സസ്യങ്ങളുടെ കേദാരം കൂടിയാണ് ബ്രഹ്മഗിരി. പാപനാശിനി ഒഴുകി വരുന്ന പിണ്ഡപാറയിലാണ് മരിച്ചവര്‍ക്ക്  പിണ്ഡം വെയ്‌ക്കുന്നത്.  

പാപനാശിനി, പക്ഷിപാതാളം അഥവാ ഋഷി പാതാളം, തൃശിലേരി, കാളിന്ദി എന്നീ നാല് ദിവ്യ സ്ഥാനങ്ങള്‍ തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്നു.  

വൈഷ്ണവ സങ്കല്‍പങ്ങള്‍ വരുന്നതിന് മുമ്പ് വയനാട്ടിലെ ആദിവാസികള്‍ ദൈവത്താര്‍ എന്നൊരു കല്‍പനയെ ആരാധിച്ചിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന് താഴെയുള്ള ദൈവത്താര്‍ മണ്ഡപം ഇതുമായി ബന്ധപ്പെട്ട ആരാധനാ സ്ഥാനമാണ്. മറ്റൊരു പ്രധാന സ്ഥലമാണ് പഞ്ചതീര്‍ത്ഥക്കുളം. ബ്രഹ്മഗിരിയില്‍ നിന്ന് ഉറവെടുക്കുന്ന  ചക്രതീര്‍ത്ഥം, പത്മതീര്‍ത്ഥം, പാദതീര്‍ത്ഥം, ചെറുഗദാതീര്‍ത്ഥം, ശംഖ് തീര്‍ത്ഥം എന്നിവ ചേര്‍ന്നതാണ് പഞ്ചതീര്‍ത്ഥം.

ക്ഷേത്രക്കിണര്‍ ഇല്ലാത്ത ക്ഷേത്രമാണ് തിരുനെല്ലി.  

പാപനാശിനിയില്‍ നിന്ന് കല്ലുപാത്തി വഴി എത്തുന്ന ജലമാണ് ക്ഷേത്രങ്ങള്‍ക്കാവശ്യമായി ഉപയോഗിക്കുന്നത്.  

ഇപ്പോഴും തിരുനെല്ലി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പൂജാനന്തരം മറ്റൊരു പൂജയ്‌ക്കായുള്ള ദ്രവ്യങ്ങള്‍ ഒരുക്കിവെച്ച ശേഷമാണ് നടയടക്കാറ്. ബ്രഹ്മഗിരി മലയുടെ സൗന്ദര്യം കണ്ട് മലയിലെത്തി വിഷ്ണുസാന്നിധ്യം അറിഞ്ഞ് വിഷ്ണുശില തിരുനെല്ലിയില്‍ പ്രതിഷ്ഠിച്ച ബ്രഹ്മദേവന്‍ നടയടച്ച് കഴിഞ്ഞാല്‍ ക്ഷേത്രത്തിലെത്തി  

പൂജ നടത്തുമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍. തിരുനെല്ലി ക്ഷേത്രത്തിനടുത്ത് ശ്രീ പരമേശ്വരന്‍ ഗുഹാവാസിയായി താമസിച്ചു എന്നും പറയപ്പെടുന്നു. ഇതു സ്വയംഭൂ ശിവനാണെന്നാണ് വിശ്വാസം.  

ബ്രഹ്മഗിരിയിലെ ‘ഭൂതത്താന്‍ കുന്ന്’ കയറി ഇറങ്ങിയാല്‍ പന്ത്രണ്ട് നാഴികയാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലേയ്‌ക്കുള്ള ദൂരം. കൊട്ടിയൂര്‍ ക്ഷേത്രോത്സവത്തിന് മുമ്പ് തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേയ്‌ക്ക് ഭൂതത്താന്‍മാരെ പറഞ്ഞയക്കല്‍ എന്നൊരു എന്നൊരു ചടങ്ങ് ഇടവത്തിലെ വിശാഖം നാളില്‍ തിരുനെല്ലിയിലും കൊട്ടിയൂര്‍ ഉത്സവാനന്തരം ഈ ഭൂതത്താന്‍മാരെ തിരുനെല്ലിയിലേയ്‌ക്ക് തിരിച്ചയക്കല്‍ എന്നൊരു ചടങ്ങ് കൊട്ടിയൂരിലും അനുഷ്ഠിച്ച് വരുന്നു.  

തിരുനെല്ലി ക്ഷേത്രത്തിലെ തര്‍പ്പണ ഘട്ടങ്ങളിലുള്ള ചടങ്ങ് പിണ്ഠം, ബലിയിടല്‍, തര്‍പ്പണം മുതലായവയാണ്. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ നീളുന്ന നിത്യബലിയാണ് ദീക്ഷപിണ്ഠം. ഇതൊരു വഴിപാടാണ്. തിലഹോമം, അന്നദാനം, പ്രതിമ ഒപ്പിക്കല്‍,  പിതൃപൂജ, പിതൃനമസ്‌കാരം മുതലായ വഴിപാടും ഇവിടെ നടത്തപ്പെടുന്നു. അതോടൊപ്പം വിഷ്ണുപ്രീതീകരമായതും, ശിവപ്രീതികരമായതും, ഗണപതി പ്രീതികരമായതുമായ പൂജകള്‍, കെട്ടുനിറ, രോഗശമനകരം, സന്താന ലാഭകരം, ദീര്‍ഘായൂസ്സ് എന്നിവയ്‌ക്കുള്ള വഴിപാടുകളും നടത്തുന്നു.  

വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിന് നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ധാരാളം സഞ്ചാരികളും തിരുനെല്ലിയിലേയ്‌ക്ക് എത്തുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by