തൃശൂര്‍: അരയന്ന തൂവലില്‍ താന്‍ വരച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ നാല് കാലഘട്ടങ്ങളിലെ മുഖചിത്രം അദ്ദേഹത്തിന് നേരിട്ട് നല്‍കാനുള്ള ശ്രമത്തിലാണ് ലാഗ്മി എന്ന പെണ്‍കുട്ടി. പക്ഷിത്തൂവലുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധയായ മായനാട് സ്വദേശി ലാഗ്മി മേനോനാണ് പ്രധാനമന്ത്രിക്ക് സമ്മാനിക്കാനായി അദ്ദേഹത്തിന്റെ യൗവ്വന കാലം മുതലുള്ള രൂപങ്ങള്‍ തൂവല്‍ ചിത്രങ്ങളാക്കിയിട്ടുള്ളത്.
മായനാട് പുല്ലാട്ട് പറമ്പില്‍ രവീന്ദ്രമേനോന്‍ – അംബുജം ദമ്പതികളുടെ മകളാണ് ലാഗ്മി മേനോന്. എംബിഎ കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടെയാണ് ലാഗ്മി തൂവലില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസം പത്ത് തൂവലുകളിലായി ലാഗ്മി വരച്ച ദശാവതാര ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. കാക്കത്തൂവലില്‍ തുടങ്ങി പ്രാവ്, അരയന്നം എന്നിവയുടെ തൂവലിലും ഈ കലാകാരി ചിത്രങ്ങള്‍ വരയ്ക്കും. ഇതിനാവശ്യമായ തൂവലുകള്‍ സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈനായുമാണ് ശേഖരിക്കുന്നത്. അക്രലിക് കളര്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്ക് വര്‍ണം പകരുന്നത്.
മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ വിവിധ കഥാപാത്രങ്ങളെ ഒറ്റത്തൂവലില്‍ വരയ്ക്കുന്നത് ശ്രദ്ധേയമാണ്. ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത്സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ ചിത്രങ്ങള്‍ വരച്ചതിന് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുനൂറില്‍പ്പരം വ്യത്യസ്ത തൂവല്‍ ചിത്രങ്ങള്‍ ലാഗ്മി ഇതിനകം വരച്ചിട്ടുണ്ട്. ഗുളികയിലും തുവരപരിപ്പിലും വരച്ച ഗണപതി, അണ്ടിപ്പരിപ്പില്‍ കൃഷ്ണനും കുചേലനും, മഞ്ചാടിക്കുരുവില്‍ ഉണ്ണിക്കണ്ണന്, ഉണക്കമുന്തിരിയില്‍ സാന്റാക്ലോസ്, ബ്ളേഡില്‍ റെഡ് ഫോര്‍ട്ട് എന്നു വേണ്ട മത്തങ്ങയുടെ കുരുവില്‍ വരച്ച ഗാന്ധിജിയുടെ ചിത്രവും ആരെയും അതിശയിപ്പിക്കുന്നതാണ്.
സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മൂന്ന് വ്യത്യസ്ത കഥപ്രാത്രങ്ങളെ ഒറ്റത്തൂവലില്‍ വരയ്ക്കാനുള്ള ഒരുക്കത്തിലാണ് ലാഗ്മി. പ്രധാനമന്ത്രിയുടെ ചിത്രം അരയന്ന തൂവലില്‍ അഞ്ച് ദിവസം കൊണ്ടാണ് വരച്ചത്. ഇനി ഈ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: