ഈ ദിവസം ഭാരതത്തിന്റെ ചരിത്രത്തില്‍ എന്നും പൂത്തുലഞ്ഞു നില്ക്കും. ഗോത്ര വര്‍ഗത്തിന്റെയും വനിതകളുടേയും പ്രതിനിധിയായ ദ്രൗപദീ മുര്‍മൂ രാഷ്ട്രത്തിന്റെ പരമോന്നത പദവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവസം. ഇനി, ചുമതലയേല്‍ക്കുക എന്ന ഔപചാരികത മാത്രം ബാക്കി.
അര്‍ഹതയ്ക്കും യോഗ്യതയ്ക്കും ബിജെപി ഇതര സര്‍ക്കാരുകള്‍ പിന്തുടര്ന്നു പോന്ന മാനദണ്ഡങ്ങള്‍ ആകെ ഉടച്ചുവാര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടികളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഈ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം. അത്തരം വേറിട്ട പാതയ്ക്കു കിട്ടിയ അംഗീകാരംകൂടിയാണ് രാഷ്ട്രീയ ശക്തിബന്ധങ്ങള്‍ക്കും സമവാക്യങ്ങള്‍ക്കും അപ്പുറം ദ്രൗപദീ മുര്‍മൂവിനു കിട്ടിയ അംഗീകാരം. രാഷ്ട്രമനസ്സിന്റെ അംഗീകാരമാണത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ അതു വലിയ സ്വാധീനം ചെലുത്തും.
സ്വതന്ത്ര ഭാരതത്തില്‍ മൂന്നു തവണയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ അധികാരത്തിലിരിക്കെ ബിജെപിക്ക് അവസരം ലഭിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്ന 2002, 2017, 2022 എന്നീ വര്‍ഷങ്ങളെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏറെ പ്രത്യേകതകളുള്ളതാക്കി മാറ്റാനും ബിജെപിക്ക് സാധിച്ചു. രാജ്യത്തിന്റെ സാമൂഹ്യവും സാംസ്കാരികവും ജൈവീകവുമായ പ്രത്യേകതകളെ ഉയര്‍ത്തിപ്പിടിച്ച് ബിജെപി അവതരിപ്പിച്ച മൂന്നു സ്ഥാനാര്‍ത്ഥികളും മികച്ച വിജയമാണ് കരസ്ഥമാക്കിയത്. മികച്ച രാഷ്ട്രപതിമാരെ മുന്നോട്ട് വെയ്ക്കുന്ന ബിജെപി ഇന്ത്യക്കും ലോകത്തിനും നല്കുന്ന സന്ദേശം വ്യക്തമാണ്. ഇന്നാട്ടിലെ വലിയൊരു ജനവിഭാഗം ഇതു തിരിച്ചറിയുകയും ചെയ്യുന്നു. ഇനിയും അതു മനസിലാകുന്നില്ലെന്ന് നടിക്കുന്നവരെ നമുക്ക് വെറുതെ വിടാം.
ദേശീയ മുസ്ലിം എന്ന വിശേഷണത്തിന് അര്‍ഹനായ പ്രശസ്ത ശാസ്ത്രജ്ഞന് ഡോ. എ.പി.ജെ അബ്ദുള്‍ കലാം 2002ലും സുപ്രീംകോടതി അഭിഭാഷകനും ബീഹാര്‍ ഗവര്‍ണറും ദളിത് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ രാംനാഥ് കോവിന്ദ് 2017ലും രാഷ്ട്രപതി ഭവനിലേക്കെത്തിയത് ബിജെപിയുടെ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളുടെ പ്രതിഫലനമായാണ്. ഇപ്പോഴിതാ വനവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയായി ദ്രൗപദീ മുര്‍മൂ വിജയിച്ച ചരിത്ര നിമിഷവും പിറന്നിരിക്കുന്നു. എത്ര സുന്ദരമായ നിമിഷം..!
2002ല്‍ ബിജെപി ആദ്യം ഇന്ദിരാഗാന്ധിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമിഴ്നാട്, മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന പി.സി. അലക്സാണ്ടറിന്റെ പേരാണ് മുന്നോട്ട് വെച്ചത്.കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ക്രൈസ്തവ വിഭാഗക്കാരനായ നേതാവിനെ മുന്നോട്ട് വെച്ച ബിജെപി നീക്കം പിന്‍വലിക്കേണ്ടിവന്നതും പകരം രാജ്യത്തിന്റെ മിസൈല്മാന് അബ്ദുള്‍ കലാം രാഷ്ട്രപതിയായതും.
2017ലും 2022ലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. വലിയ ഭൂരിപക്ഷത്തില്‍ ബിജെപി രാജ്യം ഭരിക്കുന്ന കാലമാണ്. കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് തനിച്ച് സാഹചര്യമുള്ള സമയം. ബിജെപിയുടെ കരുത്തരായ നേതാക്കളില്‍ ആര്‍ക്കും പ്രഥമ പൗരന്റെ പദത്തിലേക്ക് അനായാസം എത്താന്‍ സാധിക്കുമെന്നുറപ്പ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലും സാമൂഹ്യ സമരസതയുടെ ചരിത്രം രചിക്കുകയെന്ന ദൗത്യമാണ് ബിജെപി നിര്‍വഹിച്ചത്. രാംനാഥ് കോവിന്ദും ഇത്തവണ ദ്രൗപദീ മുര്‍മൂവും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത് ബിജെപി മുന്നോട്ട് വെയ്ക്കുന്ന കാഴ്ചപ്പാടുകളുടെ ഭാഗമായാണ്.
പ്രതിപക്ഷത്തെ ഭിന്നത ബിജെപി മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് വ്യക്തം. വനവാസി വിഭാഗത്തില്‍ നിന്ന് ഒരു വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പിന്തുണയ്ക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ജനാധിപത്യ ബോധമുള്ള എത്ര നേതാക്കള്‍ക്ക് സാധിക്കും. പ്രതീക്ഷിച്ചപോലെ തന്നെ പ്രതിപക്ഷം ഛിന്നഭിന്നമായി. ഒറീസ ഭരിക്കുന്ന ബിജെഡിയും ഝാര്‍ഖണ്ഡ് ഭരിക്കുന്ന ജെഎംഎമ്മും മുര്മുവിനൊപ്പമെന്ന് ആദ്യമേ പ്രഖ്യാപിച്ചു. ശിവസേനയും ബിഎസ്പിയും ശിരോമണി അകാലിദളും വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും എഐഎഡിഎംകെയും ജെഡിഎസും ജെഡിയുവും ഇരുപതിലധികം പ്രാദേശിക പാര്‍ട്ടികളും ദ്രൗപദീ മുര്മൂവിനൊപ്പമെന്ന് വ്യക്തമാക്കി.
കോണ്‍ഗ്രസും സിപിഎമ്മും ആര്‍ജെഡിയും എസ്പിയും തൃണമൂല്‍ കോണ്‍ഗ്രസും മാത്രമായി പ്രതിപക്ഷനിര ചുരുങ്ങുന്ന കാഴ്ചയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കണ്ടു. കോണ്‍ഗ്രസിലെയും എസ്പിയിലേയും എംഎല്‍എമാര്‍ വരെ ദ്രൗപദീയെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയതു ശ്രദ്ധേയമായി. മുര്‍മൂ നേടിയ ഈ വിജയം ഇന്ത്യയുടെ വനവാസി വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനകളാണ്. ഇതു തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് രംഗത്തെത്തേണ്ടി വന്നത്.
ദളിത്, വനവാസി ജനവിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് മേനി നടിക്കുന്ന ഇടതുപക്ഷവും ഇടതു ലിബറലുകളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളും രാംനാഥ് കോവിന്ദിനോടും ദ്രൗപദീ മുര്മൂവിനോടും ചെയ്തതിന് കാലം കണക്കു ചോദിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: