Categories: Kerala

മാതൃത്വത്തിന്റെ കവയിത്രിയായ ബാലാമണിയമ്മയ്‌ക്ക് 113ാം ജന്മദിനത്തില്‍ ഗൂഗിളിന്റെയും ആദരം

മലയാളത്തിലെ മാതൃത്വത്തിന്‍റെ കവയിത്രിയായ ബാലാമണിയമ്മയുടെ 113ാം ജന്മദിനത്തില്‍ പ്രത്യേക ഡൂഡില്‍ ഇറക്കി ഗൂഗിളിന്‍റെ ആദരം. മാതൃത്വത്തിന്‍റെ കവയിത്രി ആയാണ് അറിയപ്പെടുന്നതെങ്കിലും വാത്സല്യവും ഭക്തിയും പ്രേമവും എല്ലാം അവരുടെ കവിതകളില്‍ നിറയുന്ന അനുഭവങ്ങളാണ്.

Published by

തിരുവനന്തപുരം: മലയാളത്തിലെ മാതൃത്വത്തിന്റെ കവയിത്രിയായ ബാലാമണിയമ്മയുടെ 113ാം ജന്മദിനത്തില്‍ പ്രത്യേക ഡൂഡില്‍ ഇറക്കി ഗൂഗിളിന്റെ ആദരം. മാതൃത്വത്തിന്റെ കവയിത്രി ആയാണ് അറിയപ്പെടുന്നതെങ്കിലും വാത്സല്യവും ഭക്തിയും പ്രേമവും എല്ലാം അവരുടെ കവിതകളില്‍ നിറയുന്ന അനുഭവങ്ങളാണ്.  

തന്റെ വീടിന്റെ കോലായില്‍ ഇരുന്ന് ബാലമണിയമ്മ ഒരു കവിത കുറിക്കുന്ന ചിത്രമാണ് ഗൂഗിള്‍ ഡൂഡിലായി അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ ചിത്രകാരി  ദേവിക രാമചന്ദ്രനാണ് ഈ  ഡൂഡിൽ വരച്ചിരിക്കുന്നത്. പ്രശസ്തരായ പലരുടെയും ജന്മദിനത്തിനും ചരമദിനത്തിനുമൊക്കെ ആദരവെന്ന നിലയില്‍ ഗൂഗിള്‍ സെര്‍ച്ച് ബോക്സിന് തൊട്ട് മുകളിലായി ഗ്രാഫിക്കായോ, പെയിന്‍റിങ്ങായോ രേഖചിത്രമായോ ആണ് ഡൂഡിലുകള്‍ പ്രത്യക്ഷപ്പെടുക. ആ സവിശേഷ ആദരവാണ് ബാലാമണിയമ്മയുടെ 113ാം ജന്മദിനത്തിന് ഗൂഗിള്‍ നല്‍കിയത്. 

കേരളത്തിലെ പ്രസിദ്ധ സാഹിത്യത്തറവാടായ തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടിലായിരുന്നു ബാലാമണിയമ്മ ജനിച്ചത്. 1909 ജൂലൈ 19-ന് ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരുടെ മകളായി ജനനം. പകരം പ്രശസ്ത മലയാളി കവി കൂടിയായ അമ്മാവൻ നാലപ്പാട്ട് നാരായണ മേനോനാണ് വീട്ടിൽ നിന്നുതന്നെ കവയത്രിയെ പഠിപ്പിച്ചത്. ചെറുപ്പത്തിൽ പഠിച്ച പുസ്തകങ്ങളുടെയും കൃതികളുടെയും വലിയ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. കവി വള്ളത്തോളിന്റെ പ്രോത്സാഹനമായിരുന്നു പ്രചോദനം.  

1928ല്‍ കൊല്‍ക്കൊത്ത ബ്രിട്ടീഷ് കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ വി.എം. നായരെ വിവാഹം കഴിച്ചു. വി.എം. നായര്‍ പിന്നീട് മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായി. പ്രശസ്ത കഥാകൃത്ത് മാധവിക്കുട്ടി മകളാണ്.  

രാജ്യത്തിന്റെ പ്രശസ്ത സാഹിത്യ പുരസ്‌കാരമായ സരസ്വതി സമ്മാൻ, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മവിഭൂഷൺ എന്നിവയുൾപ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ ബാലാമണി അമ്മ നേടിയിട്ടുണ്ട്. 1947ല്‍ കൊച്ചി രാജാവില്‍ നിന്നും സാഹിത്യ നിപുണ ബഹുമതിയും ലഭിച്ചു.  

‘കൂപ്പുകൈ’ ആണ് ബാലാമണിയമ്മയുടെ ആദ്യ കവിത. മാതൃത്വമായിരുന്നു പല ആദ്യകാല കവിതകളിലെയും പ്രമേയം. പുരാണ കഥാപാത്രങ്ങളുടെ ആശയങ്ങളും കഥകളും സ്വീകരിച്ചായിരുന്നു കവിതകൾ രചിച്ചിരുന്നത്. അമ്മ (1934), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966) എന്നിവയാണ് ബാലാമണിയമ്മയുടെ ഏറ്റവും പ്രശസ്തമായ കൃതികൾ. സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയില്‍, ഊഞ്ഞാലിന്മേല്‍, പ്രണാമം, മുത്തശ്ശി, നിവേദ്യം, ലോകാന്തരങ്ങളില്‍, തുടങ്ങി കൃതികളും സ്വന്തമായുണ്ട്.  

ജീവിത സായാഹ്നത്തില്‍ അൽഷിമേഴ്സ് ബാധിച്ചു. അഞ്ചു വര്‍ഷത്തെ രോഗപീഢയ്‌ക്ക് ശേഷം    2004 സെപ്റ്റംബർ 29-ന് തന്റെ 95ാം വയസ്സില്‍ അന്തരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക