മനോഹര്‍ ഇരിങ്ങല്‍
അതീവ വിസ്തൃതിയില്‍ ചെങ്കുത്തായതും അല്ലാത്തതുമായ മലനിരകള്‍, നിബിഡ വനങ്ങള്‍, കുടക് മലകളുടെ കാനന ഭംഗികള്‍, അരുവികള്‍, ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍, വിവിധതരം ശലഭങ്ങള്‍, അപൂര്‍വ്വയിനം ഔഷധ സസ്യങ്ങള്‍, കിളികള്‍, കാട്ടുമൃഗങ്ങള്‍… പാലക്കയം തട്ടിനെപ്പറ്റി എത്ര വര്‍ണ്ണിച്ചാലും മതിവരാത്തതും അതുകൊണ്ടാണ്.
സഹ്യപര്‍വതമലനിരകളോടു ചേര്‍ന്ന് കിടക്കുന്ന കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാരം കേന്ദ്രമായ പാലക്കയംതട്ട് കേരളത്തിലെ ഊട്ടി എന്ന പേരിലും അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തുനിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. സദാസമയവും വീശിയടിക്കുന്ന നനുത്ത കുളിര്‍കാറ്റ്, മൂടല്‍ മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന പ്രകൃതി, ദൃശ്യമികവ്… ഇവയെല്ലാം പാലക്കയംതട്ടിന്റെ പ്രത്യേകതകളാണ്. ദിവസേന നൂറുകണക്കിനാളുകളാണ് കുട്ടികളോടൊപ്പം അവധിക്കാലം ആസ്വദിക്കാനും മറ്റുമായി ഇവിടെ എത്തുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്.
തളിപ്പറമ്പിലെ നടുവില്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടമലയോര പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ എന്ന പോലെ സൂര്യാദയവും അസ്തമയവും കാഴ്‌ച്ചകളുടെ ചേതോഹര വര്‍ണ വിസ്മയമാണ് സന്ദര്‍ശകര്‍ക്കു പകരുന്നത്.
പാലക്കയംതട്ടിന്റെ താഴ്വാരങ്ങളില്‍ ഭൂരിഭാഗവും മധ്യകേരളത്തില്‍ നിന്നെത്തിയ കുടിയേറ്റക്കാരാണ് താമസിക്കുന്നത്. അതുകൊണ്ട് കോട്ടയം തട്ട് എന്നൊരു വിളിപ്പേരുമുണ്ട്. റബ്ബര്‍, കൊക്കോ, മറ്റു കാര്‍ഷിക വിളകളുടെയെല്ലാം വിളനിലമാണ് ഈ പ്രദേശങ്ങള്‍. പാലക്കയം തട്ടിലേക്കുള്ള യാത്രക്കിടയിലെ പ്രധാന ആകര്‍ഷണ കേന്ദ്രം ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള ജാനുപ്പാറ വെള്ളച്ചാട്ടമാണ്. പ്രകൃതിയുടെ കരവിരുതിന്റെ മറ്റൊരു വിസ്മയലോകമാണിത്. ഈ വെള്ളച്ചാട്ടം പാലക്കയം തട്ടിന്റെ വിവിധ കൈവഴികളിലൂടെ ഒഴുകിവരുന്ന കൊല്ലന്തോടില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.
നൂറ്റാണ്ടുകളുടെ കഥ പറയുന്ന പ്രകൃതി നിര്‍മ്മിത ഗുഹയായ അയ്യന്‍മടയും സഞ്ചാരികള്‍ക് കൗതുകം പകരുന്ന കാഴ്‌ച്ച കളാണ്. 500 മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഈ ഗുഹക്കുള്ളില്‍ ബുദ്ധ സംന്യാസികള്‍ ധ്യാനമിരുന്നതായും കരുതപ്പെടുന്നു. ശ്രീബുദ്ധനുമായി ബന്ധപ്പെട്ടാണ് ‘അയ്യന്‍മട’ എന്ന് ഈ ഗുഹയ്‌ക്ക് പേര് ലഭിച്ചതത്രെ. അപൂര്‍വ്വയിനം മത്സ്യ, ഉഭയജീവി വൈവിധ്യമുള്ള ഈ ഗുഹയുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അത്യപൂര്‍വ ഗോത്ര വിഭാഗത്തില്‍പ്പെട്ട കരിംപാലര്‍ ആദിവാസി സമൂഹം അധിവസിക്കുന്ന ഏക പ്രദേശം കൂടിയാണ് പാലക്കയംതട്ടിലെ താഴ്‌വാരത്തുള്ള വനപ്രദേശങ്ങള്‍. ഈ കാട്ടിനുള്ളില്‍ ഇതുവരെ മനുഷ്യസ്പര്‍ശമോ വെളിച്ചമോ ഏല്‍ക്കാതെ കരിംപാല ഗോത്രക്കാര്‍ കാത്തുസംരക്ഷിക്കുന്ന അതിനിഗൂഢ മേഖലകള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നുള്ളതും വെളിപ്പെടുത്താത്ത രഹസ്യങ്ങളില്‍ ചിലതാണ്.
ജില്ലാ ടൂറിസം കൗണ്‍സില്‍ സഞ്ചാരികള്‍ക്ക് വിദൂര കാഴ്ചകള്‍ ആവോളം കണ്ടാസ്വദിക്കുന്നതിനു വേണ്ടി പാലക്കയംതട്ടിന്റെ മുകള്‍ പരപ്പില്‍ രണ്ടു വലിയ സിമെന്റ് ഫ്രെയിം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ നോക്കിയാല്‍ ജില്ലയിലെ മൂന്നാര്‍ എന്നറിയപ്പെടുന്ന പൈതല്‍മലയുടെ മനോഹാരിതയും വളപട്ടണം പുഴയിലെ കണ്ടല്‍കാടിന്റെ സമൃദ്ധിയും കുടകുമലയുടെ ചേതോഹാരിതയും കാണാം, ഇതുവഴി ജീവിതത്തിന്റെ മടുപ്പും അസ്വസ്ഥതകളും മറന്നു സഞ്ചാരികള്‍ക്ക് സ്വര്‍ഗഭൂമിയിലെത്തിയ പോലെ ആര്‍ത്തുല്ലസിച്ചു ആഹ്ലാദിക്കുവാന്‍ സാധിക്കും.
സര്‍ക്കാര്‍, സ്വകാര്യ വ്യക്തികളുടെ അധീനതയിലാണ് നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ടുള്‍പ്പെടുന്ന പല മേഖലകളും. കണ്ണൂര്‍ തളിപ്പറമ്പ് വഴി നടുവില്‍ കുടിയാന്‍ മലയിലേക്കുള്ള ബസില്‍ കയറിയാല്‍ മണ്ടളം എന്ന സ്ഥലത്തിറങ്ങി പാലക്കയം തട്ടുവരെ ജീപ്പില്‍ പോകാം. പ്രവേശന കവാടത്തിനരികില്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലാണിത്. ആയിരത്തിലേറെ സഞ്ചാരികള്‍ വന്നുപോകുന്ന പൈതല്‍മലയും പാലക്കയം തട്ടുമായി ബന്ധിച്ചു റോപ്പ് വേയും എക്കോ ടൂറിസവും പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ജില്ലയിലെ ഈ വിനോദസഞ്ചാരമേഖലയ്‌ക്കു പുതിയൊരു മാനം കൈവരുമെന്നാണ് മലയോര മേഖലാ ടൂറിസം വികസന സമിതി കണ്‍വീനര്‍ ബെന്നി മുട്ടത്തിനെ പോലുള്ളവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: