Categories: Article

എം.എം.മണിയുടെ അധിക്ഷേപം; പ്രക്ഷുബ്ധമായി സഭ

ഇന്നലെ രാവിലെ 9ന് സ്പീക്കര്‍ എം.ബി. രാജേഷ് ചെയറിലേക്ക് എത്തിയപ്പോള്‍തന്നെ പ്രതിപക്ഷം എം.എം.മണിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിക്കാട്ടി. ചോദ്യോത്തരവേള തുടങ്ങും മുമ്പുതന്നെ പ്രതിപക്ഷനേതാവ് വി.ഡിസതീശന്‍ എഴുന്നേറ്റ് എം.എം.മണി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടു.

Published by

വിവാദമെത്രയുണ്ടായാലും, അഹങ്കാരം കൈമുതലാക്കിയ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി ധാര്‍ഷ്ട്യം  തുടരുകയാണ്. വടകര എംഎല്‍എ കെ.കെ. രമയ്‌ക്ക് എതിരായ ‘വിധവയായത് അവരുടെ വിധി’ എന്ന എം.എം.മണിയുടെ പരാമര്‍ശത്തിനെതിരെ സഭ ഇന്നലെയും പ്രക്ഷുബ്ധമായി. തുര്‍ടന്ന് ചോദ്യോത്തരം നിര്‍ത്തി വച്ചു. എം.എം.മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  

ഇന്നലെ രാവിലെ 9ന് സ്പീക്കര്‍ എം.ബി. രാജേഷ് ചെയറിലേക്ക് എത്തിയപ്പോള്‍തന്നെ പ്രതിപക്ഷം എം.എം.മണിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിക്കാട്ടി. ചോദ്യോത്തരവേള തുടങ്ങും മുമ്പുതന്നെ പ്രതിപക്ഷനേതാവ് വി.ഡിസതീശന്‍ എഴുന്നേറ്റ് എം.എം.മണി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിയമ മന്ത്രി പി.രാജീവ് എഴുന്നേറ്റ് ഇരന്നുവാങ്ങിയ രക്ത സാക്ഷിത്വം എന്ന കെപിസിസി പ്രസിഡന്റ് ജി. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടി.പി.ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാര്‍ട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാര്‍ട്ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തില്‍ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എം.എം.മണി പറഞ്ഞതെന്ന് പി.രാജീവ് വ്യക്തമാക്കി.

ഇതോടെ സ്പീക്കര്‍ വിഷയത്തില്‍ ഇടപെട്ടു. അണ്‍ പാര്‍ലമെന്ററി പരാമര്‍ശങ്ങള്‍ പിന്നീട് പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് പറഞ്ഞു. ചെയറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപോലും മണിയെ ന്യായീകരിക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. തദ്ദേശമന്ത്രി എം.വി ഗോവിന്ദനെ മറുപടി പറയാന്‍ സ്പീക്കര്‍ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.  

സഹകരിക്കണം എന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ഇതിനിടെ മന്ത്രി മറുപടി മേശപ്പുറത്ത് വച്ചു. തുടര്‍ന്ന് ദലീമ ജോജോയെ സ്പീക്കര്‍ ഉപ ചോദ്യത്തിനായി ക്ഷണിച്ചു. ഇതോടെ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് പ്രതിഷേധം എത്തി.  ഇതോടെ ചോദ്യോത്തര വേള റദ്ദാക്കിയെന്ന് സ്പീക്കര്‍ അറിയിച്ചു. പിന്നാലെ ധനാഭ്യര്‍ത്ഥനകള്‍ മേശപ്പുറത്ത് വയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇത് പൂര്‍ത്തിയായതോടെ തിങ്കളാഴ്ച ചേരുമെന്ന് അറിയിച്ചുകൊണ്ട് നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു. തുടര്‍ന്ന് ടി.പി.ചന്ദ്രശേഖരന്റെ ചിത്രവും പ്ലര്‍ഡുകളുമായി പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതേസമയം എം.എം.മണി സഭയില്‍ പരാമര്‍ശം നടത്തുമ്പോള്‍ സ്പീക്കര്‍ ചെയര്‍ നിയന്ത്രിച്ചിരുന്ന സിപിഎം എംഎല്‍എ എ.കെ.വിജയന്‍ മണിയുടെ പ്രസ്താവന ശരിയല്ലെന്ന് സഭാ സെക്രട്ടറിയോട്  പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ‘അത് ശരിക്കും പറയാന്‍ പാടില്ലാത്തതാണ്. എന്താ ചെയ്യുക, സ്പീക്കര്‍ വരുമോ’ എന്നായിരുന്നു ചോദ്യം.    

‘വിധവയായത് അവരുടെ വിധി’ ഖേദവുമില്ലെന്ന്  എം.എം. മണി  

നിയമസഭയില്‍ കെ.കെ.രമയ്‌ക്കെതിരെ നടത്തിയ ‘വിധവയായത് അവരുടെ വിധി’ പരാമര്‍ശത്തില്‍ ഖേദമില്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും  എം.എം.മണി. മുഖ്യമന്ത്രിയെ കെ.കെ.രമ നിയമസഭയില്‍ കടന്നാക്രമിച്ച് പ്രസംഗിച്ചതിനാണ് പ്രതികരണമെന്നും മണി പറഞ്ഞു.

ഒരു വര്‍ഷവും നാലു മാസവുമായി രമ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തേജോവധം ചെയ്തു സംസാരിക്കുന്നു.  അതേക്കുറിച്ച് പറയണമെന്ന് തോന്നി. നിയമസഭയിലെ അംഗങ്ങള്‍ക്കെല്ലാം തുല്യ പരിഗണനയാണ്. രമയ്‌ക്ക് പ്രത്യേക റിസര്‍വേഷന്‍ ഇല്ലാത്തതു കൊണ്ടാണ് പ്രതികരിച്ചത്. കെ.കെ.രമ കടന്നാക്രമിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.  

താന്‍ അവരെ മഹതി എന്നു പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ആരോ പ്രതിപക്ഷത്തുനിന്ന് അവര്‍ വിധവയല്ലേ എന്നു വിളിച്ചു ചോദിച്ചു. വിധവയായത് വിധിയല്ലേ എന്നു താന്‍ പറഞ്ഞു. അതു തെറ്റാണെന്നു തോന്നുന്നില്ല. ദൈവവിശ്വാസിയല്ല, അപ്പോള്‍ വായില്‍ വന്നത് പറഞ്ഞു. സിപിഎമ്മിനു ടിപി വധത്തില്‍ പങ്കില്ല. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടെങ്കില്‍ പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. തനിക്കു കെ.കെ.രമയോട് വിദ്വേഷമില്ല. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നുമായിരുന്നു എം.എം.മണിയുടെ ന്യായീകരണം.  

സിപിഎമ്മിന് ഭയം: കെ.കെ.രമ

ടി.പി.ചന്ദ്രശേഖരന്‍ ഇപ്പോഴും ജീവിക്കുകയാണെന്നും അത് സി പി എമ്മിനെ ഭയപ്പെടുത്തുകയാണെന്നും കെ.കെ.രമ എംഎല്‍എ.  

സി പി എമ്മിന് അസഹിഷ്ണുതയാണ്. അതുകൊണ്ടാണ് വിമര്‍ശനങ്ങളെപ്പോലും ഉള്‍ക്കൊള്ളാന്‍ ആകാത്തത്. അധിക്ഷേപം നീക്കം ചെയ്യുന്നതില്‍ പോലും തീരുമാനം ഉണ്ടാകുന്നില്ല. സിപിഎംകാരാണ് ചന്ദ്രശേഖരനെ കൊന്നതെന്ന് പൊതുസമൂഹത്തിന് അറിയാം. അവര്‍ അത് മനസിലാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതും ഇപ്പോഴും സംരക്ഷണം നല്‍കുന്നതും സിപിഎമ്മാണ്. വിധവ എന്ന വിധി കല്‍പിച്ചവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പറഞ്ഞതില്‍ തെല്ലും കുറ്റബോധമില്ലാതെ സിപിഎം അതിനെ ന്യായീകരിക്കുകയാണെന്നും കെ.കെ.രമ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by