Categories: Thrissur

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; ഇനി കച്ചവടം ഗോള്‍ഡന്‍ മാര്‍ക്കറ്റിൽ മതിയെന്ന് കോർപ്പറേഷൻ, പ്രതിഷേധവുമായി ബിഎംഎസും ഇടത് സംഘടനകളും

കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.

Published by

തൃശൂര്‍:  ജയ ബേക്കറി ജങ്ഷന്‍ മുതല്‍ ശക്തന്‍ സ്റ്റാന്റ് വരെ നാളെ മുതല്‍ റെഡ്‌സോണ്‍ ആയി കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഒഴിപ്പിക്കല്‍ നടപടി അറിയിച്ചുള്ള കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നോട്ടീസ് ഈഭാഗത്ത് പതിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍ ആവശ്യമായ എഗ്രിമെന്റ് സമര്‍പ്പിച്ച് കോര്‍പ്പറേഷന്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറണം.  നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നാളെ മുതല്‍ നിയമനാസൃതമുള്ള പിഴയുള്‍പ്പെടെ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നു. ശക്തനില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്കാണ് കച്ചവടക്കാരെ ഇന്നും നാളെയുമായി മാറ്റുന്നത്.  

ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ 16 മുതല്‍ നടത്തുമെന്ന് മേയര്‍ എം.കെ വര്‍ഗീസ്  അറിയിച്ചു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ബിഎംഎസും ഇടത് വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു. തിരക്കേറിയ മുംബൈയില്‍ പോലും തെരുവ് കച്ചവടം നടക്കുന്നുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് കൂടി പുനരധിവാസം നല്‍കിയതിന് ശേഷമേ എല്ലാവരെയും ഒഴിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് ബിന്നി ഇമ്മട്ടി ചൂണ്ടിക്കാട്ടി.  

കോര്‍പ്പറേഷന്റെ ലിസ്റ്റ് പ്രകാരം നഗരത്തിലെ 1700 വഴിയോര കച്ചവടക്കാരുണ്ട്. ഇവരില്‍ 214 പേരെ മാത്രമേ ഇപ്പോള്‍ പുനരധിവസിപ്പിക്കുന്നുള്ളൂ. മറ്റുള്ളവര്‍ പെരുവഴിയിലാകും. ഗോള്‍ഡന്‍ മാര്‍ക്കറ്റില്‍ പുനരധിവസിപ്പിക്കുന്ന 214 വഴിയോര കച്ചവടക്കാരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടും പുനരധിവാസം കിട്ടാത്ത 1486 പേര്‍ എങ്ങോട്ട് പോകുമെന്നാണ് വ്യാപാരി സംഘടനകളുടെ ചോദ്യം.   ചെരുപ്പ്, മണ്‍പാത്രം, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ കച്ചവടം ചെയ്യുന്നവരെല്ലാം കോര്‍പ്പറേഷന്‍ ഒഴിപ്പിക്കല്‍ നടപടിയോടെ വഴിയാധാരമാകും. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വഴിയോര കച്ചവട സംഘം (ബിഎംഎസ്) തൃശൂരില്‍ ഇന്ന് അടിയന്തിര യോഗം ചേരും. ഭാവി പരിപാടികളുടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോഗം തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts