തൃശൂര്‍ : തളിക്കുളത്ത് ബാര്‍ ഉടമയെ കുത്തിപ്പരിക്കേല്‍പിക്കുകയും സഹായിയെ കൊലപ്പെടുത്തുകയും ചെയ്തത് പ്രതികളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനാല്‍. മുന്‍ ജീവനക്കാരായ അതുല്‍, വിഷ്ണു എന്നിവര്‍ ബാറില്‍ നടത്തിയ സാമ്പത്തിക തിരുമറി ബാര്‍ ഉടമയായ കൃഷ്ണരാജ് കണ്ടെത്തിയിരുന്നു. ഇതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
പത്തുദിവസം മുമ്പാണ് കൃഷ്ണരാജ് തളിക്കുളത്ത് ബാര്‍ തുടങ്ങിയത്. ബാര്‍ തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ തന്നെ അതുലും വിഷ്ണുവും ബില്ലില്‍ ക്രമക്കേട് കാണിച്ചിരുന്നു. രണ്ടുലക്ഷത്തില്‍താഴെ രൂപ കൈക്കലാക്കുകയും ചെയ്തു. ഇത് കൃഷ്ണരാജ് കണ്ടെത്തുകയും പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതില്‍ പ്രകോപിതരായ ഇരുവരും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തുകയായിരുന്നു.
അക്രമിസംഘം കൃഷ്ണരാജിനെ(35) ക്രൂരമായി ആക്രമിക്കുകയും ഇദ്ദേഹത്തിന്റെ സഹായി ബൈജു (45) വിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ അതുല്‍, വിഷ്ണു, അജ്മല്‍, യാസിം, അമിത്, ധനേഷ്, അമല്‍ എന്നിങ്ങനെ ഏഴ് പേരാണ് പിടിയിലായത്. കാട്ടൂര്‍ സ്വദേശികളാണ് ഇവര്‍. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. കഞ്ചാവ്- ക്രിമിനല്‍ സംഘാംഗങ്ങളാണ് പ്രതികള്‍.
രണ്ടുവട്ടമാണ് അക്രമികള്‍ ബൈജുവിനെ കുത്തിയത്. അക്രമിസംഘത്തിലുണ്ടായിരുന്ന ഒരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന ബാര്‍ ഉടമ കൃഷ്ണരാജിന്റെ നില ഗുരുതരമാണ്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചിരുന്നു. കാറിലാണ് അക്രമിസംഘം ബാറിലേക്ക് എത്തിയത്. ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് സംഘം ബാറിലേക്ക് എത്തിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: