സുനീഷ് മണ്ണത്തൂര്‍
ഇന്ത്യ സിനിമയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടെ വലിയൊരു വേലിയേറ്റമാണ്. ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന വിധത്തില്‍ തമിഴ് കന്നട തെലുങ്ക് പടങ്ങള്‍ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായ മേഖലയെ കൈപ്പിടിയിലാക്കിക്കൊണ്ടിരിക്കുന്നു.
തെലുങ്ക് ചിത്രമായ ബാഹുബലിയില്‍ തുടങ്ങിയ വിജയം ഒടുവില്‍ കമലിന്റെ വിക്രത്തിലാണ് നില്‍ക്കുന്നത്. ഇനിയും അണിയറയില്‍ വമ്പന്‍ ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. ബോളിവുഡ് താരങ്ങള്‍ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിക്കുവാന്‍ മത്സരിക്കുകയാണ്. ഒരു കാലത്ത് ബോളിവുഡ് മുഖം തിരിച്ചിരുന്ന ദക്ഷിണേന്ത്യന്‍ സിനിമാലോകം ഇന്ന് ചരിത്ര വിജയങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഏറ്റവും ഒടുവിലായി ഉലകനായകന്‍ കമല്‍ഹാസന്റെ വിക്രം ഇന്ത്യന്‍ സിനിമയുടെ എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറുന്നത്. ഇന്ത്യ ഒട്ടാകെ തരംഗമായ ബാഹുബലി തമിഴ്‌നാട്ടില്‍ ആകെ 155 കോടി കളക്ഷന്‍ നേടിയപ്പോള്‍ അത് വെറും പതിനാറ് ദിവസംകൊണ്ട് കമല്‍ഹാസന്റെ വിക്രം 155 കോടി നേടി.
രാഷ്‌ട്രീയത്തില്‍ നിന്ന് ഏറ്റ തിരിച്ചടികളും, വര്‍ഷങ്ങളായി നല്ലൊരു ഹിറ്റ് ചിത്രം ഇല്ലാതെ വിഷമിക്കുകയും ചെയ്തിരുന്ന കമലിന് വിക്രം നല്‍കിയത് ഒരാറാട്ട് തന്നെയാണ്. ഇരുപത്തി ആറ് വര്‍ഷത്തിന് ശേഷമാണ് കമലിന് സിനിമാ ഇന്‍ഡസ്ട്രിയില്‍ ബോക്‌സ് ഓഫീസിലെ രാജാവായി വാഴാന്‍ കഴിഞ്ഞത്. ഷങ്കര്‍ സംവിധാനം ചെയ്ത് ഇന്ത്യന്‍ ആയിരുന്നു ഇതിന് മുമ്പ് കമലിനെ ബോക്‌സ് ഓഫീസിലെ താരമാക്കിയത്.
കേരളത്തില്‍ മുന്‍ തമിഴ് സിനിമകളുടെ റിക്കോര്‍ഡ് കളക്ഷനുകളും വിക്രം തകര്‍ത്തു. ഗള്‍ഫിലും യൂറോപ്പിലും റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ചിത്രം നല്ല കളക്ഷനോടെ പലയിടങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങളുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ കമലിന്റേതാണ്. 1989 അപൂര്‍വ്വ സഹോദരങ്ങള്‍, 1996ല്‍ ഇന്ത്യന്‍, ഇപ്പോള്‍ 2022ല്‍ വിക്രം.
തമിഴ് നാട്ടില്‍ ബാഹുബലിനേടിയ 150 കോടി തകര്‍ത്തപ്പോള്‍, വിദേശരാജ്യങ്ങളില്‍ രജനികാന്തിന്റ 2.0 നേടിയ കളക്ഷന്‍ റിക്കോര്‍ഡുകള്‍ വിക്രം തൂത്തെറിഞ്ഞു. ആഗോളതലത്തില്‍ 300 കോടി കഴിഞ്ഞ് മൂന്നാമത്തെ തമിഴ് ചിത്രമാണ് വിക്രം.
ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയകുലപതി കമലഹാസനൊപ്പം മലയാള താരങ്ങളായ ഫഹദ് ഫാസില്‍, ചെമ്പര്‍ വിനോദ്, നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, തമിഴിലെ വിജയ് സേതുപതി, സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി. ഗിരീഷ് ഗംഗാധരന്റെ മികച്ച ഫ്രെയിമുകളും അനിരുദ്ധ് രവിശങ്കറിന്റെ അതുല്യ സംഗീതവും ചിത്രത്തെ വേറെ ലെവലാക്കി. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം. വലിയൊരു കടബാധ്യതയില്‍ നിന്നിരുന്ന കമലിനെ വിക്രം കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: