Categories: Idukki

മഴ ശക്തം; ദേവികുളത്ത് മണ്ണിടിച്ചില്‍ വ്യാപകം

മുതിരപ്പുഴ, നല്ലതണ്ണിയാര്‍, ദേവിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പും ഒഴുക്കും വര്‍ധിച്ചു. അടിമാലി- കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ കല്ലും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ദേവികുളം റോഡില്‍ ബുധനാഴ്ച്ച മണ്ണിടിച്ചില്‍ ഉണ്ടായ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഇന്നലെയും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി.

Published by

അടിമാലി/ മൂന്നാര്‍: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ദേവികുളം താലൂക്കില്‍ വ്യാപക നാശനഷ്ടവും മണ്ണിടിച്ചിലും. മഴ കനത്തതോടെ കല്ലാര്‍കുട്ടി, ഹെഡ് വര്‍ക്ക്‌സ്, പൊന്‍മുടി, ചെങ്കുളം, മാട്ടുപ്പെട്ടി തുടങ്ങി വിവിധ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ തുറന്ന ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടും പരമാവധി സംഭരണശേഷിയിലേക്കെത്തി.  

മുതിരപ്പുഴ, നല്ലതണ്ണിയാര്‍, ദേവിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പും ഒഴുക്കും വര്‍ധിച്ചു. അടിമാലി- കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ കല്ലും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ദേവികുളം റോഡില്‍ ബുധനാഴ്‌ച്ച മണ്ണിടിച്ചില്‍ ഉണ്ടായ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഇന്നലെയും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. മൂന്ന് തവണയായിരുന്നു ബുധനാഴ്‌ച്ച മാത്രം ഈ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ബുധനാഴ്‌ച്ച തന്നെ മണ്ണ് നീക്കി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിരുന്നു.  

ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. മൂന്നാര്‍ ദേവികുളം റോഡില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതത്തിന് ബുധനാഴ്‌ച്ച മുതല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്്. അടിമാലിയില്‍ നിന്ന് ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇരുട്ടുകാനം,ആനച്ചാല്‍, കുഞ്ചിത്തണ്ണി, രാജാക്കാട്, പൂപ്പാറ വഴിയും ബോഡിമെട്ടില്‍ നിന്ന് തിരികെ വരുന്ന വാഹനങ്ങള്‍ പൂപ്പാറ രാജാക്കാട്, കുഞ്ചിത്തണ്ണി ആനച്ചാല്‍ വഴിയും വഴിതിരിച്ച് വിടാന്‍ ജില്ലാ കളക്ടര്‍ മൂന്നാര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. മഴ കനത്തതോടെ അടിമാലി ടൗണില്‍ ഉള്‍പ്പെടെ ഇന്നലെ നിരവധി തവണ വൈദ്യുതി മുടങ്ങി. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ ജാഗ്രത പാലിച്ച് പോരുകയാണ്.

മൂന്നാറില്‍ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മഴ ശക്തമായി തുടരുകയാണ്. മുതിരപ്പുഴയില്‍ ഒഴുക്കു ശക്തി പ്രാപിച്ചതോടെ തീരങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാന്‍ തദ്ദേശഭരണകൂടത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സസ്വീകരിച്ചു വരികയാണ്.  

വൈദ്യുതി ഇല്ലാതെ മൂന്നു ദിവസം കഴിഞ്ഞിട്ടും ബോര്‍ഡധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. സേനാപതി വട്ടപ്പാറ കുരിയിലക്കാട്ടില്‍ ശ്രീനിവാസനാണ് പരാതിയുമായി രംഗത്ത് വന്നത്. സെക്ഷന്‍ ഓഫീസിലേക്ക് നിരവധി പ്രാവശ്യം വിളിച്ച് പറഞ്ഞിട്ടും നോക്കാമെന്ന് പറയുന്നതല്ലാതെ ആരും വരുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ ഉടുമ്പന്‍ചോല സെക്ഷന്റെ പരിധിയില്‍പ്പെടുന്നതാണ് ഈ സ്ഥലം. ശക്തമായ മഴയും ഇരുട്ടും കൂടി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. ബോര്‍ഡ് ജീവനക്കാര്‍ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് എത്രയും വേഗം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by