കരുമാടിയിലെ മുസാവരി ബംഗ്ലാവിനുണ്ട് അമൃതസ്മരണകള്‍. സ്വാതന്ത്ര്യസമരത്തിന്റെ തീക്കനല്പാതകളിലൂടെ നടന്ന നിസ്വനായ മഹാത്മാവ് ഒരു നാള് അന്തിയുറങ്ങിയതിന്റെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍. അമൃതോത്സവ സ്മരണകളില്‍ നാട് ഉണരുമ്പോള്‍ മുസാവരി ബംഗ്ലാവിന്റെ സൗഭാഗ്യം അവഗണിക്കപ്പെടുകയാണ്. നാട് ഭരിച്ചവരുടെ മുന്നില്‍ പലകുറി ഓര്‍മ്മകള്‍ നിവേദനങ്ങളായി സമര്‍പ്പിക്കപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
1937 ജനുവരി 17 ന് വൈക്കം സത്യാഗ്രഹത്തിന് പോകും വഴി യാണ് മഹാത്മാഗാന്ധി അമ്പലപ്പുഴയിലെത്തിയത്. വൈക്കത്തുനിന്ന് ബോട്ടുമാര്‍ഗമെത്തിയ ഗാന്ധിജി ഇറങ്ങിയത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഇറക്കുടി കളിത്തട്ടിന് സമീപത്തെ ജെട്ടിയിലാണ്.
ഇറക്കുടി കളിത്തട്ടിന് തെക്കേവശത്തുള്ള ആല്മരച്ചുവടിനുമുണ്ട് സമരനായകനെ വരവേറ്റതിന്റെ കഥ പറയാന്‍. ആ ആല്‍ച്ചുവട്ടില്‍ വച്ചാണ് അദ്ദേഹം അന്ന് പ്രവര്‍ത്തകരെ കണ്ടത്. അമ്പലപ്പുഴയില്‍ വിശ്രമിക്കാന്‍ സൗകര്യം ഇല്ലാതിരുന്നതിനെത്തുടര്‍ന്നാണ് ഗാന്ധിജിയെ സ്വീകരിക്കാന്‍ മുസാവരി ബംഗ്ലാവിന് അവസരം കൈവന്നത്. ആ രാത്രി അദ്ദേഹം ഉറങ്ങിയത് മുസാവരി ബംഗ്ലാവിലാണ്. അമ്പലപ്പുഴയില്‍നിന്ന് ബോട്ടുമാര്‍ഗം അദ്ദേഹം കരുമാടിയിലേക്ക് പോയി. കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയോരത്തെ കരുമാടി പാലത്തിന് സമീപത്തെ ജെട്ടിയിലിറങ്ങി അദ്ദേഹം ബംഗ്ലാവിലെത്തി.
പുല്ലുവെട്ടിത്തെളിച്ച് പ്രവര്‍ത്തകര്‍ ബംഗ്ലാവിലേക്ക് വഴിയൊരുക്കി. ബംഗ്ലാവിന്റെ തെക്കുവടക്കായുള്ള ഹാളിലാണ് ഗാന്ധിജി വിശ്രമിച്ചത്. അടുത്ത ദിവസം രാവിലെ തകഴി വഴിയായിരുന്നു മടങ്ങിപ്പോയത്. മഹാത്മജിയുടെ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചവരില്‍ ഒട്ടുമിക്കവരും കാലയവനികക്കുള്ളില്‍ മറഞ്ഞു.
ഇത്ര ഏറെ ചരിത്ര സ്മരണകള്‍ നിലനില്‍ക്കുന്ന ഈ കെട്ടിടം ബ്രിട്ടീഷ് ഭരണം മാറി ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ഇവരുടെ അസിസ്റ്റന്റ് എന്‍ജിനീയറിങ് ഓഫീസാക്കി മാറ്റുകയുമായിരുന്നു. മുസാവരി ബംഗ്ലാവിനെ ദേശീയ സ്മാരകമാക്കി ഉയര്‍ത്തണമെന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പുരാവസ്തുവകുപ്പ് അധികൃതര്‍ ഇവിടം സന്ദര്‍ശിക്കുകയും ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു എങ്കിലും നടപടികള്‍ ഉണ്ടായില്ല. നിലവിലെ കെട്ടിടത്തിലോ പരിസരത്തു പോലുമോ ഗാന്ധിജിയുടെ ചിത്രങ്ങളോ എന്തിന് ഒരു പ്രതിമ പോലും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. മുസാവരി ബംഗ്ലാവ് എന്ന പേരു പോലും ഒഴിവാക്കിയാണ് സര്‍ക്കാരുകള്‍ ഗാന്ധിജിയെ അവഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: