അഗ്നിപഥ് വഴി നമ്മുടെ സര്‍ക്കാര്‍ഖജനാവിന് എന്തെങ്കിലും നേട്ടമുണ്ടോ? അതുവഴി സാധാരണക്കാരന് എന്തെങ്കിലും ഗുണം ഉണ്ടോ? രാജ്യത്തിന്റെ മൊത്തം വളര്‍ച്ചയ്ക്ക് അഗ്നിപഥ് സഹായകരം ആവുമോ? ഈ ചോദ്യങ്ങളെല്ലാം തന്നെ പ്രസക്തമാണ്.
ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 140 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയെ അപേക്ഷിച്ച് യുവാക്കള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഏതാണ്ട് 50 ശതമാനം പേര് 14നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. അതായത് ഏറ്റവും യുവത്വമുള്ള ലോകരാജ്യം, നാളെയുടെ തലമുറ ഏറ്റവും കൂടുതലുള്ള രാജ്യം, ‘ഭാവി’ കൂടുതലുള്ള രാജ്യം എന്നൊക്കെ പറയാം. വരും നാളുകളില്‍ ഈ തലമുറയ്ക്ക് വേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. തൊഴില്‍, വരുമാനം/സമ്പാദ്യം, മൂലധനം. നിലവിലുള്ള ജനസംഖ്യയെ ഈ കാര്യങ്ങളില്‍ പ്രാപ്തരാക്കാന്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന് കരുത്തുണ്ടോ? പരിശോധിക്കാം.
ഇന്ത്യന്‍ ഖജനാവിനുള്ള നേട്ടങ്ങള്‍
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 3.4 ട്രില്യണ്‍ ഡോളറാണ്. അത് അഞ്ച് ട്രില്യണ്‍ ആവുന്ന 2025ലേക്ക് ആണ് നാം ഉറ്റുനോക്കുന്നത്. മൂന്ന് ട്രില്യണ്‍ ഡോളര്‍ എന്നാല്‍ മൂന്ന് ലക്ഷം കോടി ഡോളര്‍. അതിനെ രൂപയില്‍ ആക്കാന്‍ മൂന്ന് ലക്ഷം കോടി ഇന്നത്തെ ഡോളര്‍ നിരക്കില്‍ ഗുണിച്ചാല്‍ മതി.
ഇന്ത്യയുടെ ആകെ ബജറ്റില്‍ ഏതാണ്ട് 15-17 ശതമാനം വരെയാണ് പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നത്. അതായത് മൊത്തം ജിഡിപിയുടെ 2.5 ശതമാനത്തോളം. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റ് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ഖജനാവിന്റെ ബാധ്യതയായി ഡിഫന്‍സ് പെന്ഷന്
14 ലക്ഷം ജവാന്മാരുടെ സ്റ്റാന്‍ഡിങ് ആര്‍മിയാണ് നമുക്ക് ഇപ്പോഴുള്ളത്. പക്ഷെ നമ്മള് പെന്ഷന് കൊടുക്കുന്നത് ഇപ്പോള്‍ 32 ലക്ഷം ജവാന്മാര്ക്കാണ്. ഓരോ വര്‍ഷവും ഈ സംഖ്യ 55000 വച്ചു കൂടും, അതിന്റെയൊപ്പം പെന്ഷന് തുകയും പിന്നെ ശമ്പളവും കൂടണം. എന്നാല്‍ ഓരോ വര്‍ഷവും നമുക്ക് കൂടുതല്‍ കൂടുതല്‍ സൈനികരെ ആവശ്യമുണ്ട്. സൈനികരെ അതിര്‍ത്തിയില്‍ യുദ്ധമുഖത്ത് മാത്രമല്ല വിന്യസിക്കുക. അവരെ ദുരന്ത മുഖത്ത് ഉപയോഗിക്കും. ക്രമസമാധാന പാലനത്തിനും കാവലിനും ഉപയോഗിക്കും. റിസര്‍വ്വ് ആയി ഉപയോഗിക്കും. അതായത് അത്രയ്ക്ക് വൈദഗ്ധ്യം ആവശ്യം ഇല്ലാത്ത മേഖലയില്‍ പോലും നമ്മള് പൂര്‍ണ സജ്ജരായ സൈനികരെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്നര്‍ത്ഥം. എന്നാല്‍ ആ ജോലിക്കൊന്നും പൂര്‍ണമായും യുദ്ധസജ്ജരായ, പരിശീലനം സിദ്ധിച്ച സെനികരെ ആവശ്യമില്ല താനും. എന്നാല്‍ പെന്‍ഷനും ശമ്പളവുമൊക്കെ ഇവര്‍ക്കും മറ്റ് സൈനികര്‍ക്കും ഒരേപോലെയാണ് താനും. അതായത് ഖജനാവിന് എല്ലാ സൈനികരും ഒന്നു പോലെയാണ്.
ഇന്ത്യന്‍ പ്രതിരോധ ബജറ്റ് എന്നു പറയുന്നത് ഏതാണ്ട് 5.5 ലക്ഷം കോടിയാണ്. അതില്‍ 1.25 ലക്ഷം കോടി രൂപ പെന്‍ഷനു മാത്രമായാണ്. അഗ്നിപഥ് വഴി വരുന്ന ജവാന്മാര്ക്ക് പെന്ഷന് ഇല്ല. ശമ്പളം കൂടാതെ ഒരു നിശ്ചിത തുക നാല് വര്‍ഷം കഴിയുമ്പോള്‍ ഒരുമിച്ചു ലഭിക്കും. അവര്‍ക്ക് ശമ്പളവും മറ്റു സൈനികരുടേതുപോലെ ഇല്ല. അതിനാല്‍ തന്നെ അവരുടെ ജോലിയും സേവന കാലാവധിയും കുറവാണ്. മേല്‍പ്പറഞ്ഞ സേവനങ്ങള്‍ക്ക് അവരെ പ്രയോജനപ്പെടുത്തുമ്പോള്‍ കനത്ത പരിശീലനം നേടിയ, സജ്ജരായ സൈനികര്‍ക്ക് താരതമ്യേന അധികം പരിശീലനം വേണ്ടാത്ത ജോലികളില്‍ സമയം പാഴാക്കേണ്ടതില്ല. ഖജനാവിന് ശമ്പളം ലാഭം, പെന്ഷന് ലാഭം, അധികബാധ്യത ലാഭം. ഖജനാവില്‍ അങ്ങനെ മിച്ചം പിടിക്കുന്ന ലക്ഷം കോടികള്‍ കൊണ്ടു നമ്മള് കൂടുതല്‍ റോഡുകള്‍ ജനങ്ങള്‍ക്ക് വേണ്ടി പണിയും, ഉജ്ജ്വല യോജന വഴി ഗ്യാസ് അടുപ്പ്, ആവാസ് യോജന വഴി വീടുകള്‍, തൊഴില്‍ നല്കാന് സ്മാര്‍ട്ട് സിറ്റികള്‍, അശരണര്‍ക്കും അഗതികള്‍ക്കും പെന്ഷന്, കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് അങ്ങനെ നമ്മള് അഗ്നിപഥിലൂടെ മിച്ചം പിടിക്കുന്ന പണം ഖജനാവില്‍ നിന്ന് രാജ്യത്തിന്റെ ഗുണത്തിനായി ജനങ്ങളിലേക്ക് തിരികെയെത്തും.
സാധാരണക്കാരന്റെ പോക്കറ്റിലേക്ക് അഗ്നിപഥ് വരുമ്പോള്‍
18 വയസുള്ളപ്പോള്‍ ഒരാള്‍ അവന്റെ കുടുംബത്തിന്റെ/സമൂഹത്തിന്റെ ബാധ്യതയാണ്. അവനുവേണ്ട വിഭവങ്ങള്‍ സമൂഹം പകുത്തു നല്കുമ്പോള് അവന് നമ്മുടെ സാമ്പത്തിക രംഗത്തേക്ക് തിരികെ ഒന്നും തരുന്നുണ്ടാവില്ല. അതിന് അവന് പ്രാപ്തനാകാന്‍ ഒരുപക്ഷേ വീണ്ടും ഒരു 5-7 വര്‍ഷം വരെ എടുത്തേക്കും. അതുപോലെയുള്ള യുവാക്കള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. 25 വയസ്സില്‍ തൊഴില്‍ നേടാന്‍ മാത്രം തൊഴില്‍ അവസരങ്ങള്‍ നിലവിലുണ്ടോ എന്നതും ചിന്തിക്കണം. പക്ഷേ അഗ്നിവീരന്മാര് ഈ കാലയളവില്‍ ലക്ഷങ്ങള്‍ സമ്പാദിക്കും. വര്‍ഷാവര്‍ഷം ഏതാണ്ട് രണ്ട് ലക്ഷം വരുന്ന ഒഴിവുകളില്‍ നമ്മള് ഇത്തരത്തില്‍ യുവാക്കളെ എടുത്താല്‍ നേരിട്ട് രണ്ടു ലക്ഷം കുടുംബങ്ങളില്‍ ആ പണമെത്തും, അതായത് അഞ്ച് പേരുള്ള കുടുംബം ആണെങ്കില്‍ 10 ലക്ഷം പേരുടെ ജീവനം സാധ്യമാകും. ഇനി ഈ കുടുംബങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തിലേക്ക് ഈ പണം ഉപയോഗിച്ചു വിനിമയം ചെയ്യുമ്പോള്‍ അനുബന്ധമായി ഉള്ള കച്ചവടം, സര്‍വീസ് മേഖല, അസംഘടിത തൊഴില്‍ മേഖലയില്‍ എല്ലാം ഈ പണം കൊണ്ട് ജീവിതങ്ങള്‍ മെച്ചപ്പെടും. അതായത് കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ പദ്ധതി കൊണ്ടു അവരുടെ ജീവിത നിലവാരം ഉയരും.
പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് അഗ്നിവീരന്മാര് നാല് വര്‍ഷം കഴിഞ്ഞു ജോലി വിടുമ്പോള്‍ അവന്റെ കൈയിലൂടെ 25-30 ലക്ഷം രൂപ വന്നുപോവും. അതും 21 വയസ്സില്‍. നാലു വര്‍ഷത്തെ ചിട്ടയായ ജീവിതം, പരിശീലനം, പക്വത എന്നിവ കൈവരിച്ച അവര്‍ക്ക് വേണമെങ്കില്‍ പട്ടാളത്തില്‍ തന്നെ തുടര്‍ന്ന് പെന്‍ഷനും സകല ആനുകൂല്യങ്ങളും ഉള്ള സൈനികനായി നാടിനെ സേവിക്കാം. അല്ലെങ്കില്‍ അവനെ കാത്തിരിക്കുന്നത് ഇന്ത്യയിലെ സംസ്ഥാന പോലീസ് സേനകളില്‍, അര്‍ധ സൈനിക സര്‍വീസുകളില്‍, സര്‍ക്കാര്‍ ജോലികളില്‍ എല്ലാം ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങളാണ്. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉന്നതപഠനം നേടി ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരാനും സാധിക്കും.
ഇന്ത്യന്‍ റെയില്‍വേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമല്ല, കോര്‍പ്പറേറ്റ് ഭീമന്മാരായ ടാറ്റയും മഹീന്ദ്രയും അദാനിയും എല്ലാം അവര്‍ക്ക് ജോലികള്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞു. ജീവിതം മുഴുവന്‍ സൈന്യത്തിന് വേണ്ടി സമര്‍പ്പിച്ചവര്‍ക്ക് മാത്രമല്ല, സൈന്യത്തിലെ സേവനം അഭിനിവേശവും ആവേശവുമായി കൊണ്ട് നടക്കുന്നവര്‍ക്ക് കൂടി ഈ അവസരം ഉപയോഗപ്പെടുത്താം.
ആദ്യത്തെ നാല് വര്‍ഷം കഴിയുമ്പോള്‍ ഓരോ ലക്ഷം അഗ്നിവീരര്‍ സമൂഹത്തിലേക്ക് ഇറങ്ങുക ഭേദപ്പെട്ട ഒരു സമ്പാദ്യവുമായിട്ടാണ്. മറ്റൊരു തൊഴിലില്‍ പ്രവേശിച്ചാല്‍ അതിലൂടെ നേടുന്ന ശമ്പളം, അതുവഴി ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്ക് വരുന്ന പ്രത്യക്ഷ, പരോക്ഷ നികുതികള്‍ വഴി അവരുടെ പണം ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്ക് തിരികെ വരും. വീണ്ടും അത് സര്‍ക്കാര്‍ ഖജനാ
വിലൂടെ കോടികളുടെ വികസന പദ്ധതികളുടെയും ജനക്ഷേമ പദ്ധതികളുടെയും പേരില്‍ ജനങ്ങളുടെ പോക്കറ്റിലേക്കും എത്തിച്ചേരും. അഗ്നിവീരന്മാരില് സൈന്യം നിലനിര്‍ത്താന്‍ പോകുന്ന 25 ശതമാനം പേരെ കൂടാതെ സാധാരണയായി യുദ്ധത്തിനും അതിര്‍ത്തി രക്ഷയ്ക്കും പാരാമിലിറ്ററി സ്പെഷ്യല്‍ ഫോഴ്സസ് എന്നിവയ്ക്കു വേണ്ടുന്ന 2-3 വര്‍ഷം പരിശീലനം കൊടുത്തു കൊണ്ടു സര്‍വ്വസജ്ജരായ സൈനികരെ സാധാരണ നിലയ്ക്കും റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കും.
അഗ്നിപഥ് വഴി അപ്പോള്‍ ആര്‍ക്കാണ് നഷ്ടം?
ഈ നാട്ടിലെ ജനങ്ങളും ഒരിക്കലും നന്നാവരുതെന്ന് ആഗ്രഹിക്കുന്ന, ജനങ്ങളെ പറ്റിച്ചു പറ്റിച്ചു ജീവിക്കാം എന്ന മോഹവുമായി രാഷ്ട്രീയ രംഗത്ത് തഴമ്പ് വീണവര്‍ക്ക് അഗ്നിപഥ് ശരിക്കും ‘അഗ്നി കൊണ്ടുള്ള പഥം’ തന്നെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: