Categories: Article

പ്രതിമകള്‍ പ്രതിനിധാനം ചെയ്യുന്നത്; ചുമര്‍ശില്‍പത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിച്ച ശേഷം കെ.എന്‍.എ. ഖാദര്‍

കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രത്തിന്റെ പൂമുഖത്ത് സ്ഥാപിച്ച സ്‌നേഹബോധി പ്രതിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചുമര്‍ശില്‍പത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിച്ച ശേഷം മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദര്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍

ശ്രീബുദ്ധനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ ആദ്യമായാണ് ഞാന്‍ പങ്കെടുക്കുന്നത്. അതിമനോഹരമായ ധ്യാനബുദ്ധ പ്രതിമയുടെ അനാച്ഛാദനത്തിന്റെ ഭാഗമായി ശ്രീബുദ്ധനും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും നിറഞ്ഞുനില്ക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ആദരവായി കരുതുന്നു. പ്രതിമകള്‍ സത്യത്തില്‍ ജീവനില്ലാത്ത വസ്തുക്കളാണ്. എന്നാല്‍ പ്രതിമകള്‍ പ്രതിനിധാനം ചെയ്യുന്നത് മഹത്തായ ആശയങ്ങളെയാണ്. ഈ പ്രതിമ സ്ഥാപനത്തിലൂടെ പരിസ്ഥിതിസംരക്ഷണവും പ്രകൃതിസ്‌നേഹവുമൊക്കെ സന്ദേശമാക്കുന്നു എന്നത് വലിയ കാര്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒന്നും ഒന്നിനും എതിരല്ലെന്നും എല്ലാം എല്ലാത്തിനും പൂരകമാണെന്നുമാണ് വിവിധ ദര്‍ശനങ്ങളിലൂടെ മനസ്സിലാകുന്നത്.

ഞാനൊരു മുസ്ലീം തീവ്രവാദിയാണെന്നാണ് നേരത്തെ സോഷ്യല്‍ മീഡിയയിലൊക്കെ ചിലര്‍ എഴുതിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തൊക്കെ പ്രചാരണത്തിനായി പോയപ്പോള്‍ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ പറ്റിയില്ലെങ്കിലും അവിടെ ഞാന്‍ കാണിക്കയിടാറുണ്ടായിരുന്നു. അതോടെ ഞാന്‍ സംഘിയാണെന്നായി ചിലരുടെ പ്രചാരണം. ഉത്തരേന്ത്യയിലെ ചില ക്ഷേത്രങ്ങളിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. അവിടെ വിലക്കൊന്നുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലൊക്കെ കയറാന്‍ ആഗ്രഹമുള്ള എന്നെ പോലുള്ള നിരവധി പേരുണ്ട്. എന്നാല്‍ അവിടെ എന്തുകൊണ്ടാണ് വിലക്ക് എന്ന് എനിക്കറിയില്ല. പിന്നീട് ചിലര്‍ ഞാന്‍ നിരീശ്വരവാദിയാണെന്നാണ് പറഞ്ഞു പ്രചരിപ്പിച്ചത്. സത്യത്തില്‍ ഞാന്‍ ആരാണ് എന്നാണ് ഇപ്പോള്‍ സ്വയം ചോദിക്കുന്നത്. ഇതേ ചോദ്യം തന്നെയാണ് ഭാരതത്തിലെ ഋഷിമാര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഞാന്‍ ആത്മാവാണ് എന്നാണ് കണ്ടെത്തിയത്. മുസ്ലീങ്ങള്‍ റൂഹ് എന്നാണ് ആത്മാവിനെ വിളിക്കുന്നത്.  

മതങ്ങളൊക്കെ ഒന്നിച്ചുനില്ക്കണമെന്നും അകലങ്ങള്‍ കുറയ്‌ക്കണമെന്നും ആഗ്രഹിക്കുന്നയാളാണ് ഞാന്‍. മനുഷ്യന്റെ ആയുസ്സ് വളരെ നിസ്സാരമായ കാലത്തേക്ക് മാത്രമാണ്. ഈ ചുരുങ്ങിയ ആയുസ്സിനുള്ളില്‍ എല്ലാ മതങ്ങളെയും അവയുടെ ദര്‍ശനങ്ങളെയും കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്.  

മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞുതീര്‍ന്നവരാണ് പ്രവാചകന്മാരെല്ലാം. ബുദ്ധനും കൃഷ്ണനുമൊക്കെ മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞവരാണ്. ഇത്തരം മഹത്തുക്കള്‍ക്കു മുന്നില്‍ മതങ്ങളുടെ അതിര്‍വരമ്പുകള്‍ മാഞ്ഞില്ലാതാകുന്നു. വേദഗ്രന്ഥങ്ങള്‍ മുഴുവന്‍ ഏകദൈവവിശ്വാസത്തിലാണ് ഊന്നുന്നത്. ഒന്നായതിനെ പണ്ഡിതന്മാര്‍ പലതായി വ്യാഖ്യാനിക്കുകയാണ് എന്നു പറയുന്നത്, ഭാരതീയ ദര്‍ശനം ഏകദൈവവിശ്വാസത്തിലൂന്നിയതാണെന്നതിന് തെളിവാണ്. എല്ലാ ദര്‍ശനങ്ങളും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തെ കുറിച്ചാണ് പറയുന്നത്. പ്രകാശത്തെ കൈവിട്ടും വിളക്കില്ലാതെയും ഭാരതീയ സമൂഹത്തില്‍ ദൈവത്തെ സങ്കല്പിക്കാനാവില്ല. ആ വിളക്കിനെ ഊതിക്കെടുത്തുന്നതാണ് പുതിയ പരിഷ്‌കാരം. പാശ്ചാത്യ സംസ്‌കാരമാണിതിന് പിന്നില്‍. എല്ലാ സംസ്‌കാരങ്ങള്‍ക്കും പാശ്ചാത്യ സംസ്‌കാരം പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പിറന്നാള്‍ ദിവസം കേക്കിന് മുകളില്‍ മെഴുകുതിരി കത്തിച്ചുവച്ച ശേഷം അത് ഊതിക്കെടുത്തിയാണ് ആഘോഷിക്കുന്നത്. ഇത് ഭാരതീയ സംസ്‌കാരത്തിന് എതിരാണ്.  

ഭാരതീയദര്‍ശനത്തെ മുറുകെപ്പിടിക്കുന്നതിലൂടെ നാം പരിസ്ഥിതിദര്‍ശനത്തെയും കൂടെ ചേര്‍ക്കുന്നു. രാഷ്‌ട്ര പുരോഗതിക്കുവേണ്ടി ഒന്നിച്ചുനില്‌ക്കേണ്ട സന്ദര്‍ഭമാണിത്. ഭിന്നതകളും അകലങ്ങളും ഇല്ലാതാക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്. സമാധാനം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെ പ്രഭ ചൊരിയുന്നതാണ് ഭാരതത്തിന്റെ സംസ്‌കാരം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക