അമേരിക്കയുടെ ബഹിരാകാശ സംഘടനയായ ‘നാസ’ അവരുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കൊക്കെ അര്‍ത്ഥപൂര്‍ണമായ പേരുകള്‍ നല്‍കാറുണ്ട്. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ ആകാശ ദൗത്യത്തിന് അവര്‍ നല്കിയ പേര് ‘അപ്പോളൊ.’ ദേവാധിദേവനായ സിയൂസിന്റെ ഇരട്ട മക്കളില്‍ മൂത്തവളുടെ പേര്. 1969 ജൂലൈ 20നായിരുന്നു അപ്പോളോ 11 മനുഷ്യനെ ചന്ദ്രനിലിറക്കിയത്. 1972 ല്‍ വിക്ഷേപിച്ച അപ്പോളോ-17 ആയിരുന്നു ആ പരമ്പരയിലെ അവസാന ദൗത്യം.
തുടര്‍ന്ന് നീണ്ടൊരു ഇടവേള. ഇപ്പോള്‍ നാസ അടുത്ത ചാന്ദ്ര ദൗത്യത്തിന് തയ്യാറെടുക്കുകയാണ്. ലക്ഷ്യം 2025. ഈ ദൗത്യത്തിനും അവര്‍ നല്ലൊരു പേര് കണ്ടെത്തി-ആര്‍ട്ടിമസ് ദൗത്യം. അപ്പോളോ ദേവിയുടെ ഇരട്ട സഹോദരി ‘ആര്‍ട്ടിമസ്.’ അമ്പും വില്ലും ആയുധമാക്കിയ വേട്ടക്കാരുടെ പരദേവത. ചന്ദ്രന്റെ തെക്കെ ധ്രുവത്തില്‍ മനുഷ്യനെ ഇറക്കുകയെന്നതാണ് ആര്ട്ടിമസിന്റെ ദൗത്യം. മൊത്തം മൂന്ന് ദൗത്യങ്ങള്‍ ആര്‍ട്ടിമസ്-ഒന്ന്, ആര്‍ട്ടിമസ്-രണ്ട്, ആര്‍ട്ടിമസ്-മൂന്ന്. അതിന് രണ്ട് ഡസന്‍ രാജ്യങ്ങളുടെ പിന്തുണയുമുണ്ട്.
ചന്ദ്രന്റെ ഉപരിതലത്തില്‍ മനുഷ്യനെ ഇറക്കുകയെന്നത് മാത്രമായിരുന്നു അപ്പോളോയുടെ മുഖ്യ ലക്ഷ്യം. ചന്ദ്രനില്‍ പതാക നാട്ടി തങ്ങളുടെ അധീശത്വം ഉറപ്പിക്കുക. സാങ്കേതിക മികവില്‍ അമേരിക്കയ്ക്ക് മുന്നില്‍ മറ്റാരുമില്ലെന്ന് ലോകത്തെ അറിയിക്കുക. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ശേഖരിച്ച കല്ലും മണ്ണുമൊക്കെ ഭൂമിയിലെത്തിച്ച് വിശദമായി പരിശോധിക്കുക. ചന്ദ്രനിലെ ജീവന്റെ സാന്നിധ്യം അന്വേഷിച്ചറിയുക-പക്ഷേ ആര്‍ട്ടിമസ് ദൗത്യത്തിന്റെ ലക്ഷ്യം അതിനുമൊക്കെ അപ്പുറത്താണ്.
അതില്‍ പ്രധാനം ചന്ദ്രനില്‍ യാത്രികര്‍ക്കായി ഒരു ബേസ് ക്യാമ്പ് തുറക്കുകയെന്നതു തന്നെ. ഉപരിതലത്തില്‍ സമഗ്രമായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ഈ ബേസ് ക്യാമ്പ് അവസരമൊരുക്കും. ചന്ദ്രനിലെ ഖനിജ സമ്പത്തിന്റെ സാധ്യതകള്‍ അളന്നു കുറിച്ച് മനസ്സിലാക്കാനും ഭൂമിക്കാവശ്യമുള്ള അമൂല്യ ഖനിജങ്ങള്‍ കടത്തിക്കൊണ്ടുവരാനുള്ള സാധ്യതകള്‍ പരിശോധിക്കാനും ആര്‍ട്ടിമസ് ഉന്നമിടുന്നു. ലൂനാര്‍ ക്യാമ്പില്‍ റോബോട്ടുകളും റോവറുകളുമെല്ലാം സഞ്ചാരികളുടെ സഹായത്തിന് തയ്യാറായിരിക്കും. ചന്ദ്രനില്‍നിന്ന് ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതയും ആര്‍ട്ടിമസ് പരിശോധിക്കും.
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഒരു ‘ഗേറ്റ്വേ’ സംവിധാനം രൂപപ്പെടുത്താനും ആര്‍ട്ടിമസ് യാത്രികര്‍ ശ്രമിക്കും. ഭൂമിയില്‍ നിന്നെത്തുന്ന ചാന്ദ്ര ദൗത്യ വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായി തമ്പടിക്കാനാണ് ഈ സ്ഥിരം ഗേറ്റ് വേ. അവിടെ നിന്നാവും ഉപരിതലത്തിലേക്ക് യാത്രികര്‍ സഞ്ചരിക്കുക. ചുരുക്കത്തില്‍ ഒരു മിനി സ്പേസ് സ്റ്റേഷന്. ഏതാണ്ട് 35 ബില്യന്‍(35 ശതകോടി) ഡോളറാണ് ആര്‍ട്ടിമസ് ദൗത്യത്തിന്റെ മതിപ്പു ചെലവ്.
കരുത്തേറിയ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് യാത്രാപേടകമായ ഒറിയോണിനെ ബഹിരാകാശത്തേക്ക് തള്ളിക്കൊണ്ടുപോവുക. ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന പേടകം. ആദ്യത്തെ ആര്‍ട്ടിമസ് യാത്രയില്‍ നിര്‍ബന്ധമായും ഒരു വനിതയെ ചന്ദ്രനില്‍ ഇറക്കുമെന്നും ‘നാസ’പറയുന്നു. കാനഡ യൂറോപ്യന്‍ യൂണിയന്, ജപ്പാന് എന്നീ രാജ്യങ്ങളുടെ ബഹിരാകാശ സംഘടനകള്‍ അകമഴിഞ്ഞ് സഹായിക്കുന്ന ആര്‍ട്ടിമസ് പദ്ധതിയുടെ റിഹേഴ്സലുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിനാവട്ടെ നാസ വന്‍ പ്രാചരണവും നല്കുന്നു. പേരു നല്കല് കാമ്പയിനില്‍ പങ്കെടുത്ത എല്ലാവരുടെയും പേരുകള്‍ ആര്ട്ടിമസില് ചന്ദ്രനിലെത്തിക്കുമെന്നും നാസ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ ചര്‍ച്ച ചെയ്തത് ആകാശ ദൗത്യത്തെക്കുറിച്ചാണെങ്കില് ഇനി പറയുന്നത് ആകാശത്തേക്ക് കണ്ണുറപ്പിച്ചു നില്ക്കുന്ന ഒരു ടെലിസ്കോപ്പിനെക്കുറിച്ചാണ്. രാകിത്തിളക്കം കൂട്ടിയ പടുകൂറ്റന്‍ ലെന്‍സുകളുമായി അനന്തതയിലെ നക്ഷത്രത്തിളക്കം പോലും കാണാന്‍ കഴിയുന്ന ദൂരദര്ശിനികളെക്കുറിച്ച് നാമൊക്കെ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. എന്നാല്‍ പാത്രത്തില്‍ നിറച്ച ദ്രാവകത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ദ്രാവക ലെന്സു (ലിക്വിഡ് ലെന്‍സ്)കളെക്കുറിച്ചറിയാവുന്നവര് ചുരുങ്ങും. അത്തരത്തിലുള്ള രാജ്യത്തെ ആദ്യ ടെലിസ്കോപ്പ് ഉത്തര്‍ഖണ്ഡിലെ നൈനിറ്റാളിനു സമീപമുള്ള ദേവസ്ഥല്‍ ഒബ്സര്വേറ്ററിയില് ഈയിടെ പ്രവര്‍ത്തനമാരംഭിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 2450 മീറ്റര്‍ ഉയരത്തിലാണ് ഈ ലിക്വിഡ് മിറര്‍ ടെലിസ്കോപ്പ് (എല്‍എംടി) സ്ഥാപിച്ചിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറര്‍ ടെലിസ്കോപ്പാണിത്. ലക്ഷ്യം ജ്യോതിശാസ്ത്ര പഠനം മാത്രം. ഗാലക്സികള്‍, ഛിന്ന ഗ്രഹങ്ങള്‍, ആകാശമാലിന്യം സൂപ്പര്‍ നോവ സ്ഫോടനം തുടങ്ങി ആകാശത്തെ എന്തിനെയും ഏതിനെയും കണ്ടുപിടിച്ച് വിശകലനം ചെയ്യുന്നതില്‍ കേമനാണ് ഈ ടെലിസ്കോപ്പ്. പരമ്പരാഗത ദൂരദര്‍ശിനികള്‍ ഒരു നിശ്ചിത ലക്ഷ്യത്തെ മാത്രം ഉന്നം വച്ച് പഠന വിധേയമാക്കുമ്പോള്‍ നിശ്ചിത ആകാശ വിസ്തീര്ണത്തിനുള്ളില് നടക്കുന്ന എല്ലാ ആകാശ നാടകങ്ങളും വിലയിരുത്താന്‍ ദ്രാവക ടെലിസ്കോപ്പിനു കഴിയും. നിര്‍മാണ ചെലവ് ഏതാണ്ട് 40 കോടി രൂപ. ബല്‍ജിയം, പോളണ്ട്, ഉസ്ബക്കിസ്ഥാന്, കാനഡ എന്നീ രാജ്യങ്ങളിലെ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ദ്രാവക ടെലിസ്കോപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓരോ രാത്രിയിലും പത്തു മുതല്‍ 15 വരെ ജിഗാബൈറ്റ് ഡാറ്റാ സംഭരിക്കുന്ന ഈ ദ്രാവക ദൂരദര്‍ശിനിയുടെ കണ്ടെത്തലുകള്‍ കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), മെഷീന് ലേണിങ്, ബിഗ് ഡേറ്റ തുടങ്ങിയ വിദ്യകളിലൂടെയാവും വിശകലനം ചെയ്യുക.
ഇനി ഈ ലെന്‍സിന്റെ പേരിനു പിന്നിലെ കഥ. അതി സംവേദനത്വമുള്ള ഗ്ലാസ് ലെന്‍സുകള്‍ സാധാരണ ടെലിസ്കോപ്പുകള്‍ക്ക് കരുത്തു പകരുമ്പോള്‍ എല്‍എംടിയില്‍ ഈ ജോലി ചെയ്യുക, ദ്രവലോഹമായ മെര്‍ക്കുറി അഥവാ രസം. ടെലിസ്കോപ്പിന്റെ മുഖ്യ ഭാഗമായ രസപ്പാത്രത്തില് 50 ലിറ്റര്‍ (ഏതാണ്ട് 700 കിലോ)മെര്‍ക്കുറിയാണ് നിറച്ചിരിക്കുന്നത്. ഒരു പ്രത്യേക അച്ചുതണ്ടില്‍ നിശ്ചിതവേഗത്തില്‍ ഈ രസപ്പാത്രം കറങ്ങുമ്പോള്‍ മെര്‍ക്കുറിയുടെ നേര്‍മയേറിയ ഒരു പാട പ്രതലത്തില്‍ പരക്കും. അതാണ് ദ്രാവകലെന്സ്. അതിന്റെ വ്യാസം നാലു മീറ്റര്‍. ഈര്‍പ്പം കുഴപ്പമുണ്ടാക്കാതിരിക്കുന്നതിന് മണ്‍സൂണ്‍ കാലത്ത് മൂന്നുമാസം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: