ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ ഇനി സിനിമ നിര്‍മ്മാണ രംഗത്തേക്കും കടക്കുകയാണ്.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്.മോഹന്‍ലാലാണ് ലോഗോ പ്രകാശനം നടത്തിയത്.ആദ്യം നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. നിങ്ങളുടെ കാഴ്ച്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഷിബു ബേബി ജോണിന്റെ വാക്കുകളിലേക്ക്
‘ ജീവിതവഴികളില്‍ എന്നും എനിക്ക് മാര്‍ദീപമായി നിന്നത് എന്റെ പപ്പാച്ചന്‍ ബേബി ജോണാണ്.1963ല്‍ പപ്പാച്ചന്‍ തുടങ്ങിവെച്ച കേരള സീ ഫുഡസ് എന്ന സമുദ്രോല്‍പ്പന്ന കയറ്റുമതിസ്ഥാപനത്തില്‍ നിന്ന് കിങ്ങ്‌സ് ഗ്രൂപ്പെന്ന പേരില്‍ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങള്‍ നടന്നുകയറി.പപ്പാച്ചനില്‍ നിന്നാര്‍ജ്ജിച്ച ആത്മവിശ്വസത്തിന്റെ കരുത്തില്‍ ഞാനിപ്പോള്‍ ചലച്ചിത്രനിര്‍മാണരംഗത്തേക്ക് കടന്നു വരികയാണ്.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് നിര്‍മാണക്കമ്പനിയുടെ പേര്, എന്റെ പപ്പായും മമ്മായുമാണ് ജോണും, മേരിയും.
രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെയും വ്യാവസായത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ പപ്പാച്ചന്‍ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകള്‍!- ആദ്യമായി മികച്ച മലയാള സിനിമയ്‌ക്കുളള ദേശീയ പുരസ്‌കാരം നേടിയ ‘ നീലക്കുയിലും’ ‘ സിഐഡിയും’ രണ്ട് സിനിമകളും കണ്ടതിന്റെ പിറ്റേ ദിവസം രാഷ്്ട്രീയസമരത്തിന്റെ ഭാഗമായി പപ്പാച്ചന്‍ അറസ്റ്റ് ചെയ്യപ്പെട്ടു.അമ്മയെ സാന്ത്വനിപ്പിക്കാനുളള പപ്പാച്ചന്റെ സ്‌നേഹത്താലുളള ‘ അടവുനയ’മായിരുന്നു ആ സിനിമ കാണിക്കലുകള്‍.
കുടുംബസമേതം പപ്പാച്ചനുമൊന്നിച്ച് ഞാന്‍ കണ്ടത് ഒരേയൊരു സിനിമ.1982-ല്‍ റിച്ചാര്‍ഡ് ആറ്റിന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’.എന്റെയോര്‍മയില്‍ ടെലിവിഷനില്‍ ഒറ്റ സിനിമ മാത്രമേ അദ്ദേഹം മുഴുവനിരുന്ന് കണ്ടിട്ടുളള-‘കിരീടം’.കഥയില്‍ മുഴുകിയായിരുന്നു അത് കണ്ടു തീര്‍ത്തത്.
ചലചിത്രനിര്‍മാണരംഗത്തേക്ക് കടക്കുമ്പോല്‍ ഓര്‍മയില്‍ ഇതെല്ലാം ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.സിനിമ എന്നും എന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുളളൂ.കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പം സിനിമകൊട്ടകയില്‍ സിനിമകാണാന്‍ തുടങ്ങിയതാണ്.അതിപ്പോഴും തുടരുന്നു.എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകള്‍ വന്നാല്‍ ഇപ്പോഴും കാണാന്‍ മറക്കാറില്ല. John and Mary Creative-ന്റെ ലോഗോ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഇന്ന് പ്രകാശനം ചെയ്തു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: