തിരുവനന്തപുരം: എസ്എസ്എല്‍സി സേ പരീക്ഷ ജൂലൈയില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ 21 വരെ ഓണ്‍ലൈനായി നല്കാം.
സേ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷ എഴുതാം. എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പാക്കും. അതിനായി നിലവിലുള്ള അധിക ബാച്ചുകള്‍ തുടരേണ്ടതുണ്ടോ എന്ന് പരിശോധിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കും. ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കും.
പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നുണ്ട്. ഇന്നത്തെ ആശയരൂപീകരണ ശില്‍പ്പശാലയില്‍ കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന കരിക്കുലം, കോര്‍കമ്മിറ്റി സംയുക്ത യോഗത്തില്‍ പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യും. ശില്‍പ്പശാല മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഫലം 21ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വൈകിട്ട് മൂന്നിന് പിആര്‍ ചേംബറില്‍ ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: