Categories: Kasargod

നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍

2016 ല്‍ കടന്നപ്പള്ളി പുരാവസ്തുവകുപ്പ് മന്ത്രിയായിരിക്കയാണ് മ്യൂസിയമുണ്ടാക്കണമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നീലേശ്വരം കൊട്ടാരം പൈത്യക മ്യൂസിയമാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറിയത്.

Published by

നീലേശ്വരം: രാജസ്മരണകളും നാടുവാഴിത്വത്തിനെതിരെയുള്ള പോരാട്ട ചരിത്രവും ഉറങ്ങുന്ന നീലേശ്വരം രാജകൊട്ടാരത്തെ ചരിത്ര പൈതൃക മ്യൂസിയമാക്കാനുള്ള തീരുമാനം കടലാസിലൊതുങ്ങി. പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍. പുരാരേഖ മ്യൂസിയം സ്ഥാപിക്കാന്‍ കണ്ടെത്തിയ നീലേശ്വരം വലിയമഠം കൊട്ടാരത്തിന് 100 വര്‍ഷങ്ങളോളം പഴക്കമുണ്ട്. നീലേശ്വരം ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് ആയി പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം 1920 ല്‍ ആണ് നിര്‍മിച്ചത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് നീലേശ്വരത്ത് ഉചിതമായ സ്മാരകം പണിയാന്‍ തീരുമാനിച്ചത്.  

2016 ല്‍ കടന്നപ്പള്ളി പുരാവസ്തുവകുപ്പ് മന്ത്രിയായിരിക്കയാണ് മ്യൂസിയമുണ്ടാക്കണമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നീലേശ്വരം കൊട്ടാരം പൈത്യക മ്യൂസിയമാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറിയത്. കൊട്ടാരവും സ്ഥലവും വിട്ടുനല്‍കാന്‍ രാജവംശത്തിലെ പിന്‍ മുറക്കാര്‍ ഒരുക്കമായിരുന്നു. എന്നാല്‍ തുക സംബന്ധിച്ച തീരുമാനമാണ് അനിശ്ചിതത്വത്തിലായത്. എന്നാല്‍ 2019 ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇവിടെയുള്ള അറ്റകുറ്റപ്പണികള്‍ പോലും നടത്താനാകുന്നില്ല.  

ചരിത്ര സ്മാരകമാകുമ്പോള്‍ നീലേശ്വരം തമ്പുരാന്റെ പൂര്‍ണ്ണകായ പ്രതിമയും ചരിത്ര മ്യൂസിയവും റഫറന്‍സ് ലൈബ്രറിയും ഉള്‍പ്പെടെ സ്ഥാപിക്കാനാണ് നീക്കം നടത്തിയിരുന്നത്. ഇതോടൊപ്പം വടക്കേ മലബാറിലെ കര്‍ഷക സമരചരിത്രങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും നീലേശ്വരം രാജവംശത്തിന്റെയും ചരിത്രം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും പൈതൃക മ്യൂസിയത്തില്‍ ലക്ഷ്യമിട്ടിരുന്നു. നാല് താവഴികളാണ് നീലേശ്വരം രാജവംശത്തിനുള്ളത്.  

തെക്കേകോവിലകം, വടക്കേ കോവിലകം, കിണാവൂര്‍ കോവിലകം, കക്കാട്ട് കോവിലകം എന്നിവയാണിവ. ഇതില്‍ വലിയമഠമെന്ന തെക്കെ കോവിലകത്തിനായിരുന്നു അധികാരം. തെക്കെ കോവിലകത്തിലെ മൂത്തയാളാണ് നീലേശ്വരം രാജാവാകുന്നത്. ഇവരുടെ അധീനതയിലാണ് തളിയില്‍ ശിവക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം ക്ഷേത്രം, പനത്തടി പെരുതടി ക്ഷേത്രം,രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ.  

തൃപ്പണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്റര്‍ റീജിണല്‍ ഓഫീസര്‍ രജികുമാര്‍ നാലു തവണ ഈ കൊട്ടാരം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടയില്‍ മാര്‍ക്കറ്റ് വിലയുടെ 150 ശതമാനം നല്‍കാമെന്ന നിര്‍ദ്ദേശമാണ് രാജവംശത്തിന് നല്‍കിയത്.ഇതിന് പുറമെ കെട്ടിടത്തിന് വേറെ വില നല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു.എണ്‍പത് സെന്റോളം വിസ്തൃതിയാണ് കോവിലകത്തിനുള്ളത്.  

കൊവിഡും ലോക്ക് ഡൗണും വന്നതോടെയാണ് കോവിലകം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നീക്കം അനിശ്ചിതത്വത്തിലായത്. നിലവില്‍ പ്രഖ്യാപിച്ച പുരാരേഖ മ്യൂസിയം നടപ്പായാല്‍ നാശോന്മുഖമായ ഈ ചരിത്രശേഷിപ്പ് അതിന്റെ പൂര്‍ണതയില്‍ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരം നിവാസികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts