ന്യൂദല്‍ഹി: നൂപുര്‍ ശര്‍മയുടെ പ്രസ്താവനയുടെ പേരില്‍, ഇന്ത്യക്കെതിരേ ഇറങ്ങിയ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷനും (ഒഐസി) പാകിസ്ഥാനും ചുട്ട മറുപടി നല്കി ഇന്ത്യ.
ഒഐസിയുടെ വര്‍ഗീയ സമീപനം അവസാനിപ്പിക്കാനും എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അര്‍ഹമായ ബഹുമാനം കാണിക്കാനും ആവശ്യപ്പെട്ട വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി, ന്യൂനപക്ഷങ്ങളെ നിരന്തരം അടിച്ചമര്‍ത്തുകയും മതഭ്രാന്തന്മാരെ സ്തുതിക്കുകയും ചെയ്യുന്ന പാകിസ്ഥാന് ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും വ്യക്തമാക്കി.
ഒഐസി സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അനാവശ്യവും സങ്കുചിതവുമാണ്. അത് ഇന്ത്യ തള്ളുകയാണ്, വിദേശകാര്യ വക്താവ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. മതപരമായ വ്യക്തിത്വങ്ങളെ അവഹേളിക്കുന്ന ആക്ഷേപകരമായ ട്വീറ്റുകളും കമന്റുകളും ചില വ്യക്തികള്‍ നടത്തിയതാണ്. അവ കേന്ദ്ര സര്‍ക്കാരിന്റെ വീക്ഷണങ്ങളല്ല. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ വ്യക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഒഐസി തെറ്റിദ്ധരിപ്പിക്കുന്നതും വികൃതവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ഖേദമുണ്ട്. നിക്ഷിപ്ത താത്പര്യങ്ങള്‍ വച്ച് അവര്‍ പിന്തുടരുന്ന വിഭജന അജണ്ടയാണ് ഇത് തുറന്നുകാട്ടുന്നത്, ബാഗ്ചി തുറന്നടിച്ചു. മതഭ്രാന്തന്മാരെ സ്തുതിക്കുകയും അവര്‍ക്ക് സ്മാരകങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന പാകിസ്ഥാനില്‍ നിന്ന് തകച്ചും വിഭിന്നമാണ് ഇന്ത്യ.
ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുഹമ്മദീയ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തുന്ന പാകിസ്ഥാന് ഇന്ത്യയില്‍ ഇടപെടേണ്ടതില്ല. ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന നടപടികളാണ് പാക് പ്രധാനമന്ത്രി കൈക്കൊള്ളുന്നത്. പാകിസ്ഥാന് ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: