Categories: Kerala

സര്‍ക്കാര്‍ നല്കാനുള്ളത് ലക്ഷങ്ങള്‍; കുടുംബശ്രീ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും

20 രൂപയ്ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കുടുംബശ്രീ വഴി നടത്തുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്കാനുള്ള ലക്ഷങ്ങള്‍ കുടിശ്ശികയായതാണ് കാരണം. കിട്ടാനുള്ള തുകയും പോയാലോ എന്ന ഭീതിയില്‍ ഹോട്ടലുകള്‍ ഒരുവിധത്തില്‍ തള്ളിക്കൊണ്ടുപോകുകയാണ്.  

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.  

100 മുതല്‍ 500 വരെ ഊണ് ചെലവാകുന്നുണ്ട്. ഭൂരിഭാഗം യൂണിറ്റുകളിലും 250ല്‍ അധികം ഊണ് വിറ്റു പോകുന്നു. 250 ഊണിന് സര്‍ക്കാര്‍ 2500 രൂപ ദിവസം സബ്‌സിഡി നല്കണം. ഞായറാഴ്ച അവധിയാണ്. ഒരു ഹോട്ടലിന് ഒരു മാസം 62,500 രൂപയാണ് സബ്‌സിഡി ലഭിക്കേണ്ടത്. എട്ടു മാസമാകുമ്പോള്‍ കുടിശ്ശിക അഞ്ചു ലക്ഷമാകും.  കുടുംബശ്രീ മിഷന്‍ കണക്കു പ്രകാരം ഒന്നു മുതല്‍ ആറു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കാനുള്ള യൂണിറ്റുകളുണ്ട്.  

ഹോട്ടല്‍ നിര്‍ത്തിയാല്‍ കുടിശ്ശിക ലഭിക്കുമോയെന്ന ആശങ്കയില്‍ പല യൂണിറ്റുകളും വായ്പയെടുത്തു മുന്നോട്ടു പോകുകയാണ്. ഊണിനു ലഭിക്കുന്ന 20 രൂപയും സ്‌പെഷല്‍ വിഭവത്തിന് കിട്ടുന്ന തുകയുമാണ് വരുമാനം. ഓരോ യൂണിറ്റിലും അഞ്ച് മുതല്‍ 10 വരെ വനിതകളുണ്ട്. അവര്‍ക്ക് ശമ്പളം നല്‌കേണ്ടതും സാധനങ്ങള്‍ വാങ്ങേണ്ടതും ഈ വരുമാനത്തില്‍ നിന്നാണ്.  

സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും നല്ല രീതിയിലാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. 12 രൂപയുടെ അരി വാങ്ങാനും സാമ്പാറും തോരനും ഒരു അച്ചാറും നല്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇങ്ങനെ കൊടുത്താല്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ കുറയുമെന്നതിനാല്‍ 30 മുതല്‍ 40 രൂപ വരെ വിലയുള്ള അരിയാണ് ഉപയോഗിക്കുന്നത്.

രണ്ടു കറികളും, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയും നല്കുന്നു. ചോറിനൊപ്പം സ്‌പെഷല്‍ വിഭവങ്ങള്‍ നല്കുന്നതിനാലാണ് കുറച്ചെങ്കിലും പിടിച്ചു നില്ക്കാനാകുന്നത്. എന്നാല്‍ കുറച്ചു പേര്‍ മാത്രമാണ് സ്‌പെഷല്‍ വിഭവങ്ങള്‍ വാങ്ങുന്നത്, കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. മറ്റു ഹോട്ടലുകളില്‍ 50 മുതല്‍ 70 രൂപയ്‌ക്കു വരെ നല്കുന്ന ഊണാണ് ഇവിടെ 20 രൂപയ്‌ക്ക് കൊടുക്കുന്നത്. വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണം കഴിക്കാമെന്നതാണ് സവിശേഷത.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക