സപ്തര്‍ഷികളില്‍ പ്രധാനിയായ അഗസ്ത്യമുനിയുടെ പര്‍ണശാലയാണ് അഗസ്ത്യകൂടം. ദൈവികതയ്‌ക്കൊപ്പം ജൈവ വൈവിധ്യങ്ങളുടെ കലവറ കുടിയായ അഗസ്ത്യകൂടം പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിന്റെ തെക്ക് കിഴക്കേ കോണില്‍ സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് ഈ കൊടുമുടിയുള്ളത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മലനിരയായതിനാലും അപൂര്‍വ സസ്യജന്തുജീവജാലങ്ങള്‍ ഉള്‍പ്പെടുന്നതിനാലും അഗസ്ത്യകൂട വനമേഖലയെ ഭാരതസര്‍ക്കാര്‍ ‘ജൈവമണ്ഡല സംവരണ മേഖല’ യായി പ്രഖ്യാപിച്ചിരിക്കുന്നു.
ഒരു പുല്‍നാമ്പ് നുള്ളിയാല്‍പോലും അഗസ്ത്യമുനി കോപിക്കുമെന്ന വനവാസി സമൂഹത്തിന്റെ കല്ലു പിളര്‍ക്കുന്ന കല്‍പ്പനയാണ് ഔഷധസസ്യങ്ങളുടെ ഈ കേദാരഭൂമി ഇന്നും പ്രകൃതിയുടെ വരദാനമായി നിലകൊള്ളുന്നതിന് കാരണം. പ്രാണനറ്റ ദേഹത്തിന് പുനര്‍ജനി നല്‍കുന്ന ദിവ്യ ഔഷധമായ മൃതസഞ്ജീവനി ഇവിടെയുണ്ടെന്നാണ് പുരാണങ്ങള്‍ പരാമര്‍ശിക്കുന്നത്.
തമിഴര്‍ ‘പൊതികൈ മല’ എന്നു വിളിക്കുന്ന ഈ മലനിരകളില്‍ നിന്നാണ് നെയ്യാര്‍, കരമനയാര്‍, കുഴിത്തുറയാര്‍, താമ്രപര്‍ണി എന്നീ നദികളുടെ ഉത്ഭവം. വാമനപുരം നദിയുടെ പ്രഭവസ്ഥാനവും ഇവിടെയാണ്. 2001 നവംബര്‍ 12ന് രൂപവല്‍ക്കരിച്ച അഗസ്ത്യമല ജൈവമണ്ഡല സംവരണ മേഖലയില്‍ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, നെയ്യാര്‍ എന്നീ വന്യജീവി സങ്കേതങ്ങളും ശെന്തരുണി, അച്ചന്‍കോവില്‍, തെന്‍മല, കോന്നി, പുനലൂര്‍ തുടങ്ങിയ വനഡിവിഷനുകളും, കൂടാതെ കന്യാകുമാരി, തിരുനല്‍വേലി ജില്ലകളിലെ വനപ്രദേശങ്ങളും ഉള്‍പ്പെടുന്നു.
കാലഞ്ജരഗിരി വംശത്തില്‍പ്പെട്ട അഗസ്ത്യപര്‍വതത്തിന്റെ കൊടുമുടിയായി രാമായണത്തില്‍ പറയുന്നത് ഈ ശിഖരമാണെന്നു വിശ്വസിക്കപ്പെടുന്നു. സീതാന്വേഷണത്തിന് പുറപ്പെടുന്ന വാനരന്മാരോട് ദക്ഷിണഭാഗത്തുള്ള ഈ പര്‍വത ശിഖരത്തില്‍ ചെന്നു അഗസ്ത്യ മഹര്‍ഷിയുടെ അനുഗ്രഹം തേടണമെന്ന് സുഗ്രീവന്‍ നിഷ്‌കര്‍ഷിച്ചതായി വാല്മീകി രാമായണം കിഷ്‌കിന്ധകാണ്ഡത്തില്‍ കാണാം. അഗസ്ത്യമലയുടെ താഴ്‌വരകളില്‍ താമസിക്കുന്ന ആദിമജനവിഭാഗമായ കാണിക്കാര്‍ക്കും അഗസ്ത്യമുനിയുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യകഥകളുണ്ട്. കാലഞ്ജരഗിരി, മഹേന്ദ്രഗിരി വംശത്തില്‍പ്പെട്ട പര്‍വതങ്ങളില്‍ ഉണ്ടായിരുന്നതായി പുരാണങ്ങളില്‍ പറയുന്ന മലയരയര്‍ തങ്ങളുടെ പൂര്‍വികരാണെന്നു കാണിക്കാര്‍ വിശ്വസിക്കുന്നു.
അപൂര്‍വം ഈ ജൈവവൈവിധ്യം
ചെറുതും വലുതുമായ അനേകം മലകളും ഉയര്‍ന്ന പര്‍വതശിഖരങ്ങളും ഈ മേഖലയില്‍ കാണപ്പെടുന്നു. അവയില്‍ ചിലത് കളമല, തിണ്ടിമല, അരിയെല്ല്, വെണ്‍കുളത്ത്കാര്, കവലവം, നൂറാതുടിയന്‍, ചെമ്മുഞ്ചിമൊട്ട, വട്ടക്കാര്, കള്ളിപ്പാറമൊട്ട, അഞ്ചുകുന്നുമലകള്‍, കടുവാക്കല്ല്, കാളക്കല്ല്, ആതാടിമല, പുള്ള് വെട്ടുംപാറ, കതിരുമുടിക്കാര് എന്നിവയാണ്. നെയ്യാര്‍, കരമനയാര്‍, വാമനപുരം നദി, കുഴിത്തുറയാര്‍, താമ്രപര്‍ണി എന്നിവയുടെ കൈവഴികളും പോഷകനദികളുമായ കരവലിയാര്‍, പേയാര്‍, കാവിയാര്‍, അട്ടയാര്‍, തൊടയാര്‍, വയ്യപ്പടിയാര്‍, കാളിയപ്പാറപ്പുഴ, കല്ലാര്‍, ചിറ്റാര്‍, മണിയപ്പാറയാര്‍, കള്ളിപ്പാറയാര്‍, കൊമ്പെടുത്തിട്ടതോട്, കട്ടംകുറ്റിപ്പുഴ, പൊന്മുടിയാര്‍, പണിവടയാര്‍ എന്നിവയെല്ലാം ഈ അമൂല്യ വനമേഖലയെ ജലസമൃദ്ധമാക്കുന്നു.
വന ഇനങ്ങളുടെ കാര്യത്തില്‍ ഏതൊരു വന ഗവേഷകനേയും അത്ഭുതപ്പെടുത്താന്‍ പോന്ന വൈവിധ്യമാണ് അഗസ്ത്യമലയുടേത്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങള്‍, ഉഷ്ണമേഖലാ അര്‍ദ്ധഹരിത വനങ്ങള്‍, നനവാര്‍ന്ന ഇലകൊഴിയും കാടുകള്‍, മിതോഷ്ണമേഖലാ വനങ്ങള്‍, പര്‍വത മിതോഷ്ണ മേഖലാ സാവന്നകള്‍, പര്‍വത ആര്‍ദ്ര പുല്‍മേടുകള്‍, പര്‍വത മിതശീതോഷ്ണമേഖലാ വനങ്ങള്‍ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. ഇത്രയും വൈവിധ്യം നിറഞ്ഞ വന ഇനങ്ങള്‍ ഉള്ളതിനാല്‍ അതിവിപുലമായ സസ്യസമ്പത്തും ഈ വനമേഖലകളുടെ പ്രത്യേകതയാണ്. പാലി, കമ്പകം, ഇരുള്‍, കല്‍പ്പയിന്‍, വെന്‍കൊട്ട, വെള്ളപ്പയിന്‍, ഈട്ടി, ചുരുളി, വെള്ളകില്‍, ചീനി, വേങ്ങ, പുന്നപ്പ, ആഞ്ഞിലി, താന്നി, കടമ്പ്, മൈല, ആവല്‍, മരുത്, ഇലവ്, പാല, തേമ്പാവ്, വെന്തേക്ക്, ചടച്ചി, വേമ്പ് തുടങ്ങിയ വന്‍വൃക്ഷങ്ങളും ചേര്, വഴന, നെടുനാര്‍, വെട്ടി, മരോട്ടി, വട്ട, ചോരക്കാലി, അമ്പഴം, മലമ്പുന്ന, പേഴ്, നെല്ലി, കാഞ്ഞിരം, ആരംപുളി, ഞാവല്‍, ഞാറ, കുടംപുളി തുടങ്ങിയ ഇടത്തരം വൃക്ഷങ്ങളും ഈറ, ഈറ്റ, ഒട്ടല്‍, ചൂരല്‍, മുള, ആനപ്പുല്ല് തുടങ്ങിയ വമ്പന്‍ പുല്‍വര്‍ഗ്ഗങ്ങളും രാമദന്തി, പരണ്ടവള്ളി, ആതാമ്പുവള്ളി, കാട്ടുകുരുമുളക്, പുല്ലാനി, ഈഞ്ച, കഴഞ്ചി തുടങ്ങിയ വള്ളിച്ചെടികളും കാണപ്പെടുന്നു. മൃഗസമ്പത്തിന്റെ കാര്യത്തിലും അഗസ്ത്യവനങ്ങള്‍ മുന്നിലാണ്.
‘കുറിയ മുനി’യുടെ അത്ഭുത സങ്കേതം
ആന, കരടി, കടുവ, പുലി, മ്ലാവ്, കാട്ടുപോത്ത്, ഈനാംപേച്ചി, കേഴമാന്‍, മലയണ്ണാന്‍, മ്ലാവ്, കുറുനരി, കരിങ്കുരങ്ങ്, വെരുക് തുടങ്ങി എണ്‍പതിലധികം സസ്തനികളാണ് ഇവിടെയുള്ളത്. അളവറ്റ പക്ഷിസമ്പത്തും അത്യപൂര്‍വങ്ങളായ ഉരഗങ്ങളും അഗസ്ത്യമലനിരകളിലുണ്ട്. അനേകം അപൂര്‍വ ഔഷധസസ്യങ്ങളും ഓര്‍ക്കിഡുകളും പന്നല്‍ച്ചെടികളും അഗസ്ത്യാര്‍കൂട വനമേഖലയില്‍ കാണാന്‍ കഴിയും. മലേഷ്യ, ബോര്‍ണിയോ എന്നിവിടങ്ങളില്‍ കാണുന്ന പിഗ്മി ആനകള്‍ക്കു (കുള്ളന്‍ ആന) സമാനമായ കല്ലാന അഥവാ തുമ്പിയാന അഗസ്ത്യാര്‍കൂട മലനിരകളില്‍ കണ്ടിട്ടുള്ളവരുണ്ട്. കാടു തീണ്ടിയാല്‍ കുലം മുടിയുമെന്ന് വിശ്വസിക്കുന്ന, അഗസ്ത്യന്‍ തപസ്സ് ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്ന അഗസ്ത്യകൂടം കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നവരാണ് ഗോത്ര സമൂഹം. സിദ്ധവൈദ്യത്തിന്റെ ആചാര്യനായും തമിഴ് ഭാഷയുടെ ഉപഞ്ജാതാവായും അറിയപ്പെടുന്ന കുറിയ മുനി എന്നു വിളിക്കുന്ന കുംഭസംഭവന്‍ (അഗസ്ത്യമുനി) തപം ചെയ്ത ഈ പര്‍വതനിരകളിലേക്ക് ഭക്തിയോടെ നിരവധി തീര്‍ത്ഥാടകരാണ് വര്‍ഷം തോറും എത്തുന്നത്. ഏറെപ്പേരും എത്തുന്നത്. അതിരുമലയില്‍ തങ്ങി അവിടെ നിന്നും കയറ്റം കയറി പൊങ്കാല പാറയില്‍ എത്തിയാണ് കുത്തനെയുള്ള കയറ്റം കയറി അഗസ്ത്യമുടിയില്‍ എത്തുക. ഏതു നിമിഷവും അന്തരീക്ഷം മാറി മറിയുന്ന അഗസ്ത്യമുടിയില്‍ പലര്‍ക്കും എത്താനും കഴിയില്ല. ഏഴിലംപൊറ്റ എന്ന ഭാഗത്താണ് അഗസ്ത്യമുനി തപം ചെയ്യുന്നു എന്ന് കരുതുന്നത്. ഇവിടെയെത്താന്‍ പലര്‍ക്കും കഴിയാറില്ല. 1862 ല്‍ ഇവിടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാജകുടുംബം സ്ഥാപിച്ചിരുന്നു. പിന്നീട് അത് നശിച്ചു പോയി. ഒരിക്കല്‍ ബുദ്ധസന്യാസിമാരുടെ താവളവുമായിരുന്നു ഇവിടമെന്ന് ചരിത്ര രേഖകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക