Categories: Varadyam

കളിയരങ്ങിലെ ചടുല സൗന്ദര്യം

എണ്‍പതിലെത്തിയ കഥകളിയാശാന്‍ സദനം കൃഷ്ണന്‍കുട്ടിയുടെ കഥകളി ജീവിതത്തിലൂടെ

പാടി രാഗത്തിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.  പാതിരാവിന്റെ കുളിരില്‍ കളിയരങ്ങിനു മുന്നില്‍ ഇരിക്കുന്ന പ്രതീതി ജനിപ്പിക്കും ആ രാഗം. തിരശീലയ്‌ക്കു പിന്നില്‍ തിരനോട്ടത്തിന് ഒരുങ്ങി നില്‍ക്കുന്ന കത്തി വേഷത്തിന്റെ കിരീടം മനസ്സില്‍ തെളിയും. തിരയ്‌ക്കകത്തെ കലാശത്തിന്റെ താളത്തിനൊപ്പം കിരീടത്തിന്റെ ചലനം. പിന്നെ തിരശീലയ്‌ക്കു മുകളില്‍, പട്ട് ഉത്തരീയത്തിന്റെ തലപ്പു പിടിച്ച കൈപ്പത്തികളുടെ, ഒഴുകുന്ന ചലനഭംഗി. കച്ചമണികളുടെ കിലുക്കം. തിരശീലയ്‌ക്ക് അപ്പുറം നടക്കുന്നത് എന്തെന്ന്, അരങ്ങിനു മുന്നിലിരുന്നാലും കൃത്യമായി അറിയാം. കഥകളി ആസ്വാദനത്തിന്റെ സുഖകരമായ അനുഭവങ്ങളില്‍ ഒന്നായി അത് എന്നും മനസ്സില്‍ അലിഞ്ഞു കിടക്കുന്നു.

പാടിരാഗം കേള്‍ക്കുമ്പോള്‍ മനസ്സിലേക്കു വരുന്നതു പ്രധാനമായും രണ്ടു പേരാണ്. അരങ്ങൊഴിഞ്ഞ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനും എണ്‍പതിലും കളിയരങ്ങില്‍ നിറഞ്ഞു നില്‍ക്കുന്ന സദനം കൃഷ്ണന്‍കുട്ടിയാശാനും. കത്തിവേഷത്തിന്റെ നിറവ് ഇരുവരിലും തുളുമ്പി നില്‍ക്കുന്നു. കേവലം സൗന്ദര്യമല്ല, സൗന്ദര്യത്തിന്റെ കൈപിടിച്ച ഗൗരവ ഭാവമാണ്് കത്തി വേഷത്തിന്റെ പൂര്‍ണത. അക്കാര്യത്തില്‍ അനുഗൃഹീതരാണ് ഇവരിരുവരും. വേഷം തീര്‍ന്ന് അരങ്ങത്തേക്കുള്ള ആ വരവു തന്നെ കാണാന്‍ മാത്രമുണ്ട്. വ്യത്യാസം ഒന്നു മാത്രം. രാമന്‍കുട്ടിയാശാന്‍ കത്തി, വെള്ളത്താടി വേഷങ്ങളുടെ മാസ്റ്റര്‍ ആയിരുന്നെങ്കില്‍ കൃഷ്ണന്‍കുട്ടിയാശാന്‍ കളിയരങ്ങിലെ ഓള്‍ റൗണ്ടറാണ്. ഏതു വേഷവും വഴങ്ങും. പച്ച, കത്തി, താടി, കരി വേഷങ്ങളും അവശ്യ ഘട്ടങ്ങളില്‍ മിനുക്കും ഭംഗിയായി കൈകാര്യം ചെയ്യും. വേഷങ്ങളിലെ കുട്ടിത്തരം, ഇടത്തരം, ആദ്യസ്ഥാനം എന്ന തരംതിരിവൊന്നും ആശാനു ബാധകമല്ല. ആറരപ്പതിറ്റാണ്ടു പിന്നിട്ട അരങ്ങ് അനുഭവത്തിലുടനീളം ഈ വൈവിധ്യം ഇത്രഭംഗിയായി കൂടെ കൊണ്ടു നടന്ന മറ്റൊരു നടന്‍ കാണുമെന്നു തോന്നുന്നില്ല.

കലാമണ്ഡലം കൃഷ്ണന്‍ നായരാശാന്റെ പച്ച വേഷവും രാമന്‍കുട്ടി നായരാശാന്റെ കത്തിയും കളിയരങ്ങുകളുടെ ആകര്‍ഷണമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് അത് ഗോപിയാശാന്റെ പച്ചയും കൃഷ്ണന്‍കുട്ടിയാശാന്റെ കത്തിയും ആയി. പക്ഷേ, അതില്‍ മാത്രം ഉറച്ചുനില്‍ക്കാന്‍ കൃഷ്ണന്‍കുട്ടിയാശാന്‍ ഒരുക്കമല്ലായിരുന്നു. വൈവിധ്യമായിരുന്നു ഇഷ്ടം. പലരും ചില മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യുമ്പോള്‍, അങ്ങനെയൊരു സാധ്യതയുണ്ടായിട്ടും എന്തേ ആശാന്‍ വൈവിധ്യത്തെ സ്‌നേഹിച്ചു?

അക്കാര്യത്തെക്കുറിച്ചു ചോദിച്ചാല്‍, അതൊക്കെ കളരിയിലേയും അരങ്ങിലേയും അനുഭവങ്ങളുടെ സംഭാവനയാണെന്ന് ആശാന്‍ ചിരിയോടെ പറയും. ”സദനത്തിലെ അഭ്യാസകാലത്ത് ചെയ്യാത്ത കാര്യങ്ങളില്ല. എന്തുകാര്യത്തിനും എല്ലാവരുമുണ്ടാകും. പാചകത്തിന് അടക്കം സഹകരിക്കും. എല്ലാവരും ഒരു കണക്കില്‍ ഓള്‍റൗണ്ടര്‍മാരായിരുന്നു. അരങ്ങേറ്റത്തിനു ശേഷം ട്രൂപ്പിനൊപ്പം പരിപാടികള്‍ക്കു പോയിത്തുടങ്ങിയപ്പോഴും ഇതു തന്നെയായിരുന്നു  കഥ. കളിക്കോപ്പുകള്‍ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുപോരാനും അടക്കം സഹകരിക്കും. അണിയറയില്‍ മനയോല അരയ്‌ക്കണം, ചുട്ടിയരി അരയ്‌ക്കണം, ഉത്തരീയം കെട്ടണം, ഉടുത്തുകെട്ടാന്‍ സഹായിക്കണം. ഇതിനിടെ ആശാന്‍ പറയുന്ന വേഷം കെട്ടുകയും വേണം. അങ്ങനെ ചെറുചെറു വേഷങ്ങള്‍ കെട്ടിത്തുടങ്ങി. ക്രമേണ ആദ്യസ്ഥാനത്തിലേക്കെത്തി. ആ പാത പിന്നെ മറന്നില്ലെന്നു മാത്രം. നിര്‍ദേശിക്കുന്ന വേഷം കെട്ടും. മടി പറയാറില്ല.

”വെള്ളിനേഴി നാണുനായര്‍ ആശാന് എത്താന്‍ കഴിയാത്ത ഒരു കളിയില്‍ പകരക്കാരനായാണ് ആദ്യം ചുവന്നതാടി വേഷം കെട്ടിയത്. ദക്ഷയാഗത്തിലെ വീരഭദ്രന്‍. രാമന്‍കുട്ടിയാശാന്റെ നിര്‍ദേശ പ്രകാരം ആശാന്  പകരക്കാരനായി സീതാസ്വയംവരത്തിലെ പരശുരാമന്‍ കെട്ടി. കോട്ടയ്‌ക്കല്‍ ശിവരാമനു പകരം കുന്തിയായി കൃഷ്ണന്‍ നായരാശാനോടോപ്പം അരങ്ങിലെത്തിയിട്ടുണ്ട്. ഇതൊക്കെയൊരു നിയോഗമാണ്. അതാണ് എന്റെ കഥകളി ജീവിതം. ഇന്നുവരെ മുഷിവു തോന്നിയിട്ടില്ല.”

ചെര്‍പ്പുളശ്ശേരിയിലെ പിലാശ്ശേരി രാവുണ്ണി നായരുടെയും കിഴക്കേപ്പാട്ട് ജാനകിയമ്മയുടേയും മകന്‍ കൃഷ്ണന്‍കുട്ടി, പാലക്കാടു ജില്ലയിലെ പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ കഥകളി വിദ്യാര്‍ഥിയാകുന്നത് പതിനഞ്ചാം വയസ്സിലാണ്. എലിമെന്ററി പരീക്ഷ ഒന്നാം ക്‌ളാസ്സില്‍ പാസ്സായിട്ടും കഥകളിയെ വിട്ടൊരു ജീവിതത്തെക്കുറിച്ച്, കളിക്കമ്പം മൂത്ത ആ കുട്ടി  മനസ്സ് ചിന്തിച്ചില്ല. കോട്ടയ്‌ക്കല്‍ കൃഷ്ണന്‍കുട്ടിനായരുടേയും ശങ്കരനാരായണന്‍ എമ്പ്രാന്തിരിയുടേയും ശിക്ഷണത്തില്‍ തുടക്കം. പിന്നെ തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരുടെ കീഴിലായി അഭ്യാസം. കല്ലുവഴിച്ചിട്ടയുടെ വക്താവായ അദ്ദേഹമാണ് ആ കുട്ടിയില്‍ കഥകളിയുടെ അടിസ്ഥാന പാഠങ്ങളും ചിട്ടകളും നിറച്ചത്. പിന്നീടു നാലുവര്‍ഷം കീഴ്പ്പടം കുമാരന്‍ നായരാശാന്റെ ശിഷ്യത്വം. കല്യാണസൗഗന്ധികത്തിലെ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറ്റം.  അരങ്ങത്ത് സാധാരണ അവതരിപ്പിച്ചു കാണാത്ത, പതിഞ്ഞ ചെമ്പട വട്ടത്തിലുള്ള പദം. അത്തരം പദങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ ചൊല്ലിയാടുന്നത് ഭാവിയില്‍ ഘനമുള്ള വേഷങ്ങള്‍ ചെയ്യാനുള്ള മുന്നൊരുക്കമാണ്.

വേഷപ്പകര്‍ച്ച കഥകളിയില്‍ ഏറെ പ്രധാനമാണല്ലോ. ആശാന്റെ വേഷങ്ങളുടെ ഭാവപ്പകര്‍ച്ച അതിലും ഗംഭീരമെന്നു തന്നെ പറയണം. കത്തി വേഷത്തിന്റെ ഗൗരവ ഭാവത്തില്‍ നിന്ന് കൃഷ്ണ വേഷത്തിന്റെ ലളിത സൗന്ദര്യത്തിലേക്കുള്ള മാറ്റം വിസ്മയിപ്പിക്കും. ഇത്ര ഭംഗിയുള്ളൊരു ശ്രീകൃഷ്ണനെ കളിയരങ്ങില്‍ അധികമൊന്നും കണ്ടതായി ഓര്‍മയില്ല. ഇതു സദനം കൃഷ്ണന്‍കുട്ടിയൊന്നുമല്ല, സാക്ഷാല്‍ കൃഷ്ണന്‍കുട്ടി തന്നെയാണെന്ന് ഒരു ആസ്വാദകന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കൃഷ്ണന്‍  സ്വതേ കുട്ടിത്തരം വേഷങ്ങളില്‍പ്പെട്ടതാണ്. അതിനു ചടുലത കൂടും. അതുകൊണ്ടു തന്നെ തുടക്കക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കുമായി അതു നീക്കിവയ്‌ക്കാറുണ്ട്. പക്ഷേ, കൃഷ്ണന്‍കുട്ടി ആശാന് ഇതൊന്നും ബാധകമല്ല. കുട്ടിത്തരത്തിന്റെ ചടുല ഭംഗിയും ആദ്യസ്ഥാന വേഷത്തിന്റെ ഇരുത്തംവന്ന ചലനങ്ങളും വെള്ളത്താടിയുടേയും കരിയുടേയും നര്‍മത്തില്‍ ചാലിച്ച ആട്ടങ്ങളും കലാശങ്ങളും എല്ലാം വഴങ്ങും.  ലവകുശന്‍മാരുടെ കുട്ടിത്തവും കുസൃതിയും പ്രസരിപ്പും നളന്റെ രാജകീയ പ്രൗഢിയും രാവണന്റെയും ദുര്യോധനന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും ആ മനസ്സിലും ശരീരത്തിലും നന്നായി ചാലിച്ചു ചേര്‍ത്തിട്ടുണ്ട്. രൗദ്രത്തിന്റെ മൂര്‍ത്തീഭാവമായ രൗദ്രഭീമനെ അവതരിപ്പിക്കുമ്പോള്‍ ആശാന്‍ വേറൊരു തലത്തിലേക്ക് ഉയരും.

ഇതൊക്കെയായാലും ആശാന്റെ ഏറ്റവും നല്ല വേഷം ഏതെന്നു ചോദിച്ചാല്‍ കത്തി വേഷങ്ങള്‍ എന്നു തന്നെയാവും ആസ്വാദകര്‍ പറയുക. അതില്‍ത്തന്നെ നരകാസുരനും ഉല്‍ഭവത്തിലെ രാവണനും.  

സ്ഥായിഭാവം വിടാതെ അടിമുടി കഥാപാത്രമായി മാറുന്നത് ഈ വേഷങ്ങളിലാണ്. നരകാസുരന്റെ പടപ്പുറപ്പാടും സ്വര്‍ലോകത്തെ വിറപ്പിക്കുന്ന അട്ടഹാസവും എത്രയോ അമ്പലപ്പറമ്പുകളെ കിടിലം കൊള്ളിച്ചിരിക്കുന്നു. കാലം കയറിക്കയറി ഉച്ചസ്ഥായിയിലേക്കെത്തുന്ന അത്തരം വേഷങ്ങളുടെ ചടുലഗാംഭീര്യമാണ് കൃഷ്ണന്‍കുട്ടി ആശാന് ഏറെ യോജിക്കുക. ആശാന്‍ ആസ്വദിക്കുന്നതും അതുതന്നെ. ഊര്‍ജസ്വലതയാണ് മുഖമുദ്ര. പ്രായത്തിനു കീഴടക്കാനാവാത്ത ഉല്‍സാഹമാണ് അത്തരം അരങ്ങുകളില്‍ കണാറുള്ളത്.    

എന്തായിരിക്കാം കത്തി വേഷത്തോട് ഇത്ര പ്രത്യേകത തോന്നാന്‍ കാരണം?

 ചൊല്ലിയാട്ടക്കളരിയിലെ അനുഭവങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടതായിരിക്കണം ആ ഇഷ്ടം. ചിട്ടപ്രധാനമാണ് കത്തി വേഷങ്ങളെല്ലാം തന്നെ. അവ ചൊല്ലിയാടി ഉറച്ചാല്‍ മറ്റ് ഏതു വേഷവും വഴങ്ങും. കഥാപാത്രബോധം വേണമെന്നു മാത്രം. കൂടുതല്‍ ചൊല്ലിയാടിയിട്ടുള്ളതും കത്തിവേഷങ്ങളാണ്.

ചിട്ട പ്രധാനമായ  പച്ച വേഷങ്ങളും സ്ത്രീ വേഷങ്ങളും ഉണ്ട്. എങ്കിലും കത്തിക്ക് പ്രത്യേകമായി ചില അരങ്ങ് ചിട്ടകളുണ്ടല്ലോ.

സദനത്തിലെ അഭ്യാസകാലത്ത് രാച്ചൊല്ലിയാട്ടം പതിവുണ്ട്. രാത്രികാലത്തെ പ്രത്യേക ചൊല്ലിയാട്ടം. അവിടെയും കത്തി വേഷങ്ങളാണ് തെരഞ്ഞെടുക്കുക. തിരനോട്ടം, തിരയ്‌ക്കകത്തു കലാശം, അലര്‍ച്ച എന്നിവയ്‌ക്കു പ്രത്യേക പരിശീലനം തരും. താടി, കരി, വെള്ളത്താടി വേഷങ്ങള്‍ക്കും തിരനോക്ക് ഉണ്ടെങ്കിലും കത്തിക്ക് പ്രത്യേകതയുണ്ട്. അവിടെ എല്ലാത്തിനും ഒരു രാജാകീയ ഭാവം വേണം.  ശ്രുതിചേര്‍ന്നു വേണം അലര്‍ച്ച. ശ്രുതിജ്ഞാനമുണ്ടാകാന്‍ അന്ന് പാട്ടു ക്‌ളാസില്‍ പങ്കെടുക്കാറുണ്ടായിരുന്നു. തിരയ്‌ക്കകത്തെ അലര്‍ച്ച ശ്രുതിയ്‌ക്കൊപ്പം ശംഖിന്റെ നാദത്തോടും ലയിച്ചു ചേര്‍ന്നു നില്‍ക്കണം. ശംഖിന്റെ ശബ്ദവും അലര്‍ച്ചയും വേര്‍തിരിക്കാനാവാത്ത വിധവും എന്നാല്‍ വ്യക്തമാവും വിധവും വേണം അലര്‍ച്ച. ആട്ടത്തിനിടയിലാണെങ്കില്‍ സന്ദര്‍ഭത്തിനും ഭാവത്തിനും അനുസരിച്ചായിരിക്കണം അലര്‍ച്ച. പതിഞ്ഞപദമാടുന്ന കത്തി വേഷത്തിന്റെ ശ്രുതിമധുരമായ അലര്‍ച്ച, ഇന്ദ്രനെ പോരിനു വിളിക്കുന്ന നരകാസുരന്റെ അലര്‍ച്ച, വലലന്റെ കൈപ്പിടിയിലമര്‍ന്ന കീചകന്റെ അലര്‍ച്ച, ചൂതില്‍ത്തോറ്റ പാണ്ഡവരെ വനവാസത്തിന് അയയ്‌ക്കുന്ന ദുര്യോധനന്റെ അലര്‍ച്ച, കൃഷ്ണനെ മുച്ചൂടും പരിഹസിക്കുന്ന ശിശുപാലന്റെ അലര്‍ച്ച, കൈലാസോദ്ധാരണം വര്‍ണിക്കുന്ന രാവണന്റെ അഹന്ത നിറഞ്ഞ അലര്‍ച്ച, അതേ രാവണന്‍തന്നെ ബാലിയുടെ വാലില്‍ കുടുങ്ങിയ നിസ്സഹായാവസ്ഥയിലെ അലര്‍ച്ച…. എല്ലാം കഥാസന്ദര്‍ഭത്തിനും കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്‌ക്കും യോജിച്ചതാവണം. അപ്പോഴും ശ്രുതിചേര്‍ന്നു തന്നെ ആയിരിക്കണമെന്ന് ആശാന്‍മാര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. ആ ശ്രുതിബോധം ആര്‍ജിക്കാനാണ് അഭ്യാസ കാലത്ത് പാട്ടുക്‌ളാസ്സുകളില്‍ പങ്കെടുത്തിരുന്നത്. ഇന്ന് ഇതെല്ലാം അത്രതന്നെ പ്രായോഗികമാണോ എന്ന് അറിയില്ല.

വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള മാനസികമായ തയ്യാറെടുപ്പ് എങ്ങനെയാണ്?

മുന്‍പേ പോയവരുടെ വേഷങ്ങള്‍ നിഷ്‌കര്‍ഷയോടെ കാണാറുണ്ട്. കൃഷ്ണന്‍ നായരാശാന്റെ പച്ച. രാമന്‍കുട്ടി നായരാശാന്റെ കത്തിവേഷങ്ങളും ഹനുമാനും കീഴ്പ്പടം ആശാന്റെ ഹനുമാന്‍, പത്മനാഭന്‍ നായരാശാന്റെ ഹംസം അങ്ങനെ പലതും. മുതിര്‍ന്നവരുടെ അരങ്ങു പഴക്കത്തില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ട്. അവരെ അനുകരിക്കാറില്ല. അതിനു ഞാന്‍ പ്രാപ്തനുമല്ല. പക്ഷേ, അതില്‍ നിന്നു പലതും ഉള്‍ക്കൊള്ളാറുണ്ട്. പലതും മനസ്സില്‍ പതിയും. അവ പാഠങ്ങളാക്കും. അതൊക്കെ  കഴിവിനനുസരിച്ചും മനോധര്‍മത്തിന് അനുസരിച്ചും അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് പതിവ്. അതു നന്നായി എന്നു കേട്ടാല്‍ മനസ്സ് കുളിര്‍ക്കും. സന്തോഷത്തിനൊപ്പം ഗുരുക്കന്‍മാരോടുള്ള ആദരവും മനസ്സില്‍ നിറയും.

അതെ, ആശാന്‍! അതിന്റെ അനുഗ്രഹവും ഐശ്വര്യവും ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ. എണ്‍പതിലെത്തിയ സദനം കൃഷ്ണന്‍കുട്ടി എന്ന കളിയാശാന്‍ കടന്നു പോന്ന വഴികളില്‍ ആദരവും അംഗീകാരവും ഏറെ തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര, കേരള സര്‍ക്കാരുകളുടേയും ആസ്വാദക സംഘടനകളുടേയും അടക്കം നാട്ടിലും വിദേശത്തുമായി ലഭിച്ച പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മൂന്ന് അക്കത്തോട് അടുക്കുന്നു. ആസ്വാദക മനസ്സുകളുടെ അംഗീകാരം വേറെയും. കലാമണ്ഡലം, സദനം, കലാനിലയം അടക്കമുള്ള കഥകളി വിദ്യാലയങ്ങളിലൂടെ മികച്ചൊരു ശിഷ്യസമ്പത്തും സ്വന്തം. ജി.അരവിന്ദന്റെ മാറാട്ടത്തിലൂടെ സിനിമാതാരവുമായി. സഹധര്‍മിണി അംബികയും പത്രപ്രവര്‍ത്തകനായ മകന്‍  വിനോദ്കുമാറുമൊത്ത് ഇരിങ്ങാലക്കുടയിലെ കൃഷ്ണസദനത്തിലാണ് താമസം. മകള്‍, നര്‍ത്തകിയും തൃശൂരില്‍ നൃത്താധ്യാപികയുമായ കലാക്ഷേത്ര വിനീത.

സഫലമീയാത്ര….!

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക