തൃശൂർ: ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ വ്യതസ്ത ചിത്രങ്ങൾ വരച്ച് ഭക്തരുടെ പ്രശംസ നേടിയ യുവകലാകാരനായ രതീഷ് ബാലാമണി തന്റെ ജീവിതം ഭഗവത്ചിത്രങ്ങൾ വരക്കാനായി മാറ്റി വച്ചിരിക്കുകയാണ്. വർണങ്ങൾ ചാലിച്ചെടുത്ത് രതീഷ് വരക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളിലധികവും ഗുരുവായൂർ ഉണ്ണിക്കണ്ണന്റേതു തന്നെ.
ദൈവീക ചിത്രങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ വ്യക്തിയാണ് ഗുരുവായൂർ മാണിക്കത്തുപടി സ്വദേശി മണത്തല വീട്ടിൽ രതീഷ് ബാലാമണി. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ കമ്പം കയറിയ രതീഷ് 10 വർഷം മുൻപാണ് ചിത്രകലയിൽ സജീവമാകുന്നത്. ഓയിൽ പെയിന്റ്, അക്രിലിക്, വാട്ടർ കളർ എന്നിവ ഉപയോഗിച്ചാണ് ചിത്രരചന. ഭഗവാൻ കൃഷ്ണന്റെ ആയിരത്തിലധികം ചിത്രം വരച്ച അപൂർവം വ്യക്തികളിൽ ഒരാളാണ് രതീഷ് . വീടുകളിലേക്കും അമ്പലങ്ങളിലേക്ക് സമർപ്പിക്കാനുമായിട്ടാണ് രതീഷ് വരക്കുന്ന ചിത്രങ്ങൾ തേടി ദൂര ദേശങ്ങളിൽ നിന്നുവരെ ആളുകളെത്തുന്നത്.
കോവിഡ് കാലത്ത് ഗുരുവായൂരപ്പനെ തൊഴാൻ വരാനായി പറ്റാതായതോടെ വീട്ടിലിരുന്ന് കാണുന്നതിനായി രതീഷിന്റെ കയ്യിൽ നിന്ന് തൃപ്പൂണിത്തുറ സ്വദേശി ബാലാജി വരച്ചു വാങ്ങിയത് ഗുരുവായൂർ ക്ഷേത്രമായിരുന്നു. അഞ്ചടി വലിപ്പമുള്ള ഈ ചിത്രവും തൃപ്പൂണിത്തുറ പൂർണത്രയീശന്റെ മനോഹര രൂപവും ബാലാജിക്ക്, രതീഷ് ബാലാമണി വരച്ചു നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സമയമെടുത്ത് മനസും കരങ്ങളും ഇഴചേർന്ന് വരച്ചെടുത്തതാണ് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ചിത്രം. 10 ദിവസം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. പത്തനംത്തിട്ട ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വരച്ചു നൽകിയ ഉണ്ണിക്കണ്ണന്റെ അപൂർവ ചിത്രവും പ്രശസ്തമാണ്. ഇലയിട്ട് നാടൻ സദ്യ കഴിക്കുന്ന കുസൃതിക്കണ്ണന്റെ രൂപം ആരുടെയും മനസിൽ പതിയുന്നതാണ്. ഈ ചിത്രം വരച്ചതിന് ക്ഷേത്രം ഭാരവാഹികളുടെ പ്രത്യേക അനുമോദനവും ലഭിച്ചിരുന്നു
ബോട്ടിൽ ആർട്ടിലും നാനോ ആർട്ടിലും രതീഷ് ബാലാമണി തന്റെ വൈദഗ്‌ധ്യം തെളിയിച്ചിട്ടുണ്ട്. മഞ്ചാടി, ആലില, കൂവളയില, പുളിയില, കറുകപ്പുല്ല്, കല്ല്, അവൽ മണി, മഞ്ചാടി തുടങ്ങി നിരവധി വസ്തുക്കളിൽ രതീഷ് തന്റെ പ്രിയപ്പെട്ട ഭഗവാന്റെ രൂപങ്ങൾക്ക് നിറച്ചാർത്ത് നൽകി. ഗുരുവായൂർ ക്ഷേത്രനടയിൽ ഓണത്തിന് അത്തം മുതലുള്ള നിരവധി പൂക്കളങ്ങൾ രതീഷും സഹോദരൻ രമേഷും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുള്ള നിരവധി കലാസ്വാദകർക്ക് ചിത്രങ്ങൾ വരച്ചു നൽകുന്ന രതീഷ് ബാലാമണിയുടെ ആഗ്രഹവും വാട്സപ്പ് പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നതും ഒന്നാണ്. ” പടമാകും വരെ പടം വരക്കണം “.
പ്രതികരിക്കാൻ ഇവിടെ എഴുതുക: