ഒരു രാഷ്ട്രത്തെ നാശോന്മുഖമാക്കാനുള്ള എളുപ്പവഴി അതിന്റെ ഏകതയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കുകയെന്നതാണ് എന്നു പറയാറുണ്ട്. പല ഭാഷകള്‍ സംസാരിക്കുന്ന രാഷ്ട്രമാണ് ഭാരതം. പല ജീവിതരീതികളും ആചാരങ്ങളും വിശ്വാസങ്ങളും സംസ്കാരങ്ങളുമെല്ലാം ഉള്‍ക്കൊളളുന്ന വൈവിധ്യങ്ങളുടെ ഭൂമികയാണിത്. ലോകരാഷ്ട്രങ്ങളില്‍ ഭൂപ്രദേശ വിസ്തൃതികൊണ്ട് ഏഴാം സ്ഥാനത്ത് നില്ക്കുന്ന വിശാലമായ ഭാരതത്തില്‍ വൈവിധ്യങ്ങളെല്ലാം ഉണ്ടായിരിക്കുമ്പോഴും കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനതയെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന പ്രധാന ഘടകം അതിന്റെ ദേശീയതയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന പ്രയോഗത്തിലൂടെയൊക്കെ അര്‍ത്ഥമാക്കുന്നത് അതാണ്. അതായത് ഇന്ത്യ അഥവാ ഭാരതം എന്ന പ്രയോഗത്തിലൂടെ നമ്മുടെ ഭരണഘടന നിര്‍വ്വചിച്ചിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഏകതയ്ക്ക് കാരണമായി വര്‍ത്തിക്കുന്നത് ദേശീയതയെന്ന ഘടകമാണ്.
ദേശീയതയെ തകര്‍ക്കുന്നതിലൂടെ മാത്രമേ ഭാരതത്തെ തകര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് രാഷ്ട്രവിരുദ്ധശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവിക്കാറുണ്ട്. ഭാരതത്തിന്റെ ദേശീയതയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴായി പലരും നടത്തിയതായി കാണാന്‍ കഴിയുമെങ്കിലും അതൊന്നും വിജയം വരിച്ചിട്ടില്ല. അതുകൊണ്ടാവണം സമീപകാലത്ത് കണ്ടുവരുന്ന പുതിയയിനം പ്രവണതയാണ് ദേശീയതയ്ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുകയെന്നത്. വിലയ്ക്ക് വാങ്ങപ്പെട്ട ബുദ്ധിജീവിനാട്യക്കാരെയാണ് ഇതിനായി ഉപയോഗിച്ച് കാണുന്നത്. ഈയിടെ ഇന്ത്യ എന്ന ദേശനാമം എന്ന ഒരു ലേഖനത്തിലൂടെ സുനില്‍ പി. ഇളയിടം സ്വീകരിക്കുന്ന തന്ത്രവും ഇതിന്റെ ഭാഗമായി വേണം കാണാന്‍.
എബ്രഹാം ലിങ്കണ് അമേരിക്കയുടെ ഐക്യത്തെക്കുറിച്ച് പറയുന്നത്, പുറത്തുനിന്നൊരു ശക്തിക്കും അമേരിക്കയെ തകര്‍ക്കാനാവില്ല, എന്നെങ്കിലും നാശം നേരിടുകയാണെങ്കില്‍ അതിന് കാരണക്കാര്‍ അമേരിക്കക്കാര്‍ തന്നെയായിരിക്കും എന്നാണ്. അതേപോലെ ഇന്ത്യയെന്ന ലോകശക്തിയെ പുറത്തുനിന്നുള്ളൊരു ആക്രമണത്തിലൂടെ ഇല്ലാതാക്കാന്‍ ലോകത്തൊരു ശക്തിക്കും ഇന്ന് സാധ്യമല്ല. ഒരുപക്ഷെ അല്‍പ്പമെങ്കിലും അതിനുള്ള ശ്രമം നടത്താന്‍ സാധിക്കുക രാജ്യത്തിനകത്തുതന്നെയുള്ളവര് വിചാരിച്ചാലായിരിക്കും. ദേശീയബിംബങ്ങളെ തകര്‍ക്കുക, ദേശീയതയെ തകര്‍ക്കുക, തീവ്രദേശീയത ആപത്ത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പലപ്പോഴായി രാഷ്ട്രവിരുദ്ധ ശക്തികളില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ഭാരതത്തിന്റെ ദേശീയതയെ തകര്‍ക്കാനുള്ള ആഹ്വാനങ്ങള്‍ വിധ്വംസകശക്തികളില്‍ നിന്നും ഒരുവശത്ത് ഉണ്ടാകുമ്പോള്‍ മറുവശത്ത് ദേശീയത കൂടുതല്‍ ശക്തമാകുകയും ദേശീയബിംബങ്ങള്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നതായാണ് അനുഭവം. ഭാരതത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ അതിനനുസരിച്ചാണെന്ന് കാണാം. ഈയവസരത്തിലായിരിക്കണം ഇടത് ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരുവിഭാഗം പുതിയൊരടവായി ദേശീയതയെ പുനര്‍നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത്.
എ.ആര്. ദേശായ് എന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനെയാണ് സുനില്‍ പി. ഇളയിടം തന്റെ ലേഖനത്തില്‍ ദേശീയതയുടെ പുനര്‍ വ്യാഖ്യാനത്തിനായി കൂട്ടുപിടിക്കുന്നത്. ഇന്ത്യന്‍ ദേശീയതയുടെ രൂപപ്പെടലിനെ അഞ്ച് ഘട്ടങ്ങളായാണദ്ദേഹം തിരിക്കുന്നത്. അതിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആധുനിക വിദ്യാഭ്യാസം നേടിയ ഇന്ത്യന്‍ ഉപരി-മധ്യ വര്‍ഗ്ഗത്തിന്റെ പുതിയ സാമൂഹിക-രാഷ്ട്രീയ അവബോധമെന്ന നിലയിലാണത്രേ. നികുതിവ്യവസ്ഥയെച്ചൊല്ലിയുള്ള കോളനി ഭരണകൂടവുമായുള്ള തര്‍ക്കത്തിലൂടെ രൂപപ്പെട്ടതാണത്രേ രണ്ടാം ഘട്ടം. ബാലഗംഗാധര തിലകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും പിന്നെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളിലൂടെയും സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിയവരുടെ സാമ്രാജ്യത്വ വിരോധത്തിലൂടെയുമാണത്രേ മൂന്നും നാലും അഞ്ചും ഘട്ടങ്ങള്‍ വികാസം പ്രാപിക്കുന്നത്. ഭാരതത്തന്റെ ഭരണഘടനയില്‍ സന്നിവേശിപ്പിക്കപ്പെട്ട മൂല്യങ്ങള്‍ക്ക് അടിത്തറയായത് ഈ ദേശീയതയാണെന്നാണ് പറഞ്ഞുവരുന്നത്. എത്ര കുബുദ്ധിയോടെയാണ് ദേശീയതയ്ക്ക് പുതിയ ഭാഷ്യം രചിക്കുന്നതെന്ന് നോക്കൂ. ഭാരതത്തിന്റെ നാനാത്വങ്ങളിലുള്ള ഏകതയ്ക്ക് കാരണമായിട്ടുള്ള ദേശീയത രൂപപ്പെട്ടിരിക്കുന്നത് കേവലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാത്രമാണ് എന്ന് പറയുന്നതിലൂടെ ദേശീയതയ്ക്ക് കാരണമായി വര്‍ത്തിക്കുന്ന സാംസ്കാരികപൈതൃകങ്ങളെ ഒന്നടങ്കം തള്ളിക്കളയുകയാണിവിടെ.
ആധുനിക ചരിത്രകാരന്മാരുട ചരിത്രവാദമനുസരിച്ചുപോലും അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന സിന്ധുനദീതട സംസ്കാരകാലഘട്ടം മുതലുള്ള സാംസ്കാരിക ചിഹ്നങ്ങളെയെല്ലാം ഈ പുനര്‍ നിര്‍വ്വചനം റദ്ദ് ചെയ്യുകയാണ്. ഭരണഘടനയെയാണ് ഇതിനായി കൂട്ടുപിടിക്കുന്നതെന്നതാണ് ഏറ്റവും വലിയ ദുരന്തം. സാധാരണ ജനങ്ങളെ അതുവഴി എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്നതുകൊണ്ടാവാം അങ്ങനെയൊരു മാര്ഗ്ഗമവലംബിച്ചിട്ടുണ്ടാവുക. ദേശീയഭാവനയുടെ ചരിത്രത്തിലെ വിഭിന്നഘട്ടങ്ങളില്‍ അതിനുകൈവന്ന വ്യത്യസ്തമായ ഊന്നലുകളെയെല്ലാം അതേപടി ഇന്ത്യന്‍ ഭരണഘടന ഉള്‍ക്കൊള്ളുന്നില്ല എന്ന് പ്രസ്താവിക്കുന്നത് അതിനായാണ്. 1920-കളോടെ വികസിച്ചുവന്ന സാമ്രാജ്യത്വവിരുദ്ധമായ ദേശീയതാസങ്കല്പ്പമാണത്രെ അതിന്റെ അടിത്തറ. ഈയൊരു വാദത്തിലൂടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത് ദേശത്തിന്റെ പേരിലുള്ള ഭാരതീയരുടെ ഒന്നെന്ന ഭാവം കേവലം സമീപകാലത്ത് ബ്രിട്ടീഷ് വിരുദ്ധമനോഭാത്തില് നിന്നു മാത്രം ഉണ്ടായിവന്നതാണെന്നും, അതിന് വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല എന്നും, അതുകൊണ്ടുതന്നെ മാറിയ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്നതാണെന്നുമുള്ള ഒരു ധ്വനിയാണ്.
ഭാരതത്തിന്റെ ദേശീയത അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തില്‍ അടയുറച്ചതാണ്. വേദേതിഹാസങ്ങളുള്‍പ്പെടെയുള്ള ജ്ഞാനപൈതൃകവും അവയുടെ ചുവടുപിടിച്ച് രൂപംകൊണ്ട കലാരൂപങ്ങളും സാഹിത്യരൂപങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ദേശീയതയുടെ രൂപപ്പെടലിന് കാരണമായി ഭവിച്ചിട്ടുണ്ട്. മതങ്ങളുടെ പേരിലും സാമ്രാജ്യത്വത്തിന്റെ പേരിലുമൊക്കെയായി നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശശ്രമങ്ങളെയെല്ലാം മറികടന്ന് സ്വത്വം തിരിച്ചുപിടിക്കാനുള്ള അന്തഃചോദന ഭാരതീയരില്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുള്ളത് അതിന്റെ സാംസ്കാരിക പൈതൃകത്തില്‍ അധിഷ്ഠിതമായ ദേശീയതാ സങ്കല്‍പ്പം കാരണമാണ്. ഈയൊരു യാഥാര്‍ത്ഥ്യം മനസ്സിലാക്കിയായിരുന്നു ബ്രിട്ടീഷുകാര്‍ കലാരംഗത്തും സാംസ്കാരികരംഗത്തും വിദ്യാഭ്യാസരംഗത്തുമൊക്കെ അധിനിവേശശ്രമങ്ങള്‍ നടത്തുകയും ഭാരതീയപൈതൃകത്തിലധിഷ്ഠിതമായ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതും. അതിനുവേണ്ടി സ്ഥാപിതമായ സ്ഥാപനങ്ങളായിരുന്നു വാറന്‍ ഹേസ്റ്റിംഗ്സിന്റെ കല്‍ക്കത്താ മദ്രസ്സയും വില്യം ജോണ്‍സിന്റെ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളും ജോനാഥന് ഡങ്കന്റെ ബനാറസ് സാന്‍സ്ക്രിറ്റ് കോളജുമൊക്കെ. പക്ഷെ കലാസാംസ്കാരിക രംഗത്തുള്ള അധിനിവേശശ്രമങ്ങളെ നമ്മുടെ ദേശീയവാദികളായ സ്വാതന്ത്ര്യസമരനായകര്‍ തിരിച്ചറിയുകയും പ്രതിരോധശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമായി രൂപപ്പെട്ടവയായിരുന്നു വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ നേതൃത്വത്തില്‍ കല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വ്വകലാശാലയും ശാന്തിനികേതനും കേരളത്തില്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ കേരളകലാമണ്ഡലവുമൊക്കെ.
ഭാരതത്തിന്റെ ഐക്യത്തിന് പ്രധാനഹേതുവായി എന്നും വര്‍ത്തിക്കുന്നത് അതിന്റെ സാംസ്കാരിക പൈതൃകത്തിലധിഷ്ഠിതമായ ദേശീയതയാണെന്നും, അതുകൊണ്ടുതന്നെ ദേശീയതയെ തകര്‍ക്കുക എന്നത് ദേശവിരുദ്ധ ശക്തികളുടെ എക്കാലത്തെയും വലിയ ലക്ഷ്യങ്ങളാണെന്നതും തര്‍ക്കരഹിതമാണ്. ഭാരതത്തിന് തനതായ ഒരു സാംസ്കാരിക പൈതൃകമുണ്ടായിരുന്നില്ലായെന്ന വാദമായിരുന്നു അതിനായി ആദ്യം ഉന്നയിച്ചിരുന്നത്. മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര് എന്നറിയപ്പെടുന്ന ഒരു വിഭാഗത്തെ ഉപയോഗിച്ചായിരുന്നു അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നത്. അത് വിലപ്പോവില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ഭാരതീയ പൈതൃകത്തിലൂന്നിയ ദേശീയത അതിതീവ്രദേശീയതയാണെന്നും അത് ജര്‍മ്മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസലീനിയും ഉപയോഗിച്ച നാസിസ്റ്റ്, ഫാസിറ്റ് രീതിക്ക് സമാനമാണെന്നും പ്രചരിപ്പിച്ച് ദേശീയതയെക്കുറ്റിച്ചുള്ള ചെറിയ ശബ്ദങ്ങളെപ്പോലും ഫാസിസമെന്ന് വിളിച്ച് അപമാനിക്കുന്ന രീതി അവലംബിക്കാന്‍ തുടങ്ങിയത്.
കുറേപ്പേരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചെങ്കിലും പൊതുസമൂഹം അതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയെന്ന് തിരിച്ചറിഞ്ഞാവണം ഭാരതീയദേശീയതയ്ക്ക് സാംസ്കാരിക പൈതൃകമൊന്നും അവകാശപ്പെടാനില്ലെന്നും സമീപകാലത്ത് കൊളോണിയല്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി മാത്രം രൂപപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള പുതിയ ശ്രമം നടത്തുന്നത്. മുന്‍കാലങ്ങളിലെന്നതുപോലെ ഇതിനായും നിയോഗിക്കപ്പെടുന്നത് വിലക്കെടുക്കപ്പെട്ട ബുദ്ധിജീവിനാട്യക്കാരാണെന്നത് ഈ ശ്രമങ്ങളെ കൂടുതല്‍ പരിഹാസ്യമാക്കുന്നുവെന്നേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: