മഴ ശക്തമായതോടെ കുട്ടനാട്ടിലെ നെല്‍ കര്‍ഷകരെല്ലാം ആശങ്കയിലാണ്. വേനല്‍മഴയില്‍ തന്നെ ഇവര്‍ക്ക് കനത്ത നാശം നേരിട്ടിരുന്നു. കൊയ്തിട്ട നെല്ല് പല പാടശേഖരങ്ങളിലും കെട്ടിക്കിടക്കുന്നു. ഈര്‍പ്പം സംബന്ധിച്ച തര്‍ക്കങ്ങളാണ് സംഭരണം വൈകുന്നതിനു പിന്നില്‍. സംഭരിക്കുന്ന നെല്ലിനു 17 ശതമാനം വരെ ഈര്‍പ്പം അനുവദനീയമാണ്. പക്ഷേ അതില്‍ താഴെ ഈര്‍പ്പമുള്ള നെല്ലു പോലും സംഭരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
കുട്ടനാട്ടില്‍ മാത്രം 3,000 മെട്രിക് ടണ്ണിലേറെ നെല്ല് സംഭരിക്കാനുണ്ടെന്നാണ് കണക്കുകള്‍. പല സ്ഥലത്തും കൊയ്ത നെല്ല് പാടത്തു കെട്ടിക്കിടക്കുന്നു. ചെന്നിത്തലയിലെ ചില പാടങ്ങളിലും കൊയ്ത നെല്ല് സംഭരിക്കാതെ കിടക്കുന്നു. നെല്ലു സംഭരിക്കാമെന്നേറ്റ ഏജന്‍സികളില്‍ പകുതിയിലേറെയും പിന്മാറിയതും തിരിച്ചടിയായി.
39 മില്ലുകാര്‍ പുഞ്ചക്കൊയ്‌ത്തിന്റെ തുടക്കത്തില്‍ സംഭരണത്തിനായി രംഗത്തുണ്ടായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇപ്പോള്‍ 12 ഏജന്‍സികള്‍ മാത്രമാണുള്ളത്. ഇവര്‍ തന്നെ കൂടുതല്‍ കിഴിവാവശ്യപ്പെട്ട് കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഗുണനിലവാരം കുറഞ്ഞ നെല്ലാണെന്ന വാദമുയര്‍ത്തിയാണ് മില്ലുകാര്‍ പിന്മാറിയതെന്നാണ് അധികൃതരുടെ ഭാഷ്യം. നെല്ല് സംഭരിക്കുന്നതിന് ഏജന്‍സികള്‍ ആവശ്യപ്പെടുന്ന കിഴിവ് ഗത്യന്തരമില്ലാതെ കര്‍ഷകര്‍ നല്കുമെന്നാണ് ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
ഈര്‍പ്പമെന്ന ഒഴിയാബാധ
മഴ കനത്തതോടെ ഈര്‍പ്പത്തിന്റെ അളവ് കൃത്യമായി നിര്‍ണ്ണയിക്കാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനൊപ്പം ഈര്‍പ്പം നിര്‍ണ്ണയിക്കാന്‍ മില്ലുകാര്‍ ഉപയോഗിക്കുന്ന ഉപകരണത്തെപ്പറ്റിയും പരാതിയുണ്ട്. ക്വിന്റല്‍ ഒന്നിന് 10 മുതല്‍ 15 കിലോ വരെ കിഴിവ് ആവശ്യപ്പെടുന്നതായാണ് കര്‍ഷകരുടെ പരാതി. കൊയ്‌ത്തു യന്ത്രം സമയത്ത് ലഭിക്കാത്തതിനാല്‍ 15 ദിവസം മുതല്‍ ഒരു മാസം വരെ വൈകിയാണ് പല പാടശേഖരങ്ങളിലും കൊയ്‌ത്തു നടന്നത്. പുഞ്ചക്കൊയ്‌ത്തിന് മുമ്പ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണിക്കൂറിന് 1,900 രൂപ കൂലി നിശ്ചയിച്ചു. ആദ്യമൊക്കെ ഇത് കൃത്യമായി പാലിച്ചു. മണിക്കൂറിന് 2,600 രൂപ വരെ നല്കിയാണ് കര്‍ഷകര്‍ ഇപ്പോള്‍ കൊയ്യുന്നത്. കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ അവര്‍ ചുഷണങ്ങള്‍ക്ക് സ്വയം വിധേയരാകുന്ന സ്ഥിതിയിലാണ്.
ത്രാസിലും വെട്ടിപ്പ്
നെല്ല് അളക്കാന്‍ പെട്ടി ത്രാസ് ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ പല ഏജന്‍സികളും ഇത് പാലിക്കുന്നില്ല. കഴിഞ്ഞ സീസണ്‍ മുതല്‍ ഇലക്ട്രോണിക് ത്രാസ് നിര്‍ബന്ധമാക്കിയിരുന്നു. പക്ഷേ ജില്ലയില്‍ പലയിടത്തും ഇത്തവണയും പെട്ടി ത്രാസുമായാണ് മില്ലുകാര്‍ നെല്ലളക്കാനെത്തിയത്. പെട്ടി ത്രാസില്‍ തട്ടിപ്പിനു സാധ്യതയുണ്ട്. അളവ് കൃത്യമായി മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. തുടര്‍ന്നാണ് ഇലക്ട്രോണിക് ത്രാസ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, നെല്ലെടുപ്പിനു മേല്‍നോട്ടം വഹിക്കുന്ന സിവില്‍ സപ്ലൈസ് അധികൃതര്‍ ഉള്‍പ്പെടെ ഈ നിര്‍ദേശം നടപ്പാക്കുന്നില്ല. അവര്‍ കര്‍ഷകരോടൊപ്പമല്ല ഏജന്‍സികള്‍ക്കൊപ്പമാണെന്നാണ് കര്‍ഷകരുടെ ആരോപണം.
എങ്ങും എത്താതെ സ്വാമിനാഥന്‍ റിപ്പോര്‍ട്ട്
കുട്ടനാട്ടിലെ കര്‍ഷകരുടെ രക്ഷയ്‌ക്കും, നെല്‍ കൃഷി പരിപോഷിപ്പിക്കുന്നതിനുമായി കൃഷി ശാസ്ത്രജ്ഞനായ ഡോ. സ്വാമിനാഥന്‍ കമ്മീഷന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1,840 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതു വേണ്ടതുപോലെ വിനിയോഗിക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരുകളാണ് സംസ്ഥാനം ഭരിച്ചതും ഭരിച്ചുകൊണ്ടിരിക്കുന്നതും. 700 കോടി രൂപ മാത്രമാണ് ചെലവാക്കിയത്. ബാക്കി തുക ലാപ്‌സാക്കി. ചെലവാക്കിയ തുകയാകട്ടെ മറ്റു ജില്ലകളിലെ പള്ളികളുടെ പുനരുദ്ധാരണത്തിനും, പഞ്ചായത്ത് കുളങ്ങള്‍ വൃത്തിയാക്കാനും, പുതുക്കിപ്പണിയാനും മറ്റും നല്കി. കുട്ടനാടിന്റെ ചിലയിടങ്ങളില്‍ ബണ്ടിന് ബദലായി അശാസ്ത്രീയ സ്ലാബ് മതില്‍കെട്ടിയും പണം കൊള്ളയടിച്ചു.
സ്വാമിനാഥന്‍ പറഞ്ഞ ഒരു കാര്യവും ബന്ധപ്പെട്ടവര്‍ നടപ്പാക്കിയില്ല. പാടശേഖരങ്ങള്‍ അളന്ന് കല്ലിട്ട് തിരിക്കുക, വെള്ളക്കെട്ട് തടസ്സങ്ങള്‍ ഒഴിവാക്കുക, എല്ലാ നെല്‍പ്പാടങ്ങളുടെയും ബണ്ടുകള്‍ ഉയര്‍ത്തി സംരക്ഷിക്കുക എന്നീ പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
ആലപ്പുഴ-ചങ്ങനാശ്ശേരി കനാല്‍ തുറക്കണമെന്ന നിര്‍ദേശം നടപ്പിലായില്ല. വേമ്പനാട്ട് കായല്‍ ആഴം കൂട്ടുമ്പോള്‍ ലഭിക്കുന്ന ചെളി ഉപയോഗിച്ച് പാടശേഖരങ്ങളുടെ ബണ്ടുകള്‍ ഉയര്‍ത്തുക, വെള്ളം കെട്ടികിടക്കാതെ സുഗമമായി ഒഴുക്കിവിടുന്നതിന് പ്രകൃത്യാലുള്ള മാര്‍ഗങ്ങള്‍ തുറക്കുകയും വേണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഇപ്പോഴും കുട്ടനാട്ടിലെ റോഡുകളും, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും ഉയര്‍ത്താനുമാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇത് കുട്ടനാടിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് വരുംകാലങ്ങള്‍ തെളിയിക്കും. യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം, കുട്ടനാടിന്റെ പരിസ്ഥിതിയെ മനസ്സിലാക്കാതെയുള്ള വികസനമാണ് കൃഷിയെ ബാധിച്ചത്. കൈനകരി പ്രദേശത്ത് താമസിച്ചിരുന്ന 300 കുടുംബങ്ങള്‍ രണ്ട് വര്‍ഷമായി അവിടംവിട്ട് മാറിത്താമസിക്കേണ്ട ഗതികേടിലാണ്. മടവീഴ്ചയും വെള്ളപ്പൊക്കവുമാണ് കാരണമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നഷ്ടം മാത്രം
കാലം തെറ്റി മഴ വന്നതോടെ ഒരു ഏക്കറിന് പത്ത് ക്വിന്റല്‍ നെല്ലാണ് കര്‍ഷകന് നഷ്ടം. ചുമട്ടുതൊഴിലാളി യുണിയനുകളുടെ തര്‍ക്കത്തെ തുടര്‍ന്ന് എടത്വയില്‍ 700 ക്വിന്റല്‍ നെല്ല് മഴയത്ത് ദിവസങ്ങളോളം കിടന്ന് നശിക്കുന്ന സംഭവവും ഉണ്ടായി. തൊഴിലാളീ ക്ഷാമം, തൊഴില്‍ തര്‍ക്കം, കൊയത്തു യന്ത്രത്തിന്റെ ലഭ്യതക്കുറവ്, ഏജന്‍സികളുടെ ചൂഷണവുമെല്ലാം കര്‍ഷകരെ പലപ്പോഴും വിഷമത്തിലാക്കാറുണ്ട്. മാന്നാര്‍, കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങള്‍,ചേപ്പാട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടവീഴ്‌ച്ചയുണ്ടായി. ലക്ഷങ്ങളാണ് കര്‍ഷകന് നഷ്ടം. കൊവിഡിന്റെ കെട്ടക്കാലം കഴിഞ്ഞപ്പോള്‍ കടം മേടിച്ചും, വായ്പ എടുത്തും, സ്വര്‍ണം പണയംവെച്ചുമാണ് ഭൂരിഭാഗം കര്‍ഷകരും ഇക്കുറി കൃഷി ഇറക്കിയത്.
നല്ല നെല്‍ വിത്ത് കിട്ടാനില്ലാത്തതും, രാസവളത്തിന്റെ വില വര്‍ധനവും ഇരുട്ടടിയായി. അതിനനുസരിച്ച് നെല്ലുവില കൂടാത്തതും കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. രണ്ട് കൃഷി ചെയ്യാവുന്ന പാടങ്ങള്‍ ഇല്ലാതായതും നഷ്ടത്തിന്റെ ആക്കംകൂട്ടി. പാടശേഖരങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം, ആരോഗ്യ, വിശ്രമ സംവിധാനങ്ങളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. റോഡുകള്‍ വന്നതോടെ പാടങ്ങള്‍ നികത്തി കടകളും, വീടുകളും ഹോട്ടലുകളും പണിതതോടെ പാടങ്ങളുടെ വിസൃതിയും കുറഞ്ഞു. ഇതെല്ലാം ഈ കൃഷിയ്‌ക്കുണ്ടായിരുന്ന ആധിപത്യം കുറയാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക