Categories: Varadyam

ഞാന്‍ പറഞ്ഞത് അപ്രിയ സത്യങ്ങള്‍;വിവേക് അഗ്നിഹോത്രി

ജന്മനാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയുടെ പുതിയ മുഖമായിരിക്കുകയാണ് വിവേക് രഞ്ജന്‍ അഗ്നിഹോത്രി. കശ്മീര്‍ യാഥാര്‍ത്ഥ്യം പ്രമേയമാക്കി നിരവധി സിനിമകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അവയൊക്കെ പാലിച്ച കുറ്റകരമായ നിശ്ശബ്ദത ഭഞ്ജിക്കുകയാണ് അഗ്നിഹോത്രി. സാമ്പത്തികമായും ചരിത്രവിജയം നേടിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു

ബോളിവുഡ് ബോക്‌സ്ഓഫീസ് അത്ഭുതത്തോടെ നോക്കിനിന്നൊരു സിനിമ. കച്ചവട താല്‍പര്യങ്ങളില്ല, നായകന്റെ അമാനുഷിക പരിവേഷമില്ല, പ്രണയമോ പാട്ടോ ചിരിക്കാനൊരു സന്ദര്‍ഭമോ ഒന്നുമില്ല. സ്വതന്ത്ര ഇന്ത്യയില്‍ നടന്നൊരു വംശഹത്യയുടെ വാസ്തവം വിവേക് രഞ്ജന്‍ അഗ്നിഹോത്രിയെന്ന ബോളിവുഡ് സംവിധായകന്‍ വിളിച്ചു പറഞ്ഞത് ‘കശ്മീര്‍ ഫയല്‍സ്’ എന്ന പേരുനല്‍കിയാണ്. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചതോടെ കശ്മീര്‍ ഫയല്‍സിലേക്ക് വിമര്‍ശനങ്ങളും ശരവേഗമെത്തി. സംഘപരിപാറിന്റെ സഹചാരിയായും ആസൂത്രിത പ്രചാരകനായും വിവേക് അഗ്നിഹോത്രി വിശേഷിപ്പിക്കപ്പെട്ടു. അതെല്ലാം ഒരുവഴിക്ക് നടക്കുമ്പോഴും യാഗാശ്വം പോലെ മുന്നേറുകയായിരുന്നു കശ്മീര്‍ ഫയല്‍സ്.  

ഇടവേളകളില്ലാതെ അശാന്തമാണ് കശ്മീര്‍. വിഘടനവാദത്തിന്റെ, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ, പ്രത്യേകപദവിയുടെയെല്ലാം പഴി പേറുന്ന കശ്മീര്‍ ഉണങ്ങാതെ സൂക്ഷിച്ച മുറിവുകളായിരുന്നു 1990 ല്‍ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനവും അതിക്രൂരമായ വംശഹത്യയും. അതു പുറത്തു കാണാതിരിക്കാന്‍ വിഘടനവാദ രാഷ്‌ട്രീയവും പ്രത്യേകം ശ്രദ്ധിച്ചു. ആരുമറിയാതെ, അറിയാന്‍ ശ്രമിക്കാതെ ആ ചരിത്രമങ്ങനെ കിടന്നു.  

കശ്മീര്‍ ഫയല്‍സിന്റെ നിമിത്തവും നിയോഗവും ഇപ്പോഴായിരുന്നു. കഴിഞ്ഞ മാര്‍ച്ച് പതിനൊന്നിനാണ് സിനിമ റിലീസായത്. പ്രധാനവേഷങ്ങളിലൊന്നിലെത്തിയ വിഖ്യാത നടന്‍ അനുപംഖേര്‍ പറഞ്ഞതുപോലെ ഓരോ സിനിമയ്‌ക്കും അതിന്റേതായ സമയമുണ്ട്. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോഴല്ലേ ഇങ്ങനെയൊരു സിനിമയ്‌ക്ക് സാധ്യതയുള്ളൂ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.  

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനെത്തിയ വിവേക് രഞ്ജന്‍ അഗ്നിഹോത്രി കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നു:

  • സ്വതന്ത്ര ഇന്ത്യയിലേക്ക് ചേര്‍ന്ന കശ്മീര്‍, വംശഹത്യ നടന്ന കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ കശ്മീര്‍, കശ്മീര്‍ ഫയല്‍സിനു ശേഷമുള്ള കശ്മീര്‍. ഈ ചരിത്രസന്ധികള്‍ താങ്കള്‍ എങ്ങനെ കാണുന്നു

ഇന്ത്യയുടെ ഭാഗമേയല്ല എന്ന മനസ്സോടെ എല്ലാവരാലും തഴയപ്പെട്ടൊരു ചരിത്രമായിരുന്നു കശ്മീരിന്. ‘ഓ… കശ്മീരോ അത് വിട്ടേയ്‌ക്കൂ’ എന്ന ഭാവം. വിഘടനവാദവും ഭീകരപ്രവര്‍ത്തനവും അതേത്തുടര്‍ന്നുള്ള അരക്ഷിതാവസ്ഥയും പേറിയ കശ്മീര്‍. പ്രകടമായൊരു മാറ്റം ഇക്കാര്യത്തില്‍ വന്നത് ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെയാണ്. പ്രത്യേകപദവിയില്ലാത്ത കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ബോധത്തിലേക്ക് നമ്മുടെ ജനതയെത്തുന്നത് അതോടെയാണ്.  

എന്റെ സിനിമ, കശ്മീര്‍ ഫയല്‍സും ജനങ്ങളോട് പറയുന്നത് സാസ്‌കാരികമായി കശ്മീരിനെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത കൂടിയാണ്. കശ്മീര്‍ ഇല്ലെങ്കില്‍ ഇന്ത്യയില്ല എന്ന ബോധ്യം അത് ഉറപ്പിക്കുകയാണ്. ഹൈന്ദവ സംസ്‌കൃതിയില്‍ കശ്മീരിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് കശ്മീര്‍ ഫയല്‍സ് വ്യക്തമാക്കുന്നു.  

  • സംഘടിതമായൊരു പ്രചാരണമാണ് താങ്കളുടെ സിനിമ ലക്ഷ്യമിടുന്നതെന്നും, അത് ദേശീയോദ്ഗ്രഥനത്തെ ബാധിക്കുമെന്നും വിമര്‍ശനങ്ങളുണ്ട്. സംഘിയെന്നു വിളിക്കപ്പെടുന്നു. അതേക്കുറിച്ച്

ആരും ഇതേവരെ പറയാതിരുന്നൊരു സത്യം ഞാന്‍ പറഞ്ഞു. അത് ദേശീയോദ്ഗ്രഥനത്തെ അപചയപ്പെടുത്തുന്നത് എങ്ങനെയാണ്. 1990 വരെയും കശ്മീരിന്റെ ഭാഗമായിരുന്ന ഒരു സമൂഹം അതിനുശേഷം അവിടെയില്ല. മറ്റെവിടെയും അവരെ കണ്ടേക്കാം. പക്ഷേ അവിടെ മാത്രമില്ല. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാകേണ്ടി വന്ന സമൂഹം. ഒരുപാടാളുകളെ ക്രൂരമായി കൊലചെയ്യുക, അവരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്തുക, അവരുടെ വീടും സ്വത്തും എല്ലാം കൈയേറുക, അതേക്കുറിച്ചു പറഞ്ഞാല്‍ അതെങ്ങനെയാണ് ദേശീയ ഐക്യത്തെ ബാധിക്കുന്നത്? ബംഗാളില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പേരുപറഞ്ഞ് ആളുകളെ കൊല്ലാം, കേരളത്തില്‍ മതത്തിന്റെ പേരില്‍ ആളുകളെ കൊല്ലാം, പക്ഷേ സത്യത്തെ ആധാരമാക്കി ഞാനൊരു സിനിമയെടുത്തപ്പോള്‍ അത് ദേശീയതയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു! അതെങ്ങനെയാണ്? ഇതൊക്കെ പറയുന്നവര്‍ വിവരമില്ലാത്തവര്‍ എന്നല്ലാതെ ഞാനെന്തു പറയാന്‍. പിന്നെ, എന്റെ സംസ്‌കാരത്തെക്കുറിച്ച്, മനുഷ്യത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ സംഘിയാണെങ്കില്‍ അതെ, ഞാന്‍ സംഘിയാണ്.  

  • കശ്മീര്‍ വിഷയമാകുന്ന മറ്റു ബോളിവുഡ് സിനിമകളെക്കുറിച്ച്?  കശ്മീര്‍ ഫയലുമായി ബന്ധപ്പെട്ട ഇസ്ലാമോഫോബിയ വിവാദം

ഫിസ, ഫന, മിഷന്‍ കശ്മീര്‍, ഹൈദര്‍ തുടങ്ങിയ സിനിമകളെല്ലാം തീവ്രവാദം വിഷയമാക്കുന്നുണ്ട്. പക്ഷേ അതിലെല്ലാം കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ സൗകര്യപൂര്‍വം വിസ്മരിച്ചിരിക്കുന്നു.  

സിനിമയിലൂടെ ഞാന്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. തീവ്രവാദവും അതിന്റെ അതിഭീകരമുഖവും അവതരിപ്പിച്ചാല്‍ അതെങ്ങനെയാണ് മുസ്ലിങ്ങള്‍ക്കെതിരാവുന്നത്? യാഥാര്‍ത്ഥ്യം ഇതാണ്: എന്റെ സിനിമയ്‌ക്കെതിരെ ഒരു രാജ്യാന്തര രാഷ്‌ട്രീയ ഗൂഢാലോചന തന്നെ നടക്കുന്നുണ്ട്. മുസ്ലിം എന്നൊരു വാക്കുപോലും സിനിമയിലില്ല. മാധ്യമങ്ങളില്‍ ഒരു വിഭാഗം ബോധപൂര്‍വം അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമാകുന്നുണ്ട്. അവര്‍ക്കാര്‍ക്കും സിനിമയ്‌ക്കുവേണ്ടി ഞാന്‍ കണ്ടെത്തിയ, നിഷ്‌കാസിതരായ, ക്രൂരതകള്‍ക്ക് സാക്ഷിയായ പണ്ഡിറ്റുകളെക്കുറിച്ച് ഒന്നും ചോദിക്കാനില്ല. സിനിമയില്‍ ഞാന്‍ കാണിച്ച വസ്തുതകളെക്കുറിച്ചോ, അവയുടെ ആധികാരികതയെക്കുറിച്ചോ അവര്‍ക്ക് അറിയേണ്ടതില്ല. ഹിന്ദു-മുസ്ലിം കേന്ദ്രീകൃതമല്ലാത്തതൊന്നും ചോദ്യമാവുന്നില്ല. മുസ്ലിം വിരുദ്ധ വികാരം വ്യാപിപ്പിക്കുന്നില്ലേ എന്നൊക്കെയാണ് ചോദ്യം. കശ്മീര്‍ ഫയല്‍സിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. സിനിമയിലെ മുഖ്യകഥാപാത്രം, കൃഷ്ണ, ശിക്കാര ബോട്ടില്‍ വച്ച് ഒരു കശ്മീരി യുവാവിനോട് സംവദിക്കുന്ന സീനുണ്ട്. സുപ്രധാന രംഗങ്ങളിലൊന്നാണ് അത്. ആ സംഭാഷണങ്ങളെല്ലാം എഴുതിയത് ഒരു കശ്മീരി മുസ്ലിം യുവാവാണ്. കാരണം ഹൃദയസ്പര്‍ശിയായി അത് പകര്‍ത്താന്‍ അവര്‍ക്കേ കഴിയൂ. ആ വേഷം അഭിനയിച്ചതും ഒരു മുസ്ലിമാണ്.

  • കശ്മീര്‍ ഒരു കാലത്ത് ഭൂമിയിലെ സ്വര്‍ഗമായിരുന്നു. സമീപഭാവിയില്‍ കശ്മീരിനെ വീണ്ടും അങ്ങനെ കാണാനാകുമോ? മോദി ഭരിക്കുന്ന ഇന്ത്യയിലെ കശ്മീരിനെ ഒന്നു വിലയിരുത്താമോ

പുരാതന ഭാരത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക നിലവാരം വളരെ ശ്രേഷ്ഠമായിരുന്നു. ‘സോനേ കീ ചിഡിയാ’ (സ്വര്‍ണപക്ഷി) എന്നറിയപ്പെട്ടിരുന്ന ഭൂവിഭാഗം. രാഷ്‌ട്രീയമായും മറ്റനേകം കാര്യങ്ങളാലും ആ പ്രതാപം നമുക്ക് കൈമോശം വന്നു. ദരിദ്രരാഷ്‌ട്രമായി അറിയപ്പെട്ടു. പക്ഷേ, ഇന്ന് ഇന്ത്യയുടെ പ്രതിച്ഛായതന്നെ മാറിയില്ലേ? ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായൊരു സ്ഥാനമുണ്ട് ഇന്ത്യയ്‌ക്കിന്ന്. അതുപോലെയാകും കശ്മീരും. സാമ്പത്തികമായി ഏറെ താഴ്‌ച്ചയിലായിരുന്നു കശ്മീര്‍. ഇപ്പോഴത് മാറി. ഒരു സ്ഥിരത കൈവരിച്ചിരിക്കുന്നു. കശ്മീരിലും വൈകാതെ ആ സുവര്‍ണകാലം തിരികെയെത്താതിരിക്കില്ല.

  • കശ്മീര്‍ ഫയല്‍സിനു ശേഷം കശ്മീരി പണ്ഡിറ്റുകള്‍ക്ക് നീതി ലഭിച്ചു തുടങ്ങിയോ? കശ്മീര്‍ ഫയല്‍സ് സമ്മാനിച്ച അനുഭവങ്ങള്‍

ഹൈന്ദവര്‍ക്കിടയില്‍ ഒരു ഏകീകരണത്തിന് നിമിത്തമാകാന്‍ എന്റെ സിനിമയ്‌ക്കു കഴിഞ്ഞു. ലോകമെങ്ങും അത് ദൃശ്യമാകുന്നുണ്ട്. വര്‍ഷങ്ങളായി മറ്റൊരു ഹിന്ദി സിനിമയ്‌ക്കും ലഭിക്കാത്ത ജനപ്രീതി ഇവിടെ കേരളത്തില്‍ പോലും കശ്മീര്‍ ഫയല്‍സിനു ലഭിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇവിടെ ആദിശങ്കരന്റെ മണ്ണിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഒരുപക്ഷേ എന്റെ അടുത്ത സിനിമയ്‌ക്കുള്ള നിയോഗം ഇവിടെ ആയിക്കൂടെന്നില്ല.  

പിന്നെ, നീതിയെക്കുറിച്ച്. എന്താണ് നീതി? അനീതി നടന്നിട്ടുണ്ട് എന്ന് അംഗീകരിക്കലാണ് നീതിയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പ്. കശ്മീര്‍ ഫയല്‍സ് പുറത്തിറങ്ങിയതോടെ അങ്ങനെയൊരു നരഹത്യ നടന്നുവെന്ന സത്യം ലോകം അംഗീകരിച്ചു കഴിഞ്ഞു. എന്റെ സിനിമയ്‌ക്ക് അതിനു കഴിഞ്ഞു.  

  • താങ്കളുടെ അടുത്ത സിനിമ ദല്‍ഹി ഫയല്‍സും ഇതുപോലെ വിവാദങ്ങളിലേക്ക് തിരശ്ശീല ഉയര്‍ത്തുമോ

കശ്മീര്‍ ഫയല്‍സ് റിലീസാകുന്നതിനു മുമ്പ് എല്ലായിടത്തുനിന്നും അനുകൂല പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നെയായിരുന്നു വിവാദങ്ങളുടെ വരവ്. ദല്‍ഹി ഫയല്‍സ് പ്രഖ്യാപിച്ചപ്പോള്‍തന്നെ സമ്മിശ്രപ്രതികരണങ്ങള്‍ ധാരാളമെത്തി. മീഡിയയില്‍ നിന്ന് തുരുതുരാ വിളികളെത്തുന്നു. പക്ഷേ ദല്‍ഹി ഫയല്‍സ് പറയാനിരിക്കുന്നതിനെക്കുറിച്ച് ഞാനൊന്നും പറയാറില്ല. ഇപ്പോള്‍ അവര്‍ മനോധര്‍മമനുസരിച്ച് കഥകള്‍ മെനയാന്‍ തുടങ്ങിയിരിക്കുന്നു. താഷ്‌കെന്റ് ഫയല്‍സ്, കശ്മീര്‍ ഫയല്‍സ്, ദര്‍ഹി ഫയല്‍സ് ഈ മൂന്നു സീരീസും സത്യം, നീതി, ജീവനം എന്നിവയിലൂന്നിയാണ് സിനിമയാക്കിയത്. ഈ മൂന്നുഘടകങ്ങളാണ് ജനാധിപത്യത്തിന്റെ കെട്ടുറപ്പെന്ന് ഞാന്‍ വിശ്വസിക്കുന്നു. താഷ്‌കെന്റ് ഫയല്‍സ് സത്യം അന്വേഷിക്കുന്ന തിരക്കഥയായിരുന്നു. കശ്മീര്‍ ഫയല്‍സ് സത്യത്തോടൊപ്പം നീതിയ്‌ക്കുകൂടി പ്രാധാന്യം നല്‍കുന്നു. ദല്‍ഹി ഫയല്‍സ് കാണുമ്പോള്‍ അത് നിങ്ങളെ ഒരുപാട് അസ്വസ്ഥമാക്കും. ദല്‍ഹിക്കു പറയാനുള്ള, സാധാരണക്കാര്‍ അറിയാതെ പോയ കാര്യങ്ങളാണുള്ളത്. ആത്മപരിശോധന നടത്താന്‍ ഓരോ മനുഷ്യനേയും ഭയപ്പെടുത്തുന്ന പ്രമേയങ്ങള്‍ അതില്‍ കണ്ടേയ്‌ക്കാം. പലരും ചോദിക്കുന്നു അത് ഏതെങ്കിലുമൊരു രാഷ്‌ട്രീയകക്ഷിയെ വെള്ളപൂശി മറ്റൊന്നിനെ ഇകഴ്‌ത്തുന്നുണ്ടോയെന്ന്. അതൊന്നുമല്ല. പൊതുജനസമക്ഷം വയ്‌ക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ട് ആ സിനിമയില്‍.

  • സിനിമ പുറത്തിറങ്ങിയതോടെ നല്‍കിയ പ്രത്യേക സുരക്ഷയില്‍ താങ്കളുടെ വ്യക്തി സ്വാതന്ത്ര്യവും പരിമിതപ്പെടുന്നില്ലേ

അതെ, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാഷ്‌ട്രത്തില്‍, സ്വതന്ത്രമായി സംസാരച്ചതിന്റെ പേരില്‍ ജീവന്‍ അപായപ്പെടുന്ന അവസ്ഥ ഭൗര്‍ഭാഗ്യകരമാണ്. കശ്മീര്‍ ഫയല്‍സ് പുറത്തിങ്ങിയപ്പോള്‍ തീവ്രവാദത്തെ സ്വാഗതം ചെയ്യുന്നവര്‍ എനിക്കെതിരെ തിരിയുമെന്ന് അറിയാമായിരുന്നു. എന്റെ പിറകേ വരുമെന്നും. അവരുടെ സ്‌ക്രിപ്റ്റ് എനിക്ക് വളരെ വ്യക്തമായി വായിച്ചെടുക്കാനാവും. ഇപ്പോള്‍ അക്കാര്യങ്ങളെല്ലാം മാറ്റി വയ്‌ക്കാനായി മനസ്സില്‍ പ്രത്യേക ‘കംപാര്‍ട്‌മെന്റ്’ തന്നെ ഒരുക്കിയിരിക്കയാണ്.

  • കശ്മീര്‍ ഫയല്‍സില്‍ കണ്ട ബോളിവുഡിന്റെ പ്രതികരണം എങ്ങനെയായിരുന്നു? അക്ഷയ്കുമാര്‍, അമീര്‍ ഖാന്‍ തുടങ്ങിയവരൊക്കെ കശ്മീര്‍ ഫയല്‍സ് എല്ലാവരും കാണണമെന്ന് ആഹ്വാനം ചെയ്തുവല്ലോ

അതൊക്കെ ആരു ശ്രദ്ധിക്കുന്നു.  2010 ത്തോടെയാണ് ഞാന്‍ മാനസികമായി ബോളിവുഡില്‍ നിന്ന് അകലുന്നത്. ആ വര്‍ഷമാണ് ‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാം’ എന്ന എന്റെ ആദ്യ സിനിമ റിലീസാകുന്നത്. പരോക്ഷമായല്ലെങ്കിലും ബോളിവുഡ് അതിനെ പ്രതിരോധിച്ചു, നിരോധിച്ചു എന്നു പറയുന്നതാണ് സത്യം. അതോടെ ഞാന്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി കുറച്ചൊന്നുമല്ലായിരുന്നു. എല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിടത്തു നിന്ന് എല്ലാം അതിജീവിച്ച് ഇതുവരെയെത്തി. സംവിധായകന്റെ ശബ്ദം മുന്നില്‍ നില്‍ക്കുന്നതാവണം സിനിമ. അതാണ് എന്റെ സിനിമകള്‍.  

പിന്നെ, അക്ഷയ്കുമാറിനെപ്പോലുള്ളവരുടെ പ്രതികരണം. എന്റെ ഫോണിലേക്ക് സിനിമ നന്നായെന്നു പറയാന്‍ ഇപ്പറയുന്ന ആരും വിളിച്ചിട്ടില്ല. അവരൊക്കെ അവരുടെ സിനിമ പ്രമോട്ട് ചെയ്യാനിറങ്ങുന്നു. അപ്പോള്‍ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അവരോട് ചോദ്യങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. അതിന് അനുകൂലമായി മറുപടി നല്‍കുന്നുണ്ടാവാം. അത്രമാത്രം.

കശ്മീര്‍ ഫയല്‍സിലൂടെ

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെയും കൂട്ടപലായനത്തിന്റെയും നേരു പറയുന്നൊരു സിനിമ. വളച്ചൊടിക്കാതെ നേരെ പറഞ്ഞ ആ അപ്രിയ സത്യങ്ങളാണ് കശ്മീര്‍ ഫയല്‍സെന്ന ചലച്ചിത്രാവിഷ്‌ക്കാരത്തിന്റെ കരുത്തും വിജയവും.  

1989 ലാണ് കശ്മീരില്‍ മതാധിഷ്ഠിത തീവ്രവാദം ശക്തിയാര്‍ജിക്കുന്നത്. പണ്ഡിറ്റുകളില്‍ പലരും കശ്മീര്‍ താഴ്വരയില്‍നിന്ന് അന്നേ യാത്ര തുടങ്ങിയിരുന്നു. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാകേണ്ടി വന്ന ഹതഭാഗ്യര്‍. അതിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു ന്യൂനപക്ഷമായിരുന്ന ഹൈന്ദവരെ ലക്ഷ്യമിട്ടു 1990 ല്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊല. അതോടെ പണ്ഡിറ്റുകള്‍ കൂട്ടത്തോടെ കശ്മീര്‍ ഉപേക്ഷിച്ചു പോയി.  

ഒരു സമൂഹത്തിന്റെ സഹനത്തിന്റെ അതിജീവനത്തിന്റെ കഥയാണ് ‘കശ്മീര്‍ ഫയല്‍സ്’ സമാഹരിച്ചത്. വിവാദങ്ങളുടെ പഴുതടയ്‌ക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളോടും കൂടി വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി ലോകസമക്ഷം ആ വംശഹത്യയുടെ സത്യം വിളിച്ചു പറഞ്ഞു. ജൂത വംശഹത്യയുടെ ദൃശ്യാവിഷ്‌ക്കാരമായ ഹോളോ കോസ്റ്റ് എങ്ങനെ സ്വീകരിച്ചുവോ അതുപോലെ ലോകജനത കശ്മീര്‍ ഫയല്‍സിനേയും ഉള്‍ക്കൊണ്ടു.  

മൂന്നു പതിറ്റാണ്ട് പിന്നിട്ട വംശഹത്യയുടെ മര്‍മം തൊടാതെ, മുഖ്യധാരാ സിനിമകള്‍ പലതും പണ്ഡിറ്റുകളുടെ പലായനവും സംഘര്‍ഷഭരിത കശ്മീരുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. 2020 ല്‍ ഇറങ്ങിയ വിധു വിനോദ് ചോപ്രയുടെ ‘ശിക്കാര’ ഉള്‍പ്പെടെ. പക്ഷേ അതെല്ലാം വിഘടനവാദത്തെയും തീവ്രവാദികളെയും ഒരു കയ്യാല്‍ നോവാതെ തല്ലി, ഒരു കയ്യാല്‍ തലോടിക്കൊണ്ടായിരുന്നു.  

ദല്‍ഹിയിലെ എഎന്‍യു സര്‍വകലാശാല (ജെഎന്‍യു വിന്റെ പരിഛേദം) വിദ്യാര്‍ത്ഥി കൃഷ്ണാപണ്ഡിറ്റിനെ (ദര്‍ശന്‍കുമാര്‍)  മുഖ്യകഥാപാത്രമാക്കിയാണ് കശ്മീര്‍ ഫയല്‍സിന്റെ കഥാഗതി. അനുപംഖേര്‍ എന്ന അതുല്യ നടന്‍ പുഷ്‌ക്കര്‍നാഥ് പണ്ഡിറ്റ് എന്ന ഒരു സാധാരണ മനുഷ്യനിലൂടെ സിനിമ ഹൃദയസ്പര്‍ശിയാക്കി മാറ്റുന്നു. എത്ര മായ്ച്ചാലും മനസ്സില്‍ നിന്നു മാറാത്ത ഒരു ദേശീയവാദിയുടെ മുഖം. ദൈന്യത. ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് വലിയധാരണയാന്നുമില്ലാത്ത വയോധികന്‍. സമാദരണീയനായിരുന്ന അധ്യാപകന്‍. പ്രതിരോധങ്ങള്‍ നിഷ്‌ക്രിയമെങ്കിലും കശ്മരീലെ ഇരട്ടനീതിക്കെതിരെയുള്ള പോരാട്ടവീര്യമാണ് പുഷ്‌കര്‍നാഥിന്റെ ഉള്ളിലത്രയും.  

പുഷ്‌ക്കര്‍നാഥ് പണ്ഡിറ്റിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ അദ്ദേഹത്തിന്റെ മകന്‍ അലോക് പണ്ഡിറ്റിനെ (അമാന്‍ ഇഖ്ബാല്‍) തിരഞ്ഞെത്തിയവരാണ്. ഭര്‍ത്താവിനെ ധാന്യവീപ്പയില്‍ ഒളിക്കാന്‍ പറഞ്ഞു വിട്ട,് അദ്ദേഹം ഇവിടെയില്ലെന്ന് ഭീകരരെ ഒരുകണക്കിന് ബോധ്യപ്പെടുത്താന്‍ ഭാര്യ ശാരദാപണ്ഡിറ്റിനു (ഭാഷാ സംബ്ലി) കഴിഞ്ഞു. പക്ഷേ അയല്‍ക്കാര്‍ ഒറ്റുകൊടുത്തതോടെ കഥാവശേഷനാവുകയാണ് അലോക്. വീപ്പയില്‍ നിന്ന് അദ്ദേഹത്തിന്റെ ചോരപുരണ്ട അരി ഭാര്യയെക്കൊണ്ട് കഴിപ്പിച്ചാണ് കൊലയാളികള്‍ മടങ്ങുന്നത്. മകന്റെ അരുംകൊല നിശ്ശബ്ദമായി കണ്ടു നില്‍ക്കുകയാണ് പുഷ്‌ക്കര്‍നാഥ്. നെഞ്ചുലയ്‌ക്കുന്ന കാഴ്ച. കൊലയാളി അദ്ദേഹത്തിന്റെ ശിഷ്യന്‍ ഫറൂഖ് മാലിക് ബിട്ട (ചിന്മയ് മണ്ഡലേക്കര്‍).

കഥ മുമ്പോട്ടു പോകുമ്പോള്‍ ശാരദയുടെ ഇളയപുത്രന്‍ കൃഷ്ണ പണ്ഡിറ്റില്‍ (ദര്‍ശന്‍ കുമാര്‍) കേന്ദ്രീകൃതമാകുന്നു. എഎന്‍യു സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ് കൃഷ്ണ. അധ്യാപിക പ്രൊഫ. രാധികാമേനോന്റെ (പല്ലവി ജോഷി) രാജ്യവിരുദ്ധ പ്രലോഭനങ്ങളില്‍ പൂര്‍ണമായല്ലെങ്കിലും വീണുപോവുന്ന യുവാവ്. എന്തു നടന്നു തന്റെ കുടുംബത്തിനെന്നത് മുത്തച്ഛന്‍ പറഞ്ഞുള്ള അറിവുകള്‍ മാത്രമാണ് കൃഷ്ണയ്‌ക്ക്.  

കഥാവശേഷനായ പുഷ്‌ക്കര്‍ നാഥിന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി കശ്മീര്‍ താഴ്വരയിലെ വീടു തേടിയെത്തുകയാണ് കൃഷ്ണ. തന്റെ സുഹൃത്തുക്കളായിരുന്ന ഐഎഎസ് ഓഫീസര്‍ ബ്രഹ്മദത്ത് (മിഥുന്‍ ചക്രവര്‍ത്തി), ഡോ. മഹേഷ് കുമാര്‍ (പ്രകാശ് ബേലാവാഡി), ഡിജിപി ഹരിനാരായണന്‍ (പുനീത് ഇസ്സാര്‍), മാധ്യമപ്രവര്‍ത്തകന്‍ വിഷ്ണു റാം (അതുല്‍ ശ്രീവാസ്തവ) എന്നിവരെ കണ്ടത്തി അവര്‍ക്കൊപ്പം പോകാനായിരുന്നു മുത്തച്ഛന്റെ നിര്‍ദേശം. കുടുംബത്തിന്, നിരാലംബരായ കശ്മീരി പണ്ഡിറ്റുകള്‍ക്ക് മതന്യൂനപക്ഷമായതിന്റെ പേരില്‍ നേരിടേണ്ടി വന്ന കൊടും യാതനകള്‍ കൃഷ്ണ കണ്ടെത്തുകയാണ് ആ യാത്രയില്‍. വന്നിടത്തേക്ക,് അതായത് ദല്‍ഹിയില്‍ തിരികെയെത്തി സര്‍വകലാശാല കാമ്പസില്‍ സഹപാഠികള്‍ നിറഞ്ഞ സദസ്സിനോട് കണ്ടതും കേട്ടതുമായ സത്യങ്ങള്‍ കൃഷ്ണ വിളിച്ചു പറയുന്നു. ഇതാണ് കഥാന്ത്യത്തിലേക്ക് സിനിമ എത്തുന്നയിടം. ഇതാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതെന്ന് കശ്മീരി പണ്ഡിറ്റുകള്‍ ഉറക്കെ പറഞ്ഞു തുടങ്ങിയത് കൃഷ്ണ നിര്‍ത്തുന്നിടത്താണ്. കണ്ടിറങ്ങിയ ഓരോ കശ്മീരി പണ്ഡിറ്റും അതെന്റെ, ഞങ്ങളുടെ കഥയാണെന്ന് ലോകത്തോട് പറയും മുമ്പുള്ള ഒരു നീണ്ട നിശ്ശബ്ദത തിയേറ്ററിലെ ഇരിപ്പിടം വിട്ടിറങ്ങും മുന്‍പ് അനുഭവിച്ചറിയാനാകും.    

രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് ധാരാളം അവസരങ്ങളൊരുക്കിയ, കശ്മീര്‍ ഫയല്‍സിലെ വ്യക്തികളും ദൃശ്യങ്ങളും മെനഞ്ഞെടുത്തവയല്ല. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നായി അതിലെ യഥാര്‍ത്ഥ മനുഷ്യരെ അവരുടെ പ്രിയപ്പെട്ടവര്‍ സ്‌ക്രീനിനു പുറത്തേക്ക് വേദനയോടെ നിരത്തുന്നുണ്ട് ഇപ്പോഴും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക