പള്ളി എന്നത് ഒരു ഗ്രാമത്തിന്റെ പേരാണ്. അങ്ങ് ദൂരെ ജമ്മു-കശ്മീരില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചുഗ്രാമം. പക്ഷേ ഇന്ന് ഈ ഗ്രാമപഞ്ചായത്തിന്റെ പേര് നാട്ടിലെങ്ങും പാട്ടാണ്. ‘കാര്‍ബണ്‍ ന്യൂട്രല്‍’ ആയി പ്രഖ്യാപിക്കപ്പെട്ട ഭാരതത്തിലെ ആദ്യ പഞ്ചായത്താണത്. ഇന്നിവിടെയുള്ളത് ഹരിത വൈദ്യുതി മാത്രം പ്രകൃതിയുടെ ദാനമായി കിട്ടുന്ന ശുദ്ധവൈദ്യുതി.
പള്ളിയുടെ വിശേഷങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിങ്ങനെ-ഈ പഞ്ചായത്ത് ഭാരതത്തിന് വഴി കാട്ടുന്നു. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന നിലയില്‍.
അന്തരീക്ഷത്തിലേക്ക് ഉല്‍സര്‍ജിക്കുന്ന കാര്‍ബണും അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ പത്തായം (കാര്‍ബണ്‍ സിങ്ക്) വലിച്ചെടുക്കുന്ന കാര്‍ബണും സമമായി തുലനം പ്രാപിക്കുന്ന അവസ്ഥയാണ് ‘കാര്‍ബണ്‍ ന്യൂട്രാലിറ്റി’ അഥവാ കാര്‍ബണ്‍ സംതുലനം. അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മലിനവാതകത്തെ വലിച്ചെടുത്ത് സൂക്ഷിക്കുന്ന പ്രക്രിയയെ കാര്‍ബണ്‍ സിക്വസ്‌ട്രേഷന്‍ അഥവാ ‘കാര്‍ബണ്‍ നിര്‍വീര്യമാക്കല്‍’ എന്നും വിളിക്കുന്നു. പുറത്തുചാടുന്ന കാര്‍ബണും വലിച്ചെടുക്കുന്ന കാര്‍ബണും തുല്യനിലയിലെത്തുമ്പോള്‍ ഗ്രീന്‍ഹൗസ് മലിനവാതകങ്ങള്‍ക്കെതിരെ ശക്തമായ ഒരു പരിചയാണ് ഒരുങ്ങുന്നത്.
ഭൂഗോളമെന്ന അണ്ഡകടാഹത്തില്‍ രണ്ടേ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദവി അലങ്കരിക്കുന്നത്. ഭൂട്ടാനും സുരിനാമും. ഈ രണ്ട് രാജ്യങ്ങളും ഒരുപടി കൂടി കലര്‍ന്ന് ‘കാര്‍ബണ്‍ നെഗറ്റീവ്’ പദവി നേടിക്കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത് പുറത്തുചാടുന്ന കാര്‍ബണിന്റെ അളവിനെക്കാളും കൂടുതല്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്ന സ്വപ്‌ന സുന്ദരമായ സ്ഥിതി. ഭൂട്ടാനും സുരിനാമും തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമുക്ക് പള്ളിയിലേക്ക് മടങ്ങി വരാം. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു-കശ്മീരിന്റെ ശൈത്യകാല തലസ്ഥാനമായ ജമ്മുവില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് പള്ളി. ജമ്മു-കശ്മീരിലെ അതിര്‍ത്തി ജില്ലയായ സാംബയില്‍. അവിടെ ഏപ്രില്‍ 24 ന് പ്രധാനമന്ത്രി ഒരു സൗരവൈദ്യുതി നിലയം ഉദ്ഘാടനം ചെയ്തു. അഞ്ഞൂറ് കിലോവാട്ട് ശേഷിയുള്ളത്. മൊത്തം 6408 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 1500 സോളാര്‍ പാനലുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ ഊര്‍ജ സ്വരാജ് പദ്ധതി അനുസരിച്ച് രണ്ടേമുക്കാല്‍ കോടി ചെലവിലാണ് സൗരവൈദ്യുതി നിലയം നിര്‍മ്മിച്ചത്. പ്രാദേശിക വൈദ്യുതി വിതരണ സംവിധാനത്തിലൂടെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ഹരിത വൈദ്യുതി ഒഴുകിയെത്തും.
എന്നാല്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള ഗ്രാമത്തിന്റെ പ്രയാണം അതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. നഗരത്തിലേക്കുള്ള മുഖ്യ വഴി അറ്റകുറ്റം നടത്തി ഭദ്രമാക്കി. ഹൈസ്‌കൂളും പഞ്ചായത്തും പുതുക്കി പണിതു. കളിക്കളം നിര്‍മിച്ചു. പടുകൂറ്റന്‍ Â Â കുളത്തിനും കൃഷി ആവശ്യങ്ങള്‍ക്കുമായി പത്ത് സൗരോര്‍ജ പമ്പുകളാണ് പള്ളിയിലുള്ളത്. ഇനിയും 40 എണ്ണം കൂടി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് സര്‍പാഞ്ച് രവീന്ദര്‍ ശര്‍മ്മ പറയുന്നു. സോളാര്‍ Â Â കുക്കറുകളും സോളാര്‍ സ്റ്റൗവുകളും തന്റെ ഗ്രാമത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചു കഴിഞ്ഞതായും അദ്ദേഹം പറയുന്നു. എല്‍ഇഡി ബള്‍ബുകളാണ് എവിടെയും ഉപയോഗിക്കുന്നത്. ഗ്രാമത്തിലെ കര്‍ഷകര്‍ ഇനി പൂര്‍ണമായും ജൈവ കൃഷിയിലേക്ക് തിരിയണമെന്നാണ് അവരോട് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്. ഗ്രാമത്തിന് ഒരു ജന്മദിനാഘോഷം വേണമെന്നതും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമായിരുന്നു. തങ്ങളുടെ ഗ്രാമം കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിച്ച ഏപ്രില്‍ 24 തന്നെയാവട്ടെ ഗ്രാമത്തിന്റെ ജന്മദിനമെന്ന് ഗ്രാമീണരും നിശ്ചയിച്ചു.
പള്ളിയില്‍ മലിനജലം പോലും പാഴാക്കിക്കളയാന്‍ ഗ്രാമവാസികള്‍ തയ്യാറല്ല. മലിനജലം കുഴികളില്‍ ശേഖരിച്ച് കൃഷിയാവശ്യങ്ങള്‍ക്ക് അവര്‍ തിരിച്ചുവിടുന്നു. പുത്തന്‍ കുളങ്ങള്‍ കുത്താന്‍ അവര്‍ സ്ഥലം തേടുന്നു. കഴിയുന്നിടങ്ങളില്‍ വൃക്ഷങ്ങള്‍ നടുന്നു. ഗ്രാമീണരുടെ മുഴുവന്‍ രേഖകളും ഡിജിറ്റല്‍ ആക്കിക്കഴിഞ്ഞു. ഒരൊറ്റ മൊബൈല്‍ ക്ലിക്കിലൂടെ തങ്ങളുടെ സകല അപേക്ഷകളുടെയും പുരോഗതി അവര്‍ക്കറിയാന്‍ ഭാരത സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമസ്ത ക്ഷേമ പദ്ധതികളും അവരെ തേടിയെത്തുന്നു. ഇനിയൊരിക്കലും പള്ളിയിലെ നാട്ടുകാര്‍ കാര്‍ബണ്‍ ഉത്സര്‍ജനത്തിന് അവസരമുണ്ടാക്കില്ല. കാര്‍ബണ്‍ ന്യൂട്രലില്‍നിന്നും കാര്‍ബണ്‍ നെഗറ്റീവ് ആകുകയെന്നതാണ് അവരുടെ ലക്ഷ്യം. അതിനുള്ള പ്രതീക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്ക് സമ്മാനിച്ചത്.
പ്രകൃതിയെ സംരക്ഷിക്കുകയെന്നത് ഭാരത സംസ്‌കാരത്തിന്റെ ആത്മസത്തയാണ്. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന മന്ത്രം അതിന്റെ ഭാഗവും. എന്നാല്‍ ജീവസ്സുറ്റ പ്രകൃതിയെ നശിപ്പിക്കുന്നതിലാണ് നിരവധി പേര്‍ക്ക് താല്‍പര്യം. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പാണ് മദ്രാസ് ഹൈക്കോടതിയുടെ മഥുര ബെഞ്ചിലെ ജസ്റ്റിസ് എസ്.ശ്രീമതി ഏപ്രില്‍ അവസാന വാരം പുറപ്പെടുവിച്ച വിധി ‘പ്രകൃതി മാതാവ്’ ജീവനുള്ള ഒരു വ്യക്തി തന്നെയാണെന്നും പ്രകൃതിക്ക് ഒരു വ്യക്തിക്കുള്ള സകല അവകാശങ്ങളുമുണ്ടെന്നും വിധി ന്യായം പറയുന്നു. അതിനാല്‍ പ്രകൃതിയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിച്ച് പരിപാലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ശ്രീമതി നിരീക്ഷിക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പിന് പ്രകൃതി നിലനില്‍ക്കണം.
2017 ല്‍ ഉത്തര്‍ഖണ്ഡ് ഹൈക്കോടതിയും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗംഗ, യമുന എന്നീ നദികള്‍ക്ക് ജീവനുള്ള ഒരു വ്യക്തിക്ക് നല്‍കേണ്ട സമസ്ത പരിഗണനകളും നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്ത അവയെ സര്‍ക്കാര്‍ സംരക്ഷിക്കണം. നദികള്‍ മാത്രമല്ല അവയുടെ കൈവഴികളുടെ സംരക്ഷണവും ഉത്തരവിന്റെ പരിധിയില്‍ വരും. ഡറാഡൂണിലെ ഒരു കനാലിന്റെ കരയിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച കേസിലായിരുന്നു ആ വിധി. അതിന്റെ ചുവടുപിടിച്ചാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നര്‍മ്മദാ നദിക്ക് വ്യക്തിത്വ പദവി നല്‍കിയതും.
സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ‘സ്റ്റേറ്റ്’ രക്ഷിതാവിന്റെ റോളില്‍നിന്ന് സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് യുകെയില്‍ 13-ാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞ ആശയമാണ് കോടതി ഇവിടെ ഉപയോഗിച്ചത്. രാഷ്‌ട്രം അവരുടെ രക്ഷിതാവുന്നു. ‘പേരന്‍സ് പാട്രിഡേ’ എന്നാണ് ഈ തത്വം അറിയപ്പെടുന്നത്. Â ഈ തത്വം പ്രയോഗത്തില്‍ വരുത്തി ലോകത്ത് ആദ്യമായി ഒരു നദിയ്‌ക്ക് വ്യക്തിയുടെ പദവി അനുവദിച്ചുകൊടുത്തത് ന്യൂസിലന്റ് പാര്‍ലമെന്റാണ്. 2017 ലായിരുന്നു ഈ സംഭവം. പാര്‍ലമെന്റ് വ്യക്തിത്വപദവി നല്‍കി സംരക്ഷിച്ച ആ നദിയുടെ പേര് ‘വാന്‍ഗാവി…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: