തൃക്കാക്കരയില്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക വന്നില്ല. ഇനിയും വരും രണ്ടോ മൂന്നോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍. വന്ന സ്ഥാനാര്‍ത്ഥികളെ വച്ച് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതി. ‘കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക’ എന്ന്. ഇടത് സ്ഥാനാര്‍ത്ഥി മുത്താണെന്നാണ് ഇ.പി. ജയരാജന്റെ ഭാഷ്യം. ഇടതുപക്ഷത്തിന്റെ മുത്ത് അരമനയിലെ അരുമയായ കുഞ്ഞാടാണെന്നത് രഹസ്യമല്ല. മുത്തിനെ കണ്ടപ്പോള്‍ ഞെട്ടിയത് തൃക്കാക്കരയിലെ വോട്ടര്‍മാരല്ല, ഇടതുമുന്നണി പ്രവര്‍ത്തകരാകുന്നത് സ്വാഭാവികം. അഡ്വ. കെ.എസ്. അരുണ്‍കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതിയാണല്ലോ അവര്‍ അരുണിനായി ചുമരെഴുത്തും ചിഹ്നവും വരച്ചത്. മായ്ച്ചത് പേരുമാത്രം.
ഡോ. ജോ ജോസഫാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യം ഊഹിക്കാന്‍ പോലും നിങ്ങള്‍ക്കായില്ലല്ലോ എന്ന സന്തോഷമാണ് മാധ്യമപ്രവര്‍ത്തകരോട് ഇടത് കണ്‍വീനര്‍ പങ്കുവച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമാണെന്നും കോണ്‍ഗ്രസില്‍ നിന്ന് അപ്രതീക്ഷിതമായ സ്ഥാനാര്‍ത്ഥി എത്തുമെന്നും സഭയുടെ ആളായിരിക്കും സ്ഥാനാര്‍ഥിയെന്നും പ്രചാരണങ്ങളുണ്ടായി. സ്ഥാനാര്‍ത്ഥി ആരെന്ന് പ്രവര്‍ത്തകര്‍ നേതാക്കളോട് തിരക്കിയെങ്കിലും ആര്‍ക്കും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഇടതുമുന്നണി ജില്ലായോഗം നടന്നെങ്കിലും അവിടെയും സ്ഥാനാര്‍ത്ഥി ആരെന്നു പറഞ്ഞില്ല. സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ പതിവായി ചെയ്യുന്നതുപോലെ ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളും നടന്നില്ല. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ത്ഥിയെ ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചചെയ്ത് പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നേരത്തേയുള്ള ആവശ്യം മാത്രമാണ് പരിഗണിക്കപ്പെട്ടത്. ജില്ലയില്‍ ചര്‍ച്ചയില്‍ വന്ന പേരുകളിലേക്ക് നേതൃത്വം കടക്കുകപോലും ചെയ്തില്ല.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് സ്ഥാനാര്‍ത്ഥിയിലേക്കെത്തിയത്. പേര് പുറത്തുപോകാതിരിക്കാന്‍ ജില്ലയിലെ നേതാക്കളില്‍നിന്നെല്ലാം മറച്ചുപിടിച്ച് അത് പ്രഖ്യാപനംവരെ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ മൂന്നുമണിക്ക് ശേഷം ലെനിന്‍ സെന്ററില്‍ പത്രസമ്മേളനത്തിനുള്ള പ്രഖ്യാപനം വന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനശേഷം മന്ത്രി രാജീവും സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും ജോ ജോസഫിനെ നേരില്‍ക്കാണാനായി ലിസി ആശുപത്രിയിലേക്ക് പോയി. അവിടെ അദ്ദേഹത്തിനൊപ്പമിരുന്ന് പത്രസമ്മേളനം നടത്തി.
ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു എന്നിവരും Â പത്രമ്മേളനത്തിലുണ്ടായി. ഇതുകൂടിയായപ്പോള്‍ മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന സ്ഥിതിയിലായി തൃക്കാക്കരയിലെ ഇടത് പ്രവര്‍ത്തകര്‍. പേയ്‌മെന്റ് സീറ്റാണെന്ന് പറയാന്‍ യുഡിഎഫിന് മടി. അല്ലെങ്കില്‍ പേടി. പേയ്‌മെന്റ് സീറ്റിന്റെ കാര്യം വരുമ്പോള്‍ ഓര്‍മ്മവരുന്നത്, കാബിനറ്റ് പദവി നല്കി വീട്ടിലിരിക്കാന്‍ വിധിക്കപ്പെട്ട എ.സമ്പത്തിനെയാണ്.
ഇതുവഴി സര്‍ക്കാരിന് ചെലവായത് 7.26 കോടിയാണ്. ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം, വാഹനം, മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുകൊല്ലമായി ഇത്രയും തുക സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയത്. പാര്‍ട്ടിക്കുള്ളിലെ വടംവലിയില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും തോറ്റതോടെ സമ്പത്തിനെ ദല്‍ഹിയിലേക്ക് അയയ്‌ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരുമായുള്ള ഏകോപനം ആയിരുന്നു കാബിനറ്റ് റാങ്കില്‍ നിയമിച്ച സമ്പത്തിന്റെ മുഖ്യചുമതല. സമ്പത്തിനായി എത്ര തുകയാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും ചെലവാക്കിയതെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍വെച്ച ബജറ്റ് രേഖകളിലാണ് വിവരം പുറത്തുവന്നത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ തോറ്റ നേതാവിന് വേണ്ടി പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷം 3.85 കോടിയും 2020-21 ല്‍ 3.41 കോടിയുമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. അതേസമയം കോടികള്‍ തുലച്ചിട്ടും സംസ്ഥാനത്തിന് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. ദല്‍ഹിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ സംവിധാനം ഉള്ളപ്പോഴായിരുന്നു അതിന് പുറമെ കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ നേടി എടുക്കാന്‍ സമ്പത്തിനെ കൂടി ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ കേന്ദ്രത്തിലെ ഒരു മന്ത്രാലയവുമായി പോലും ഏകോപനം നടത്താന്‍ സമ്പത്തിനായില്ല. ഏകോപനം ഏറ്റവും ആവശ്യമായ കൊവിഡ് പ്രതിസന്ധിക്കാലത്ത് തലസ്ഥാനത്തെ സ്വന്തം വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു സമ്പത്ത്. പ്രവാസികളെ നാട്ടിലെത്തിക്കാനും നഴ്‌സുമാരെ മടക്കികൊണ്ടുവരാനും കേന്ദ്രം അക്ഷീണം കര്‍മ്മരംഗത്ത് സജീവമായപ്പോള്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയെ Â ആ പ്രദേശത്തെങ്ങും കണ്ടതുമില്ല. ദല്‍ഹി ചുമതല ഒഴിഞ്ഞ സമ്പത്തിന് ഇപ്പോള്‍ പാര്‍ട്ടി നല്കിയിരിക്കുന്ന ചുമതല മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി പദവിയാണ്. കാബിനറ്റ് പദവി വഹിച്ച വ്യക്തി ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. എന്നുവച്ചാല്‍ ബിരിയാണി ചെമ്പില്‍ കഞ്ഞിവച്ച സ്ഥിതിയായി എന്നര്‍ത്ഥം.
സമ്പത്തിനും പരിവാരങ്ങള്‍ക്കുമായി 2019-20 ലും 2020-21 ലും നല്കിയ തുകയുടെ വിശദാംശങ്ങള്‍:Â
2019-20
1. ശമ്പളം 2,52,31,408 രൂപ Â
2. വേതനം 8,83,824 രൂപ
3. യാത്രാ ചെലവുകള്‍ 8,00,619 രൂപ
4. ഓഫിസ് ചെലവുകള്‍ 63, 25, 269 രൂപ
5. ആതിഥേയ ചെലവുകള്‍ 98,424 രൂപ
6. മോട്ടോര്‍ വാഹന സംരക്ഷണം, അറ്റകുറ്റപ്പണിക്കള്‍ 1,13,109 രൂപ
7. മറ്റ് ചെലവുകള്‍ 47,36,410 രൂപ
8. പെട്രോള്‍/ഡീസല്‍ 3,73,462 രൂപ.
2020-21
1. ശമ്പളം 2,09,89,808 രൂപ
2. വേതനം 14,61,601 രൂപ
3. യാത്രാ ചെലവുകള്‍ 11,44,808 രൂപ
4. ഓഫിസ് ചെലവുകള്‍ 49,99,603 രൂപ
5. ആതിഥേയ ചെലവുകള്‍ 73,205 രൂപ
6. മോട്ടോര്‍ വാഹന സംരക്ഷണം, അറ്റകുറ്റപ്പണിക്കള്‍ 45,289 രൂപ
7. മറ്റ് ചെലവുകള്‍ 51,02,882 രൂപ
8. പെട്രോള്‍/ഡീസല്‍ 3,10,633 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: