ഒരു സാംസ്‌കാരിക പ്രസ്ഥാനം എന്നതിലുപരിയായി മഹത്തായ ചരിത്രദൗത്യം നിറവേറ്റുവാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സംഘടന എന്ന തികഞ്ഞ ബോധ്യത്തിലൂന്നിയാണ് തപസ്യ കലാസാഹിത്യവേദി നാലര പതിറ്റാണ്ടുകള്‍ പിന്നിട്ട് നാല്‍പത്തി ആറാം വാര്‍ഷികം ആഘോഷിക്കുന്നത്. മനുഷ്യരാശിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നത് ഭൂതകാലം ഒരുക്കിവച്ച അനുഭവത്തിന്റെയും അറിവിന്റെയും പാഠങ്ങളാണ് എന്നത് അനിഷേധ്യമായ സത്യമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തിന്റെ ഭൂതകാലചരിത്രാനുഭവങ്ങളും പൂര്‍വ്വസൂരികളായ അനേകം ആചാര്യന്മാരുടെ ജ്ഞാനതൃഷ്ണയിലൂന്നിയ തപസ്സും വിളയിച്ചെടുത്ത ദാര്‍ശനികസത്യങ്ങളുടെ പ്രഭാവം വളരെ ശക്തവുമാണ്. ആ സനാതന മൂല്യങ്ങളിലൂടെയുള്ള തീര്‍ത്ഥാടന തുല്യമായ സര്‍ഗ്ഗവ്യാപാരങ്ങളില്‍ ലഭിക്കുന്ന അനുഭവങ്ങള്‍ യജ്ഞപ്രസാദം പോലെ സമൂഹത്തിലേക്ക് പകരാന്‍ ശ്രമം നടത്തുകയാണ് തപസ്യാ പ്രവര്‍ത്തകര്‍. കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ കേരളത്തിന്റെ മണ്ണും മനസ്സും മനസ്സിലാക്കികൊണ്ടുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ് തപസ്യ നടത്തുന്നത്. സ്വന്തം ഭാഷയ്‌ക്കും ഭൂമിക്കും സംസ്‌കൃതിക്കും വേണ്ടി അനേകം വെല്ലുവിളികളെയും, സാംസ്‌കാരിക കാപട്യങ്ങളുടെ ഒളിയുദ്ധങ്ങളെയും നേരിട്ടുകൊണ്ടുതന്നെയാണ് തപസ്യ അതിന്റെ ദൗത്യസാക്ഷാത്കാരത്തിന് ശ്രമിക്കുന്നത്.
ഇന്ന് ഈ സംഘടനയുടെ നാല്പത്തി ആറാം ജന്മദിനം ആഘോഷിക്കുന്നതിന് ആലുവായില്‍ ആദിശങ്കരന് പാദനമസ്‌കാരം ചെയ്ത പെരിയാറിന്റെ തീരത്ത് അരങ്ങ് ഒരുങ്ങുമ്പോള്‍ സര്‍ഗ്ഗോത്സവങ്ങള്‍ പോലെ കഴിഞ്ഞുപോയ അനേകം വാര്‍ഷികാഘോഷങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളും മഹാവ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് പവിത്രമായ വേദികളും സ്മരണയിലേക്ക് കടന്നു വരുന്നു. പറയാനുള്ളത് പറയുവാനും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുവാനുമുള്ള അവസരമുണ്ടാക്കുന്നതിനാണ് തപസ്യയുടെ വാര്‍ഷികോത്സവങ്ങള്‍ ഊന്നല്‍ കൊടുക്കുന്നത്. ഒപ്പം ദൃശ്യപ്രാധാന്യമേറിയ കാലാപരിപാടികള്‍ അവതരിപ്പിക്കാനും സ്വജീവിതം കലയ്‌ക്കും സാഹിത്യത്തിനും സമര്‍പ്പിച്ച സമാദരണീയരായ വ്യക്തികളെ ആദരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.
അടിയന്തിരാവസ്ഥയുടെ നാളുകളില്‍ സ്വതന്ത്രമായ കലാസാഹിത്യപ്രവര്‍ത്തനം നിഷേധിക്കപ്പെട്ടപ്പോള്‍ സര്‍ഗ്ഗാത്മകപ്രവര്‍ത്തനത്തിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ട് എല്ലാ വിലക്കുകളെയും തൃണവത്ഗണിച്ച് രാത്രികള്‍ പകലുകളാക്കി സാഹിത്യപ്രവര്‍ത്തന മേഖലയെ സജീവമാക്കിയ എം.എ. സാറിനെ പോലെയുള്ളവര്‍ ഇപ്പോഴും തപസ്യയുടെ ഒപ്പമുണ്ട്. ഈയിടെ പത്മശ്രീ പുരസ്‌കാരം ലഭിച്ച കവി പി. നാരായണക്കുറുപ്പ് പരിമിതമായ യാത്രകള്‍ ചെയ്ത് പ്രവര്‍ത്തകരോടൊപ്പം ഒട്ടൊക്കെ സജീവമായി തുടരുന്നു.
തപസ്യക്ക് ഒപ്പം നടന്ന സി.കെ. മൂസത്, വി.എം. കൊറാത്ത്, എം.വി. ദേവന്‍, മഹാകവി അക്കിത്തം, തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, കാവാലം നാരായണപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയ അനേകം വ്യക്തികള്‍ പകര്‍ന്നു തന്ന ഓര്‍മ്മകള്‍ മനസ്സിനെ ത്രസിപ്പിക്കുകയും ആത്മാഭിമാനം നിറയ്‌ക്കുകയും ചെയ്യുന്നതാണ്. ഏതാണ്ട് ഒന്നര പതിറ്റാണ്ടു കാലം തപസ്യയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മലയാളത്തിന്റെ നിറവാര്‍ന്ന ഓര്‍മ്മയായ മഹാകവി അക്കിത്തം നടത്തിയ സാംസ്‌കാരിക തീര്‍ത്ഥാടനം ഈ സംഘടനയുടെ ഗ്രാമങ്ങളിലേക്കുള്ള വ്യാപനത്തിന് കാരണമാക്കി. മാനവരാശിയുടെ മുന്നോട്ടുള്ള വഴി തെളിക്കുന്നത് സര്‍ഗ്ഗാത്മകതയാണ് എന്നും കലയുടെയും സാഹിത്യത്തിന്റെയും നിത്യസൗരഭ്യത്തിലൂന്നിയല്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാവില്ല എന്നും ആത്യന്തികമായ സത്യാന്വേഷണതൃഷ്ണയാവണം മനുഷ്യജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണ്ണത നിശ്ചയിക്കേണ്ടത് എന്നും തപസ്യയുടെ വേദികള്‍ തോറും പറഞ്ഞ്, പാടി നടക്കുന്ന കവിയായിരുന്നു അക്കിത്തം.
ഈ നാടിന്റെ കലാപാരമ്പര്യത്തിന്റെ മര്‍മ്മമറിഞ്ഞ എം.വി. ദേവന്‍, ഈ സംസ്‌കൃതിയുടെ വിശ്വോത്തരമായ സവിശേഷതകളെക്കുറിച്ച് പഠന മനനങ്ങള്‍ നടത്തിയ തുറവൂര്‍ വിശ്വംഭരന്‍ എന്ന മഹാമനീഷി, അനേകം വേദികളില്‍ ഭാരതീയ സംസ്‌കൃതനാടകങ്ങള്‍ അവതരിപ്പിച്ച് തപസ്യയെ സമ്പന്നമാക്കിയ കാവാലം നാരായണപണിക്കര്‍, മലയാളത്തിന്റെ ഗാനാമൃതധാരയായി പെയ്തിറങ്ങിയ എസ്. രമേശന്‍നായര്‍ അങ്ങനെ എത്രയോ മഹാരഥന്മാര്‍. അവരൊക്കെ വലിയ വിളക്കുമരങ്ങളായി മുന്നില്‍ നില്ക്കുമ്പോള്‍ ഇന്ന് തപസ്യ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ടുള്ള പാത സുവ്യക്തമാവുകയാണ്. അവര്‍ പകര്‍ന്നുതന്ന സംസ്‌കൃതിയുടെ തെളിനീര്‍ ചാലുകള്‍ അനേകം തലമുറകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു നല്കുവാന്‍ പര്യാപ്തമാണ്.
തപസ്യയുടെ പ്രവര്‍ത്തനത്തെ സൃഷ്ടിപരമായ വിമര്‍ശനം കൊണ്ട് പ്രചോദിപ്പിച്ച പ്രതിഭകളെയും മറക്കാന്‍ കഴിയില്ല. കന്നട സാഹിത്യകാരനായ ശ്രീകൃഷ്ണ ആലനഹള്ളി, മലയാളത്തിലെ ടി. പത്മനാഭന്‍, പഴയകാല തീവ്രകമ്മ്യൂണിസ്റ്റായ കെ. വേണു, അങ്ങനെ പലരും തപസ്യയുടെ വേദികളില്‍ തപസ്യക്ക് നല്ല തല്ലും തലോടലും തന്നവരാണ്. തപസ്യയുടെ ആശയാടിത്തറയെ എതിര്‍ക്കുമ്പോഴും തപസ്യയോടൊത്തു യാത്ര ചെയ്തിരുന്ന സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ബഹുമാനിക്കുവാനും ആദരിക്കുവാനും അവര്‍ക്ക് ഒരു മനോവിഷമവും ഉണ്ടായില്ല. മാത്രമല്ല ചിലര്‍ തപസ്യയുടെ പുരസ്‌കാരം വരെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സത്യവിരുദ്ധതയും രാജ്യവിരുദ്ധതയും സംസ്‌കാര വിരുദ്ധതയും കൊട്ടിയാര്‍ക്കുന്ന വര്‍ത്തമാനകാല ദശാസന്ധിയില്‍ ഭയദൗര്‍ബല്യങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിച്ചു നിര്‍ത്തി സനാതന ധര്‍മ്മത്തിന്റെ ഊര്‍ജ്ജം മനസ്സുകളില്‍ പകരുക എന്ന ലക്ഷ്യമാവണം ഓരോ സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടത്. ‘ഇവിടെ തപസ്സിനിന്നാര്‍ക്കുനേരം’ എന്ന മധുസൂദനന്‍നായരുടെ ആശങ്കാകുലമായ വരികള്‍ കാതില്‍ വന്നലക്കുന്നുണ്ടെങ്കിലും ‘തപസ്സിനും ത്യാഗത്തിനും’ സജ്ജമാണ് എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സംഘടനയാവുകയാണ് തപസ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക