തൃശ്ശൂര്‍: പൂരത്തിനായി തട്ടകങ്ങള്‍ ഒരുങ്ങി. ഘടക ക്ഷേത്രങ്ങളിലെല്ലാം പൂരം കെങ്കേമമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങള്‍ക്കൊപ്പം എട്ട് ഘടകക്ഷേത്രങ്ങളിലും മെയ് നാലിന് കൊടിയേറും. പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളില്‍ വിവിധ സമയങ്ങളിലാണ് കൊടിയേറ്റം നടക്കുക. കൊടിയേറ്റം കഴിയുന്നതോടെ എട്ട് ദേശങ്ങളും പൂരലഹരിയിലാകും.
ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരത്തിന് കൊടിയേറുക. ലാലൂരിലാണ് ആദ്യം കൊടിയേറുക. തട്ടകക്കാരും ക്ഷേത്രോപദേശക സമിതിയംഗങ്ങളും ചേര്‍ന്ന് കൊടിയേറ്റ് നിര്‍വഹിക്കും.
അയ്യന്തോള്‍ ക്ഷേത്രത്തില്‍ കൊടിയേറ്റത്തിന് മുമ്പ് മേളവും ആറാട്ടും നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം മൂന്നാന പുറത്ത് എഴുന്നെള്ളിപ്പ് ഉണ്ടാകും. മേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികത്വം വഹിക്കും. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ ആറാട്ടിന് ശേഷം ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിയേറ്റം നടത്തും. ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ വൈകിട്ട് നാട്ടുകാര്‍ ചേര്‍ന്ന് പൂരത്തിന് കൊടിയേറ്റും. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ നടക്കുന്ന ആറാട്ടിന് തന്ത്രി നേതൃത്വം നല്‍കും. മേളവും അരങ്ങേറും.
പനമുക്കുംപിള്ളി ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ തട്ടകക്കാര്‍ ചേര്‍ന്നാണ് വൈകിട്ട് കൊടിയേറ്റം നടത്തുക. ക്ഷേത്രം തന്ത്രി കൊടിക്കൂറ പൂജിച്ച് നല്‍കും. പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തില്‍ വൈകിട്ട് നാട്ടുകാര്‍ ചേര്‍ന്ന് കൊടിയേറ്റം നിര്‍വ്വഹിക്കും. കൊടിയേറ്റത്തിനു ശേഷം ക്ഷേത്ര കുളത്തില്‍ ആറാട്ടും ഉണ്ടാകും. ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. കണിമംഗലം ശാസ്ത്രാക്ഷേത്രത്തില്‍ ശുദ്ധി ക്രിയകള്‍ക്ക് ശേഷം തന്ത്രിയാണ് പൂരത്തിന് വൈകിട്ട് കൊടിയേറ്റുക. തുടര്‍ന്ന് മേളം അരങ്ങേറും.
ചൂരക്കോട്ടുകാവ് ദുര്‍ഗാക്ഷേത്രത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് വൈകിട്ട് പൂരത്തിന് കൊടിയേറ്റും. ക്ഷേത്രക്കുളത്തില്‍ ഭഗവതി ആറാട്ട് നടത്തും. കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ വൈകിട്ട് ദേശക്കാര്‍ ചേര്‍ന്നാണ് പൂരത്തിന് കൊടിയേറ്റ് നടത്തുക. ശുദ്ധി ക്രിയകള്‍ക്ക് തന്ത്രി കാര്‍മികത്വം വഹിക്കും. ക്ഷേത്രക്കുളത്തില്‍ ഭഗവതി ആറാട്ടും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: