മുസ്ലിം വിശ്വാസികള്‍ക്ക് പരിശുദ്ധ റംസാന് മാസം ആത്മനിര്‍വൃതിയുടേതാണ്. വിശുദ്ധ റംസാന് മാസം അവസാനത്തെ പത്തിലൂടെയാണിപ്പോള് കടന്നുപോകുന്നത്. പവിത്രമെന്ന് കരുതുന്ന ഈ ദിവസങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ധ്യാനനിരതരാണ് നോമ്പുകാര്‍. പള്ളികളും മുസ്ലിം ഭവനങ്ങളും ഇപ്പോള്‍ പ്രാര്‍ത്ഥനാ മുഖരിതമാണ്. ലൈലത്തുല്‍ ഖദ്ര് എന്ന പുണ്യരാവ് റംസാന്റെ അവസാന പത്ത് ദിവസത്തില്‍ ഏതെങ്കിലും ഒന്നിലായിരിക്കും എന്നാണ് പണ്ഡിതരുടെ അഭിപ്രായം. ലൈലത്തുല്‍ ഖദ്ര് എന്ന വാക്കിന്റെ അര്‍ത്ഥം കണക്കെടുപ്പിന്റെ രാവ് എന്നാണ്.
അന്തര്‍മുഖനായി ഭജനയിരുന്ന് ആത്മസംസ്കരണം നടത്തുകയാണ് ഒരോ വിശ്വാസിയും. മുഹമ്മദ് എന്ന ഒരു സാധാരണ മനുഷ്യന് മക്കയിലെ ഈറാ ഗുഹയില്‍ തപസ്സനുഷ്ഠിക്കുന്നതിനിടയില്‍ ജിബ്രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. ദൈവ വെളിപാടുകള്‍ നല്കി എന്നതാണ് വിശ്വാസം. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ദിവസം എന്ന സവിശേഷതയും ലൈലത്തുല്‍ ഖദ്രിനുണ്ട്.
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍-ആനിനെ) ലൈലത്തുല്‍ ഖദ്രില്‍ അഥവാ നിര്‍ണ്ണയത്തിന്റെ രാവില്‍ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര് എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? ലൈലത്തുല്‍ ഖദ്ര് ആയിരം മാസത്തെക്കാള്‍ ഉത്തമമാണ്. മലക്കുകളും ജിബ്രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരും. പ്രഭാതോദയം വരെ അത് സമാധാനമത്രെ” (ഖുര്‍-ആന്‍ 97:1-5)
അന്നേ ദിവസം ചെയ്യുന്ന ഒരു നന്മക്ക്, പ്രാര്‍ത്ഥനയ്ക്ക് എഴുപതിനായിരം പ്രതിഫലം കിട്ടും. പ്രവാചകന് മുഹമ്മദ് നബി പറഞ്ഞത് ഇങ്ങനെയാണ്. പള്ളിയില്‍ ‘ഇഹ്ത്തി ഖാഫിന് ഇരക്കുന്നത് വളരെ പോരിഷയുള്ള (മഹത്വം) പ്രാര്‍ത്ഥനയാണ്. എന്നാല്‍ അതിനേക്കള്‍ മഹത്തരം മറ്റൊരാള്‍ക്ക് എന്തെങ്കിലും സഹായവും, സേവനവും ചെയ്യുന്നതാണ്. വളരെ ലളിതമായി പറയുകയാണെങ്കില്‍ മാനവ സേവ മാധവ സേവ എന്ന ഭാരതീയ ദര്‍ശനത്തിന് തുല്യമാണ് പ്രവാചക സന്ദേശവും. സൂക്ഷ്മാര്‍ത്ഥത്തില്‍ മതസമന്വയം ഇവിടെ കാണാവുന്നതാണ്.
കൃത്യമായി ഇന്ന ദിവസമായിരിക്കും ഓരോ വര്‍ഷവും ലൈലത്തുല്‍ ഖദ്ര് എന്ന് നിശ്ചയിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. അക്കാര്യം വിശദമാക്കുന്ന ആയത്തോ സ്വഹീഹായ ഹദീസോ ഇല്ല എന്നതാണ് കാരണം. അതേസമയം അതിനെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളുടെ സൂചനകള്‍ പ്രവാചകന് നല്‍കിയിട്ടുണ്ട്. റംസാനിലെ അവസാനത്തെ പത്തില്‍ ഒറ്റയായി വരുന്ന രാവുകളില്‍ അതിനെ അന്വേഷിക്കുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് റംസാന് മാസത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ആദ്യത്തെ പത്ത് കരുണയെ തേടുക, രണ്ടാമത്തെ പത്ത് പാപ മോചനം, മൂന്നാമത്തെ പത്ത് നരക മോചനം തേടുക എന്നിങ്ങനെയാണ് ഈ തരം തിരിവ്. ഇതെല്ലാം അനുഷ്ഠിക്കേണ്ടത് മരണശേഷമുള്ള ലോകത്തിലേക്ക് വേണ്ടി മാത്രമല്ല. മനുഷ്യന്റെ നിത്യജീവിതത്തിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്. ആദ്യം കരുണയെ തേടലെന്തെന്ന് നോക്കാം. ഒരു വ്യക്തി മറ്റൊരാളോടും സമൂഹത്തോടും കാണിക്കേണ്ട ഉദാത്തമായ ഭാവമാണത്. കാരുണ്യ പ്രവര്‍ത്തനം ജീവിതത്തില്‍ പതിവാക്കുക, ലക്ഷ്യമാക്കുക. അതിലൂടെ മഹത്തായൊരു സമൂഹ സൃഷ്ടി സാധ്യമാക്കുക.
പാപമോചനം എന്നാല്‍ ഒരാളോട് മറ്റൊരാള്‍ ചെയ്ത തെറ്റുകുറ്റങ്ങള്‍ പൊറുത്തു കൊടുക്കുക. ക്ഷമിക്കുകയെന്നത് നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് മാത്രം സാധ്യമാകുന്ന ഒരു പുണ്യപ്രവര്‍ത്തിയാണ്. സുഹൃത്തുക്കളോട്, അയല്‍ക്കാരോട്, ബന്ധുക്കളോട് എല്ലാവര്ക്കും പൊറുത്തുകൊടുക്കുക എന്നതാണ്. ബൈബിളില്‍ ഇതിന് സമാനമായ ഒരു വാക്യമുണ്ട്, ഞാന്‍ മറ്റുള്ളവര്‍ക്ക് പൊറുത്തുകൊടുക്കുന്നത് എനിക്കും പൊറുത്തു തരേണമേ ഈശ്വരാ എന്ന്. മനുഷ്യന് സ്വയം വിമര്‍ശനത്തിലൂടെ, ആത്മപരിശോധനയിലൂടെ ചെയ്തുപോയ തിന്മകള് തിരിച്ചറിഞ്ഞ് ശിഷ്ടകാലം നന്മയുടെ ലോകത്തിലേക്ക് ജീവിതത്തെ ക്രമീകരിക്കുക, ജീവിതം നയിക്കുക എന്നതാണ് നരകമോചനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അഥവാ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ശരീരവും മനസ്സും ശുദ്ധീകരിക്കുക. നോമ്പ് കാലം എന്നത് ഭക്ഷണവും വെള്ളവും മാത്രം ഉപേക്ഷിക്കുന്നതല്ല. പഞ്ചേന്ദ്രിയങ്ങള്ക്കൊണ്ടുപോലും ഒരു തിന്മയും പാപവും ചെയ്യരുത് എന്നതും ഇതിന്റെ പൊരുളാണ്.
നോമ്പ് ഏറ്റവും പൗരാണികമായ ഒരു മതാചാരമാണ്. ഭാരതീയ മതചിന്തകളിലും, സൗരാഷ്ട്ര മതധാരകളിലും വ്രതാനുഷ്ഠാനത്തിന്റെ വിവിധ ആചാര രൂപങ്ങള്‍ കാണാം. മത്സ്യ മാംസങ്ങള്‍ ഉപേക്ഷിച്ച് നോമ്പ് അനുഷ്ഠിക്കുന്നവര്‍, ജലപാനങ്ങള്‍ ഉപേക്ഷിച്ച് നോമ്പെടുക്കുന്നവര്‍. ഇപ്രകാരം ആത്മബലം നേടാന്‍ പല രീതികളുണ്ട്. മുസ്ലിംങ്ങളുടെ ആരാധനാ പദ്ധതി പ്രകരാം നോമ്പ് എന്നത് പകല്‍ ഉപവാസമാണ്. ഇഷ്ടപ്പെട്ടതെല്ലാം ത്യജിക്കുകയെന്നതാണ് എല്ലാ വ്രതങ്ങളുടേയും ആധാരം. അതിലൂടെ കരഗതമാകുന്ന ആത്മബലമാണ് ശിഷ്ട ജീവിതത്തിന്റെ കാതലും പുണ്യവും. നോമ്പിന്റെ നിര്‍വൃതി പ്രാപ്തമാകുവാന്‍ തമ്പുരാന് എല്ലാവരേയും അനുഗ്രഹിക്കട്ടെ.
(ബിജെപി ദേശീയ ഉപാധ്യക്ഷനും ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: