കര്‍ണനും പാര്‍ത്ഥനും പരസ്പരം ഘോരാസ്ത്രങ്ങള്‍ എയ്തുകൊണ്ടിരിക്കെ പാര്‍ത്ഥന്‍ വിട്ട തൊണ്ണൂറ്റൊമ്പത് അസ്ത്രങ്ങള്‍ കര്‍ണന്റെ ശരീരത്തെ കീറിമുറിച്ചു. രത്‌നങ്ങളും ഉത്തമ വസ്ത്രങ്ങളും സ്വര്‍ണവുംകൊണ്ട് വിശിഷ്ടവും വിചിത്രവുമായ അവന്റെ കിരീടം ധനഞ്ജയന്റെ അമ്പേറ്റു പൊട്ടി. അവന്റെ രണ്ടു കുണ്ഡലങ്ങളും താഴെപ്പതിച്ചു. ശില്പപ്രമാണിമാര്‍ പണിത, മാറത്തു വിളങ്ങിയിരുന്ന ചട്ടയും അര്‍ജുനശരത്താല്‍ തകര്‍ത്തു. അര്‍ജുനന്‍ കൂരമ്പുകളാലെ മര്‍മ്മങ്ങള്‍ അമ്പെയ്തു കീറി.
കര്‍ണന്‍ ദേഹമാകെ ചോരവാര്‍ന്നു നില്‍ക്കെ അര്‍ജുനന്‍ കര്‍ണന്റെ നേര്‍ക്ക് പൊന്നുകെട്ടിയ അസംഖ്യം അമ്പുകള്‍ വര്‍ഷിച്ചു. അര്‍ജുനന്റെ അമ്പുകള്‍ ദിക്കുകളെല്ലാം പാഞ്ഞുമുടിച്ചുകൊണ്ടിരുന്നു. കര്‍ണന്‍ ധൈര്യമുള്‍ക്കൊണ്ടു പാര്‍ത്ഥന്റെയും കൃഷ്ണന്റെയും നേര്‍ക്ക് നാഗാസ്ത്രങ്ങള്‍ എയ്തുകൊണ്ടിരുന്നു. അറിയാത്തവനായ കാലന്‍ കര്‍ണരഥത്തില്‍ വിപ്രശാപത്തെ ക്ഷണിച്ചു. കര്‍ണന്റെ വധകാലമടുത്തതുകൊണ്ട് ഭൂമി രഥചക്രം ഗ്രസിക്കുമെന്നപറഞ്ഞു. മഹാത്മാവായ ഭര്‍ഗവരാമന്‍ നല്‍കിയ ബ്രാഹ്മവും മഹാസ്ത്രവും മനസ്സില്‍നിന്നു നഷ്ടമായി. ഭൂമി ഇടത്തേ ചക്രം ഗ്രസിച്ചു. ബ്രാഹ്മണേന്ദ്രന്റെ ശാപം നിമിത്തം ഉടനെ തേരൊന്നിളകി. രാമശാപംകൊണ്ട് തേരുതാഴവെ ഉചിതമായ അസ്ത്രം ഓര്‍മ്മയില്‍ ഓളിച്ചു. നാഗാസ്ത്രം ഫല്‍ഗുനന്‍ മുറിച്ചതുകൊണ്ട് കര്‍ണന്‍ ആകെ വിഷമത്തിലായി.
‘ധര്‍മ്മം പ്രധാനമെന്നു കരുതുന്നവരെ ആ ധര്‍മ്മം രക്ഷിക്കും എന്നു ധര്‍മ്മജ്ഞര്‍ പറയുന്നു. നാം എപ്പോഴും ധര്‍മ്മചര്യയ്‌ക്കായി ധര്‍മ്മത്തെ യഥാശക്തി ധരിച്ചപോലെ യത്‌നിക്കുന്നു. ധര്‍മ്മം ഭക്തരെ കാപ്പതുമില്ല പാലിക്കുന്നുമില്ല; അതുറപ്പാണ്,’ എന്നു കലങ്ങിയ മനസ്സോടെ കര്‍ണന്‍ പറഞ്ഞു. കര്‍ണന്‍ പാര്‍ത്ഥന്റെ അമ്പേറ്റ് മര്‍മ്മാഘാതംകൊണ്ട് ക്ഷീണിതനായി എല്ലാ ക്രിയകളും അയഞ്ഞിട്ടും വീണ്ടും ധര്‍മ്മത്തെ അധിക്ഷേപിച്ചു.
ബലംകൊണ്ട് ഉള്ളുറപ്പിച്ച കര്‍ണന്‍ അര്‍ജുനനു നേര്‍ക്ക് ബ്രഹ്മാസ്ത്രമയച്ചു. അതുകണ്ട അര്‍ജുനന്‍ ഐന്ദ്രാസ്ത്രത്തെ മന്ത്രിച്ചു. ഇന്ദ്രന്‍ മഴപെയ്യിക്കുന്നതുപോലെ ഇരുവരും ശരങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. അര്‍ജുനന്റെ അസത്രത്തെ അസ്ത്രംകൊണ്ട് തടഞ്ഞ് കര്‍ണന്‍ തന്റെ വീര്യത്തെ അര്‍ജുനനു മീതേയാക്കി ആത്മാഭിമാനംകൊണ്ടു.
കര്‍ണന്റെ അസ്ത്രത്തിനു ലാക്കായ പാര്‍ത്ഥനെക്കണ്ടിട്ട് കൃഷ്ണന്‍ ഉത്തമാസ്ത്രം തൊടുത്തയക്കാന്‍ പാര്‍ത്ഥനോടു പറഞ്ഞു. ക്രുദ്ധനായ സര്‍പ്പത്തിന്റെ വിഷംപോലെയുള്ള നല്ല ഉരുക്കമ്പു ദിവ്യാസ്ത്രത്തെ ധനഞ്ജയന്‍ ജപിച്ചു വിട്ടു. വീണ്ടും രൗദ്രമന്ത്രംപൂണ്ട് അസ്ത്രമയക്കാന്‍ അര്‍ജുനന്‍ തുടങ്ങവെ കര്‍ണരഥചക്രം ഭൂമിയില്‍ താഴ്ന്നു. ചക്രം താഴ്ന്നയുടനെ ക്രോധംകൊണ്ട് കര്‍ണന്‍ കണ്ണീരൊഴുക്കി. അപ്പോള്‍ കൃഷ്ണന്‍ അര്‍ജുനനോട് ക്ഷണനേരം ക്ഷമിക്കെന്നു പറഞ്ഞു. ദൈവവശാല്‍ ഭൂമി രഥചക്രം താഴ്‌ത്തിപ്പിടിക്കവെ പാര്‍ത്ഥ! നീചരെടുക്കുന്ന വെറും ദുര്‍വാശി കൈവിടുകെന്നു കൃഷ്ണന്‍ പറഞ്ഞു. ‘അമ്പെറ്റവനെയും ചട്ടയില്ലാത്തവനെയും ഭ്രഷ്ടനെയും ഭഗ്നമായ ആയുധമുള്ളവനെയും സദ്വ്രതന്മാരും ശൂരന്മാരും ശസ്ത്രമെയ്യില്ല. നീയോ ശൂരശ്രേഷ്ഠന്‍, ഭൂമിയില്‍ സദ്‌വൃത്തന്‍ യുദ്ധധര്‍മ്മങ്ങളറിയുന്നവന്‍. അര്‍ജുനാ ! നീ അല്പനേരം ക്ഷമിക്കുക. ഭൂമിയില്‍നിന്ന് ഈ തേര് ഞാന്‍ പൊക്കുവോളം യുദ്ധം വിട്ട് നിലത്തിരിക്കുന്ന എന്നെ ധനഞ്ജയ! തേരില്‍നില്‍ക്കുന്ന നീ ശരമെയ്യൊല്ലെ. ഹേ പാണ്ഡവ! കണ്ണനെയും നിന്നെയും ഞാന്‍ പേടിക്കുന്നില്ല. നീ ക്ഷത്രിയമാന്യനും മഹാവംശം വളര്‍ത്തുന്നവനുമാണ്. അതുകൊണ്ട് ധര്‍മ്മമാര്‍ഗമോര്‍ത്ത് പാണ്ഡവ! അല്പം ക്ഷമിക്കുക.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക